പെൻഷനാകാത്ത ഇപിഎഫ് ക്രൂരത
Mail This Article
രാജ്യത്തെ ലക്ഷക്കണക്കിന് ഇപിഎഫ് പെൻഷൻകാരുടെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ടാണ് ഉയർന്ന പിഎഫ് പെൻഷനുമായി ബന്ധപ്പെട്ട അനുകൂലവിധി 2022 നവംബറിൽ സുപ്രീം കോടതിയിൽനിന്നുണ്ടായത്. ഒട്ടേറെ ആശയക്കുഴപ്പങ്ങളുമായി ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ മെല്ലെപ്പോക്കിലായത് വലിയ ആശങ്കകൾക്കു കാരണമായി. ഇതിനിടെ, ഉയർന്ന പിഎഫ് പെൻഷന്റെ പേയ്മെന്റ് ഓർഡർ (പിപിഒ) ചില കേന്ദ്രങ്ങളിൽ പെൻഷൻകാർക്കു നൽകിത്തുടങ്ങിയെങ്കിലും പ്രതീക്ഷിച്ചതിലും കുറഞ്ഞ തുകയാണു ഭൂരിഭാഗം പേർക്കും ലഭിച്ചത്. പ്രോ–റേറ്റ (ആനുപാതിക) അടിസ്ഥാനത്തിൽ ഉയർന്ന പെൻഷൻ കണക്കാക്കിയതാണു തുക കുറയാൻ കാരണമെന്നാണു പരാതി.
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ചൊവ്വാഴ്ച വിവിധ ജില്ലകളിൽ നടത്തിയ സമ്പർക്കപരിപാടിയിലാണു തിരഞ്ഞെടുത്ത കുറച്ചുപേർക്കു പിപിഒ നേരിട്ടു വിതരണം ചെയ്തത്. എന്നാൽ, ഉയർന്ന പിഎഫ് പെൻഷൻ സ്വീകരിക്കാൻ പ്രതീക്ഷകളോടെ എത്തിയവർക്കു നിരാശ ബാക്കിയായി. ഉയർന്ന പെൻഷൻ ലഭിക്കാൻ ബാങ്ക് വായ്പയെടുത്തു പണമടച്ചവർക്ക് അതിന്റെ പലിശപോലും മുതലാകില്ലെന്നാണു പരാതി. ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പെൻഷന് അർഹതയുണ്ടെന്ന സുപ്രീം കോടതിവിധി അട്ടിമറിക്കാനാണ് ഇപിഎഫ്ഒ നീക്കമെന്ന് ആരോപണമുയരുന്നു.
ഇപിഎഫ്ഒ നിശ്ചയിച്ച ശമ്പളപരിധിക്കുള്ള വിഹിതം മാത്രം പെൻഷൻ ഫണ്ടിലേക്ക് അടച്ചുപോരുന്നവരുടെ പെൻഷൻ കണക്കാക്കാൻ 2014 സെപ്റ്റംബർ ഒന്നുമുതൽ പ്രാബല്യത്തിൽ കൊണ്ടുവന്നതാണ് പ്രോ–റേറ്റ വ്യവസ്ഥ. യഥാർഥ ശമ്പളം എത്ര ഉയർന്നതാണെങ്കിലും 2014 ഓഗസ്റ്റ് 31 വരെയുള്ള സർവീസിന്റെ പെൻഷൻ പരമാവധി 6500 രൂപ ശമ്പളത്തിനും 2014 സെപ്റ്റംബർ ഒന്നിനു ശേഷമുള്ള സർവീസിന്റെ പെൻഷൻ പരമാവധി 15,000 രൂപ ശമ്പളത്തിനും കണക്കാക്കണമെന്നാണ് ഈ വ്യവസ്ഥയിൽ പറയുന്നത്.
ഇക്കാലയളവുകളിൽ ഈ ശമ്പളപരിധിക്കുള്ള വിഹിതം മാത്രമേ പെൻഷൻ ഫണ്ടിലേക്കു സ്വീകരിച്ചിട്ടുള്ളൂ എന്നതാണ് ഇപിഎഫ്ഒ ഇതിനു കാണുന്ന ന്യായം. എന്നാൽ, ഉയർന്ന പെൻഷൻ പദ്ധതിയിലേക്ക് ഓപ്ഷൻ നൽകിയവർ സേവനകാലം മുഴുവൻ പൂർണ ശമ്പളത്തിന് ആനുപാതികമായ വിഹിതം പെൻഷൻ ഫണ്ടിലേക്ക് അടയ്ക്കേണ്ടതുണ്ട്. വിഹിതം അടയ്ക്കുന്നതിൽ 2014 സെപ്റ്റംബറിനു മുൻപ്, അതിനുശേഷം എന്ന വ്യത്യാസമില്ലാതിരിക്കെ പെൻഷൻ മാത്രം രണ്ടായി കണക്കാക്കുന്നത് സാമാന്യനീതിയുടെ നിഷേധമാണ്. പെൻഷനിൽ വൻനഷ്ടം വരുത്തിവയ്ക്കുന്ന ഇപിഎഫ്ഒയുടെ കണക്കുകൂട്ടൽ രീതിക്കെതിരെ രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നു വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പെൻഷൻകാർ.
ഉയർന്ന പെൻഷൻ സംബന്ധിച്ച സംശയങ്ങൾക്കും ആശങ്കകൾക്കും മറുപടി നൽകാതെ ഇപിഎഫ്ഒ പുലർത്തുന്ന മൗനവും സംശയാസ്പദമാണ്. രാജ്യത്തെ പെൻഷൻകാർക്കുവേണ്ടി സുപ്രീം കോടതി കൈക്കൊണ്ട നിർണായക തീരുമാനം നടപ്പാക്കുന്നതിൽ ഇത്രയും ഒളിച്ചുകളി എന്തിനാണ്? ഇതു സംബന്ധിച്ച നടപടികളിൽ വ്യക്തതയും സുതാര്യതയും ഇല്ലെന്ന പരാതി അധികൃതർ ഗൗരവത്തിലെടുത്തേതീരൂ. പെൻഷൻ അനുവദിക്കുമ്പോൾ പിപിഒയ്ക്കൊപ്പം പെൻഷൻ കണക്കാക്കിയതിന്റെ വിശദമായ വർക്‌ഷീറ്റ് കൂടി നൽകണമെന്ന് 2019ൽ ഇപിഎഫ്ഒ സർക്കുലർ ഇറക്കിയിട്ടുണ്ടെങ്കിലും ഇതിനകം പിപിഒ ലഭിച്ചവർക്കൊന്നും കണക്കുകൂട്ടിയതിന്റെ രേഖ ലഭിച്ചിട്ടില്ല. ലക്ഷങ്ങൾ അടയ്ക്കാൻ ആവശ്യപ്പെടുമ്പോൾ എത്ര രൂപ പെൻഷൻ കിട്ടുമെന്നറിയാൻ പെൻഷൻകാർക്ക് അവകാശമുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച ചോദ്യങ്ങൾക്കും കൃത്യമായ മറുപടിയില്ല.
വിരമിച്ചശേഷം അക്കൗണ്ടിൽ ബാക്കിയുള്ള തുകയ്ക്ക് അപേക്ഷിക്കുമ്പോൾ നിസ്സാരകാര്യങ്ങൾ പറഞ്ഞ് അപേക്ഷ നിരസിക്കുന്നതും നീതിയല്ല. ആധാർ രേഖയിൽ ജനനത്തീയതിയിൽ തെറ്റുണ്ടെന്ന പേരിൽ പിഎഫ് അക്കൗണ്ടിലെ നിക്ഷേപം തിരികെക്കൊടുക്കാതിരുന്ന ഇപിഎഫ് ഉദ്യോഗസ്ഥർ, ജീവനക്കാരൻ ആത്മഹത്യ ചെയ്ത് ഒൻപതാം ദിവസം അദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്കു തുക കൈമാറിയത് കേരളത്തിനു മുന്നിലുണ്ട്.
പ്രശ്നപരിഹാരത്തിനായി 10 വർഷത്തോളം പലതവണ പിഎഫ് ഓഫിസിൽ കയറിയിറങ്ങിയിട്ടും 80,000 രൂപ വരുന്ന ആനുകൂല്യം ലഭിക്കാത്തതിന്റെ നിരാശയിലാണ് തൃശൂർ ജില്ലയിലെ പേരാമ്പ്ര സ്വദേശി പി.കെ.ശിവരാമൻ കഴിഞ്ഞ മാസം ആറിന് കൊച്ചി ഇപിഎഫ് റീജനൽ ഓഫിസിലെ ശുചിമുറിയിൽ കയറി വിഷം കഴിച്ചത്. പിറ്റേന്നു മരിച്ചു. അതിനുമുൻപ്, അദ്ദേഹത്തിന് അവകാശപ്പെട്ട തുക കൈമാറാൻ തോന്നാതിരുന്നത് ആവർത്തിക്കരുതാത്ത ദുരന്തപാഠമായി എന്നും അധികൃതർക്കു മുന്നിലുണ്ടാവണം.