സഹിഷ്ണുതയ്ക്ക് ചവിട്ടേൽക്കുമ്പോൾ
Mail This Article
ചില നിർഭാഗ്യസംഭവങ്ങൾ നമ്മെ പിന്തുടർന്നുകൊണ്ടേയിരിക്കും. ന്യൂഡൽഹിയിലെ റോഡിൽ ജുമുഅ നമസ്കാരം നിർവഹിക്കുന്നതിനിടെ മുസ്‍ലിം വിശ്വാസികളെ പൊലീസ് ഉദ്യോഗസ്ഥൻ ചവിട്ടിവീഴ്ത്തിയത് അത്തരത്തിലൊന്നാണ്. നാം കൊട്ടിഘോഷിക്കുന്ന സഹിഷ്ണുതയെ ചോദ്യംചെയ്യുകയാണ് ഈ സംഭവം. ആ ചവിട്ടേറ്റതു മതനിരപേക്ഷ ഭാരതത്തിനാണ്; മനുഷ്യത്വത്തിന്റെയും സഹജാവബോധത്തിന്റെയുമൊക്കെ പേരിൽ കാലങ്ങളായി പെരുമ കൊള്ളുന്ന നമ്മുടെ സംസ്കാരത്തിനുതന്നെയാണ്.
ഇന്ദർലോക് മെട്രോ സ്റ്റേഷനു സമീപം, റോഡിൽ ജുമുഅ നമസ്കാരം നിർവഹിച്ചുകൊണ്ടിരുന്നവരെയാണ് സബ് ഇൻസ്പെക്ടർ മനോജ് കുമാർ തോമർ പിന്നിൽനിന്നു ചവിട്ടിയത്. വെള്ളിയാഴ്ചയായതിനാൽ പള്ളി നിറയെ ആളുണ്ടായിരുന്നതുകൊണ്ട് വിശ്വാസികളുടെ വരി പുറത്തേക്കുനീണ്ടു. എസ്ഐയെ സസ്പെൻഡ് ചെയ്യുകയും അയാളുടെ പ്രവൃത്തിയെ ഡൽഹി പൊലീസ് അപലപിക്കുകയും ചെയ്തെങ്കിലും ഈ സംഭവത്തിന്റെ കളങ്കം മാഞ്ഞുപോകുന്നില്ല; ഡൽഹിയിലെ ക്രമസമാധാന ചുമതല വഹിക്കുന്ന കേന്ദ്ര സർക്കാരിന് ഇതിൽനിന്നു കൈകഴുകാനുമാവില്ല. ഒരു പൗരനെ ചവിട്ടിവീഴ്ത്താൻ ഇവിടത്തെ ഒരു എസ്ഐയ്ക്കെന്നല്ല, രാജ്യത്തെ ഏറ്റവുമുയർന്ന പൊലീസ് പദവി വഹിക്കുന്നയാൾക്കുപോലും അവകാശമോ അധികാരമോ ഇല്ലെന്നും ഓർക്കുക.
ഈ സംഭവത്തെത്തുടർന്നുണ്ടാവുന്ന ചില രാഷ്ട്രീയ പ്രതികരണങ്ങളിലും അസഹിഷ്ണുതയുടെ കയ്പു നിറയുന്നു. ഒരു സബ് ഇൻസ്പെക്ടർ ചെയ്ത ഒറ്റപ്പെട്ട ദുഷ്ചെയ്തിയായി ഇതിനെ കാണാനാവില്ല. രാജ്യത്തെ ലജ്ജിപ്പിക്കുന്ന ഈ അപലപനീയകൃത്യം ചെയ്യാൻ അയാൾക്കു ധൈര്യം കിട്ടിയതെങ്ങനെ എന്നതിനെക്കുറിച്ച് അതുകൊണ്ടുതന്നെ ഗൗരവത്തോടെ ചിന്തിക്കേണ്ടതുണ്ട്. മറ്റൊരാൾക്കുകൂടി ഇങ്ങനെ തോന്നാതിരിക്കാൻ ആവശ്യമായ കർശന നടപടികൾ എത്രയുംവേഗം ഉണ്ടാവുകയുംവേണം.
പരസ്‌പരസ്‌നേഹത്തിന്റെ സംഗീതം പൊഴിക്കാനാണ് ഓരോ മതവും ആവശ്യപ്പെടുന്നത്. മതനിരപേക്ഷതയുടെ മഹനീയമൂല്യം അറിയുകയും ആദരിക്കുകയും ചെയ്ത രാഷ്‌ട്രീയ നേതാക്കളും സാമൂഹികപ്രവർത്തകരും സമ്പന്നമാക്കിയ രാജ്യമാണു നമ്മുടേത്. വ്യത്യസ്‌ത മതങ്ങളെയും ഭാഷകളെയും ജീവിതശൈലികളെയും കോർത്തിണക്കി മത, സമുദായ സൗഹാർദം സുദൃഢമായി കാക്കാൻ കഴിഞ്ഞത് എക്കാലവും നമുക്ക് ആദരം നേടിത്തന്നു.
മതനിരപേക്ഷതയും അതിന്റെ അനുബന്ധ മര്യാദകളും രാജ്യത്തിന്റെ ഭരണഘടനാധിഷ്ഠിത പ്രവർത്തനത്തിന്റെ ഭാഗമാണ്; മറിച്ചുള്ള നടപടികൾ ഭരണഘടനാവിരുദ്ധവും. അഭിപ്രായ സ്വാതന്ത്ര്യത്തിനൊപ്പം, മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശവും ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. ന്യൂനപക്ഷ സംരക്ഷണത്തിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തുകവഴി ആ വിഭാഗങ്ങൾക്കു പ്രത്യേക പരിഗണനയല്ല, തുല്യമായ പരിഗണന ഉറപ്പാക്കുകയും അരക്ഷിതരെന്ന ഭീതിക്കുള്ള സാധ്യത ഒഴിവാക്കുകയുമാണു ഭരണഘടനാ ശിൽപികൾ ചെയ്തത്. തുല്യപരിഗണനയും തുല്യസുരക്ഷിതത്വബോധവും നമ്മുടെ നീതിസങ്കൽപത്തിന്റെതന്നെ ഭാഗമെന്നാണു വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളത്.
അതുകൊണ്ടുതന്നെ, മതാചാരങ്ങൾക്കു നേരെയുണ്ടാകുന്ന ഏതു നീക്കവും ജനാധിപത്യത്തിനെതിരെയുള്ളതാണ്. ഇത്തരം ചെയ്തികൾ ഒറ്റപ്പെട്ടവയെന്നു പറഞ്ഞ് അവഗണിക്കാവുന്ന കാലം കഴിഞ്ഞിരിക്കുന്നു എന്നാണു പല സംസ്ഥാനങ്ങളിലായി അരങ്ങേറുന്ന സംഭവങ്ങളിൽനിന്നു വ്യക്തമാകുന്നത്. പുരോഗതി കാംക്ഷിക്കുന്ന ഒരു ജനതയ്ക്കും രാഷ്ട്രത്തിനും ഇതു ഭൂഷണമല്ലെന്നതിനു ചരിത്രം ഒട്ടേറെ ഉദാഹരണങ്ങൾ നൽകുന്നുണ്ട്.
നാം നിധിപോലെ സൂക്ഷിക്കുന്ന ഏകതയുടെയും സാഹോദര്യത്തിന്റെയും അടിത്തറയ്ക്കു വാക്കുകൊണ്ടുപോലും പോറലേൽപിക്കാൻ ആരെയും അനുവദിച്ചുകൂടാ. ജാതിയുടെയോ മതത്തിന്റെയോ വംശത്തിന്റെയോ നിറത്തിന്റെയോ ഭാഷയുടെയോ ലിംഗഭേദത്തിന്റെയോ രാഷ്ട്രീയ നിലപാടുകളുടെയോ പേരിൽ വിവേചനമില്ലാതെ, എല്ലാവർക്കും ഈ രാജ്യത്ത് തുല്യ അവകാശങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പുവരേണ്ടതുണ്ട്.
രാജ്യഹൃദയത്തിൽ വിള്ളലുകളും വിഭജനവും ഉണ്ടാക്കാനുള്ള നീക്കങ്ങൾ തടയേണ്ടത് ‘ഇന്ത്യൻ ജനത’ എന്ന മഹനീയ സംജ്ഞയിൽ അഭിമാനിക്കുകയും ജനാധിപത്യത്തിൽ വിശ്വസിക്കുകയും ചെയ്യുന്ന ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്; ഭരണകൂടത്തിന്റെ ചുമതലയുമാണ്. നാം കാലങ്ങളായി കാത്തുപോരുന്ന അടിസ്‌ഥാനമൂല്യങ്ങളും വൈവിധ്യസമന്വയവും ബഹുസ്വരതയും ചവിട്ടേൽക്കാതെ പരിരക്ഷിക്കപ്പെടേണ്ടതുണ്ട്.