ADVERTISEMENT

ഉഷ്ണകാലമായതിനാൽ ഉയർന്ന തിരമാലയ്ക്കുള്ള സാധ്യതയാണു തീരദേശത്തിനുള്ള കാലാവസ്ഥാ മുന്നറിയിപ്പ്. അരൂർ‍ മുതൽ കരുനാഗപ്പള്ളി വരെ നെടുനീളം കടലിന്റെ നീല ചേർത്തു വരച്ച ആലപ്പുഴ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പു കാലാവസ്ഥയിലും  ചില മുന്നറിയിപ്പുകളുണ്ട്. കടുത്ത മത്സരംകൊണ്ട് വാശിയുടെ തിരമാല ഉയരും. കഴിഞ്ഞ തവണ നഷ്ടപ്പെട്ട ഒരേയൊരു കര തിരികെ വേണം യുഡിഎഫിന്. ആകെ കിട്ടിയ കര പോകാതിരിക്കാനുള്ള കടൽഭിത്തി പണിയുകയാണ് എൽഡിഎഫ്.

എ.എം.ആരിഫ് നേരത്തേ ഇറങ്ങി. ബിജെപി കഴിഞ്ഞദിവസം നിയോഗിച്ച ശോഭ സുരേന്ദ്രൻ എത്താറാകുന്നതേയുള്ളൂ. സിറ്റിങ് എംപിയില്ലാത്തതിന്റെ പ്രശ്നമാണ് യുഡിഎഫിന്. ഇത്തവണ ആരെന്ന തീരുമാനം കരയ്ക്കടുത്തിട്ടില്ല.

അപ്രതീക്ഷിതങ്ങളിലൂടെ ശ്രദ്ധയാകർഷിച്ച വോട്ടുചരിത്രമുള്ള നാടാണ്. വി.എം.സുധീരൻ അട്ടിമറിക്കു വിധേയനായതും കഴിഞ്ഞ തവണ പത്തൊൻപതും ജയിച്ച യുഡിഎഫിന് ഇവിടം നഷ്ടപ്പെട്ടതുമൊക്കെ അക്കൂട്ടത്തിലാണ്. ഇത്തവണയും ചർച്ചയ്ക്കു വയ്ക്കാൻ കയറും കടലും കൃഷിയുമൊക്കെയുണ്ട്. ആ പണികൾക്കിറങ്ങുന്നവർക്കു കഷ്ടതകളേ പറയാനുള്ളൂ. രണ്ടു കർഷകരുടെ ആത്മഹത്യ കണ്ട മണ്ഡലമാണ്. എല്ലാം സ്പർശിക്കാതെ സ്ഥാനാർഥികൾക്ക് അടുത്ത സ്വീകരണസ്ഥലത്തേക്കു പോകാൻ കഴിയുമെന്നു തോന്നുന്നില്ല.

ഒത്തുതീർപ്പുകൾ കെടിനാട്ടുമ്പോൾ...

വടക്കേയറ്റത്തെ അരൂരിൽ നാരങ്ങയും നെല്ലിക്കയും വിൽക്കുന്ന വടുതലക്കാരൻ നിസാർ ചെറിയൊരു വിശകലനം നടത്തി: ഇവിടത്തെ കാര്യം ആർക്കെങ്കിലും പറയാൻ പറ്റുമോ? എംഎൽഎയായിരിക്കുമ്പോൾ മത്സരിച്ച ആരിഫിനു കഴിഞ്ഞതവണ അരൂരിൽ വോട്ടു കുറവായിരുന്നു. തെക്കോട്ടാണു വോട്ടു കൂടുതൽ കിട്ടിയത്.

എന്തൊക്കെയാണ് അരൂരിലെ പ്രശ്നങ്ങളെന്നു ചോദിച്ചാൽ, ഇപ്പോൾ കാര്യമായി ഒന്നുമില്ലെന്നാണ് നിസാറിന്റെ മറുപടി. മഴക്കാലത്തു പലയിടത്തും വെള്ളക്കെട്ടുണ്ടാകും. എങ്ങനെ വരാതിരിക്കും? വയലെല്ലാം നികത്തുന്നു. പിന്നാലെ പാർട്ടിക്കാർ വന്നു കൊടി കുത്തുന്നു, ഒത്തുതീർപ്പാക്കുന്നു. കഴിഞ്ഞ മഴയിൽ, വീട്ടിലൊരു ചടങ്ങിനു മുറ്റത്തു ഭക്ഷണമുണ്ടാക്കുമ്പോൾ പെട്ടെന്നു വെള്ളം കുത്തിയൊഴുകി, അടുപ്പു കെട്ടു. മോട്ടറുപയോഗിച്ചാണു വെള്ളം വറ്റിച്ചത്. ഇതൊക്കെ തിരഞ്ഞെടുപ്പിൽ വിഷയമാകുമെന്ന തോന്നലൊന്നും നിസാറിനില്ല.

വികസനവഴിയിൽ മതിലുകളില്ല!

മണ്ഡലത്തിന്റെ നട്ടെല്ലുപോലെ ദേശീയപാത നിവർന്നു കിടക്കുന്നു. എല്ലായിടത്തും ‘അടിയന്തര ശസ്ത്രക്രിയ’യാണ്. നിലമൊരുക്കൽ മുതൽ ടാറിങ് വരെ പല ഭാഗങ്ങളിൽ പല ഘട്ടമെത്തി. അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്റർ നീളത്തിൽ ഉയരപ്പാതയ്ക്കു തൂണുകൾ ഉയർന്നുതുടങ്ങി. പക്ഷേ, ഈ വികസനവും തിരഞ്ഞെടുപ്പിൽ തടസ്സമാകുമെന്നാണ് ആലപ്പുഴയിലെ രസികനായൊരു പ്രാദേശിക നേതാവിന്റെ ‘വിലയിരുത്തൽ.’: എല്ലാത്തവണയും ചുവരെഴുത്തു നടത്തിയിരുന്ന പല മതിലും ദേശീയപാതയ്ക്കായി പൊളിച്ചു!

കാട്ടൂരിലെ മത്സ്യത്തൊഴിലാളി ഗിൽബെർട്ടിനു തിരഞ്ഞെടുപ്പു വിശേഷങ്ങൾ പറയാൻ ഒരു രസവും തോന്നുന്നില്ല. ‘മനസ്സിനൊരു സന്തോഷമില്ല. കടലിൽ കാര്യമായ പണിയില്ല. മീനുണ്ടെങ്കിൽ വില കിട്ടും. പക്ഷേ, മീൻ കിട്ടേണ്ടേ?’ എന്നോടൊന്നും ചോദിക്കല്ലേ എന്നു പറഞ്ഞു ഗിൽബർട്ട് നിശ്വസിക്കുന്നു. വരണ്ട ഉച്ചയുടെ എല്ലാ മടുപ്പും അതിലുണ്ട്. വള്ളത്തിന്റെ എൻജിൻ കേടായതിനാൽ ഇന്നലെ കടലിൽ പോകാതെ വീട്ടിലിരിപ്പായിരുന്നു ഗിൽബർട്ട്.

ആയിരം ദിവസം തികച്ച് അതിജീവനസമരം

തോട്ടപ്പള്ളിയിലെ കരിമണൽ ഖനന വിരുദ്ധസമരം ഇന്ന് 1000 ദിവസം തികയ്ക്കുകയാണ്. ഭരണത്തിന്റെ തലപ്പത്തുവരെ ചെന്നു മുട്ടിയ അഴിമതിയാരോപണങ്ങളും ചേർന്നു കറുപ്പിച്ചിട്ടുണ്ട് തോട്ടപ്പള്ളിയിലെ മണലിനെ. ഇന്നു സമരസമിതി വലിയ സമ്മേളനം നടത്തുന്നുണ്ട്. ‘ഖനനം ചർച്ച ചെയ്യാതെ ആർക്കും തീരമേഖലയിൽ വോട്ടു ചോദിക്കാനാകില്ല’– ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ വീടുതോറും സഞ്ചരിക്കുന്നതിനിടെ സമരസമിതി ചെയർമാൻ എസ്.സുരേഷ്കുമാർ പറഞ്ഞു. ‘അടിസ്ഥാന പ്രശ്നങ്ങളിൽനിന്നു വഴിതെറ്റിക്കുന്നതാണു രാഷ്ട്രീയക്കാരുടെ പൊതുസ്വഭാവം. മാസപ്പടി വിവാദം പൂക്കോട് സംഭവത്തോടെ മാധ്യമങ്ങളും മറന്നു. ഖനനത്തിലെ അഴിമതി വ്യക്തമാണല്ലോ. സമരം തുടങ്ങിയ കാലത്തു ഞങ്ങളതു പറഞ്ഞപ്പോൾ ആരും കാര്യമാക്കിയില്ല. ഇപ്പോൾ എല്ലാവർക്കും മനസ്സിലാകുന്നുണ്ട്.

‘പൊതുമേഖലയല്ലേ മണലെടുക്കുന്നത്, സ്വകാര്യ മേഖലയ്ക്കു കൊടുക്കുന്നില്ലല്ലോ എന്നൊക്കെയാണ് അധികാരികളുടെ ചോദ്യം. ഇതിലെ യുക്തി മനസ്സിലാകുന്നില്ല. ഏതു മേഖല കൊണ്ടുപോയാലും അതിന്റെ പരിസ്ഥിതി ആഘാതം ഒന്നു തന്നെയല്ലേ? ആറാട്ടുപുഴയിലും ആലപ്പാട്ടുമൊക്കെ കടലിനും കായലിനും ഇടയിൽ നേർത്തൊരു കര മാത്രമേ ഇനിയുള്ളൂ. ശക്തമായ ഒരു കടലാക്രമണം വന്നാൽ ഒരു നാടുതന്നെ ഇല്ലാതായേക്കും. പലരും ഉള്ളതുവിറ്റു നാടു വിടുകയാണ്. ഈ ആപത്തിനെതിരെ ചിന്തിക്കുന്നവർ ഒരു കാലത്തും നാടു ഭരിക്കുമെന്നു തോന്നുന്നില്ല’ – എന്നാലും പോരാട്ടം തുടരാനുള്ള വീറാണ് അജയകുമാറിന്റെ വാക്കുകളിൽ.

എന്തെങ്കിലും വഴിയുണ്ടെങ്കിൽ ഉള്ളതുവിറ്റു നാടുവിടുന്നവരേറെ. ആറാട്ടുപുഴ പെരുമ്പള്ളിയിലെ അശോകൻ രാമാനുജൻ അവരുടെ ഭാഗത്താണ്. ഒരു നിർമാണവും അനുവദിക്കാത്ത, ബാങ്ക് വായ്പപോലും ലഭിക്കാത്ത മണ്ണ് നല്ല നഷ്ടപരിഹാരം കിട്ടിയാൽ കൊടുത്തിട്ടു മറ്റെവിടെയെങ്കിലും പോകുന്നതിലെന്താണ് തെറ്റ്? പക്ഷേ, കേൾക്കുന്നതെല്ലാം കമ്മിഷൻ കഥകളാണ്. ‘എന്റെ സ്ഥലം ചോദിച്ചും ഏജന്റുമാർ വന്നു. കൊടുത്തില്ല. സർക്കാർ മാന്യമായി എന്തെങ്കിലും ചെയ്യട്ടെ’ – അശോകൻ പറയുന്നു.

കയർ ചുരുട്ടിവച്ച് അവർ കാറോടിക്കുന്നു

ആലപ്പുഴയല്ലേ, കയറിനെപ്പറ്റി പറയാതെ എന്തു തിരഞ്ഞെടുപ്പ്? പക്ഷേ, പ്രശ്നങ്ങൾ പറയേണ്ട പലരും മറ്റു ജോലികൾക്കു പോയിരിക്കുന്നു എന്നാണ് ആലപ്പുഴ കോമളപുരത്തെ ജോഷി പറഞ്ഞത്. ചില മുതലാളിമാർ ടാക്സി ഓടിക്കുന്നു. കയർ ഭൂവസ്ത്രം ഉണ്ടാക്കുന്ന യൂണിറ്റുണ്ട് ജോഷിക്ക്. ഇത്തരം പല കമ്പനികളിലും ലക്ഷങ്ങളുടെ സാധനം കെട്ടിക്കിടക്കുന്നു. തൊഴിലാളികൾക്കു കൂലി നൽകാൻ മാത്രമായി ആഴ്ചയിൽ മൂന്നുനാലു ദിവസം പ്രവർത്തിച്ചു നഷ്ടമായതോടെ പല കമ്പനിയും അടച്ചു. കൂലി കുറച്ചു ചില കമ്പനികൾ തൊഴിലാളികളെ നിലനിർത്തുന്നുണ്ടെന്നു ജോഷി പറയുന്നു.

English Summary:

Manorama writers travel to know the mind of the constituency, to understand the mind of the voters in Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com