ADVERTISEMENT

ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനം തകരാറിലായതോടെ സംസ്ഥാനത്താകെ റേഷൻ വിതരണം തടസ്സപ്പെടുന്നതു തുടർക്കഥയാവുകയാണ്. ഡിജിറ്റൽ വികസനത്തിൽ പെരുമകെ‍ാള്ളുന്ന കേരളത്തിൽ സാങ്കേതികപ്പിഴവുകെ‍‍ാണ്ടു റേഷൻവിതരണം തുടർച്ചയായി മുടങ്ങുന്നതും നാടിന്റെ അന്നം മുട്ടിക്കുന്നതും സർക്കാരിന്റെ വീഴ്ചയല്ലാതെ മറ്റെന്താണ്?

ഇതോടെ‍ാപ്പം, മുൻഗണനാ കാർഡ് അംഗങ്ങളുടെ ഇ കെവൈസി മസ്റ്ററിങ്ങും തടസ്സപ്പെടുന്നു. മഞ്ഞ, പിങ്ക് കാർഡ് അംഗങ്ങളുടെ മസ്റ്ററിങ്, സെർവറിന്റെ ശേഷിയെ ബാധിച്ചതോടെയാണ് ഇ പോസ് സംവിധാനം ഇപ്പോൾ തുടർച്ചയായി തകരാറിലാവുന്നത്. ഈ മസ്റ്ററിങ് നാളെവരെ നിർത്തിവച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാർ നിർദേശപ്രകാരമുള്ള മസ്റ്ററിങ് ഈ മാസം 18നു മുൻപു പൂർത്തിയാക്കേണ്ടതുണ്ട്. ഇ പോസ് തകരാർ തുടർന്നാൽ ഇതു സമയബന്ധിതമായി പൂർത്തിയാക്കാനാകുമോ എന്ന ആശങ്കയും ശക്തം. 

ഇ പോസ് സംവിധാനവും അതിനെ നിയന്ത്രിക്കുന്ന സെർവറും തകരാറിലാകുന്നതാണു റേഷൻ വിതരണത്തിലെ പ്രതിസന്ധിക്കു കാരണമെന്നു പലതവണ വ്യക്തമായതാണ്; ഇതുവരെ പരിഹാരമുണ്ടായിട്ടില്ലെന്നു മാത്രം. സംസ്ഥാനത്തെ കാർഡ് ഉടമകൾക്കു റേഷൻ വിതരണം ചെയ്യുന്നതിന്റെ കണക്കുകൾ രേഖപ്പെടുത്തുന്നത് ആധാർ അധിഷ്ഠിത പൊതുവിതരണ സംവിധാനം (എഇപിഡിഎസ്) വഴിയാണ്. റേഷൻകടകളിൽ സ്ഥാപിച്ചിട്ടുള്ള ഇ പോസ് യന്ത്രങ്ങളിൽ കാർഡ് ഉടമ വിരൽ പതിപ്പിക്കുമ്പോൾ ആ വ്യക്തിയുടെ ആധാർ കാർഡിലെ ബയോമെട്രിക് വിവരങ്ങൾ പരിശോധിച്ച്, യഥാർഥ ഗുണഭോക്താവിനെ തിരിച്ചറിഞ്ഞ് അർഹമായ റേഷൻ നൽകുകയും അക്കാര്യം രേഖപ്പെടുത്തുകയുമാണ് ഈ സംവിധാനത്തിലൂടെ ചെയ്യുന്നത്. 

എഇപിഡിഎസിന്റെ പ്രധാന സെർവർ കേന്ദ്ര സർക്കാരിനുകീഴിലെ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ (എൻഐസി) മേൽനോട്ടത്തിൽ ഹൈദരാബാദിലും മറ്റൊരു സെർവർ കേരളത്തിൽ തിരുവനന്തപുരത്തു സംസ്ഥാന ഐടി വകുപ്പിനു കീഴിലെ സ്റ്റേറ്റ് ഡേറ്റ സെന്ററിലുമാണു സ്ഥിതി ചെയ്യുന്നത്. രണ്ടു സെർവറുകളിലും പലപ്പോഴുമുണ്ടാവുന്ന സാങ്കേതികപ്പിഴവുകളാണ് റേഷൻ വിതരണത്തെ വഴിയാധാരമാക്കുന്നത്. ഇതിനുപുറമേ, വിവരങ്ങൾ പരിശോധിക്കാനായി ആധാർ സെർവറിനെ ആശ്രയിക്കേണ്ടിവരുമ്പോൾ അതുമായി ബന്ധം ലഭിക്കാത്ത പ്രശ്നങ്ങളും ഇ പോസ് സംവിധാനത്തെ തടസ്സപ്പെടുത്തുന്നു. 2017ൽ ആരംഭിച്ച ഇ പോസ് സംവിധാനം ഇപ്പോഴും ബാലാരിഷ്ടതകളിൽ തുടരുന്നതിനു കേന്ദ്ര ഏജൻസിയും സംസ്ഥാന ഭക്ഷ്യവകുപ്പും പരസ്പരം പഴിചാരുകയാണ്.

ഇ പോസ് സംവിധാനത്തിന്റെ പരിപാലനത്തിനും അറ്റകുറ്റപ്പണിക്കുമുള്ള ടെൻഡർ കാലാവധി തീർന്ന് ഒരു മാസത്തിലേറെയായിട്ടും സർക്കാർ തിരിഞ്ഞുനോക്കുന്നില്ലെന്നത് ഗൗരവമുള്ള കാര്യമാണ്. ഇപ്പോൾ പരിപാലനച്ചുമതല നിർവഹിക്കുന്ന കമ്പനിക്കു കാലാവധി നീട്ടിനൽകിയിട്ടുമില്ല. നിലവിലെ നിരക്കിൽ തുടരാൻ നിർവാഹമില്ലെന്ന് ഈ കമ്പനി അറിയിച്ചതായും സൂചനയുണ്ട്. നിലവിലെ 5 വർഷ ടെൻഡർ കഴിഞ്ഞ മേയിൽ അവസാനിച്ചിരുന്നു. തുടർന്നു മൂന്നുവട്ടം കരാർ നീട്ടിയത് ജനുവരി 31ന് അവസാനിച്ചു. പുതിയ ടെൻഡർ നടപടികൾ ജനുവരിയിൽതന്നെ സപ്ലൈകോ പൂർത്തീകരിച്ചെങ്കിലും വ്യവസ്ഥകളിൽ പലതും പങ്കെടുത്ത കമ്പനികൾക്കു സ്വീകാര്യമായില്ല.  

സാങ്കേതിക തകരാറിനെ‍ാപ്പം റേഷൻ വ്യാപാരികളുടെ സമരംകൂടിയായതോടെ റേഷൻവിതരണം താറുമാറായി. റേഷൻ വ്യാപാരികളുടെ നാലു സംഘടനകൾ ഉൾപ്പെട്ട സംയുക്ത സമരസമിതിയുടെ കടയടപ്പു മൂലമാണു വ്യാഴാഴ്ച സംസ്ഥാനത്തു റേഷൻ വിതരണം ഏറക്കുറെ സ്തംഭിച്ചത്. 6 വർഷം മുൻപുള്ള വേതന പാക്കേജ് പരിഷ്കരിക്കുക, റേഷനിങ് ഓർഡറിലെ വ്യാപാരിദ്രോഹ നടപടികൾ പിൻവലിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. 

മഞ്ഞ, പിങ്ക് കാർഡുകളിലായുള്ള ഒന്നരക്കോടി അംഗങ്ങളുടെ മസ്റ്ററിങ്ങിനു വിപുലമായ ക്യാംപുകളും മറ്റു സംവിധാനങ്ങളും ആവശ്യമാണ്. കിടപ്പുരോഗികളുടെ വീട്ടിലെത്തി മസ്റ്ററിങ് നടത്താനും നടപടികൾ വേണം. ഇ പോസ് സംവിധാനം അടിക്കടി തകരാറിലാക്കുന്ന സാഹചര്യം പരിഹരിച്ച്, ജനങ്ങളുടെ ഏറ്റവും അടിസ്ഥാന ആവശ്യവും അവകാശവുമായ റേഷന്റെ സുഗമ വിതരണം ഉറപ്പാക്കിയേതീരൂ. റേഷൻ വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കാനും വൈകിക്കൂടാ.

English Summary:

Glitch in E POS Machine disrupted Ration distribution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com