ADVERTISEMENT

തൊടുപുഴയിൽ ചായക്കട നടത്തുന്ന വയോധിക പാചകത്തിലായിരുന്നു. വർഷങ്ങൾക്കുമുൻപു തനിനാടൻ രുചിയായിരുന്നു പലഹാരങ്ങൾക്ക്. ജോലിക്കു ബംഗാളികളെത്തി. അതിഥികളിലും ബംഗാൾ ‘പൗരത്വം’ വർധിച്ചു. തൊഴിലാളികളിൽനിന്നു കടയുടമസ്ഥ ബംഗാൾ പാചകവേല ഹൃദിസ്ഥമാക്കി. രൂപത്തിൽ വിഭവങ്ങൾക്കു കേരളീയതയുണ്ടെങ്കിലും ടേസ്റ്റ് കൊടും മധുരമാണ്. 

എന്നാൽ, വിശേഷം പറയുമ്പോൾ വയോധികയ്ക്കു സ്വരത്തിൽ മധുരമില്ല. പെൻഷൻ കിട്ടിയിട്ട് ആറുമാസമായി എന്ന പരിഭവമാണ് മുന്നിൽ. വോട്ടിനെക്കുറിച്ച് അവർ ഒന്നും പറയുകയുമില്ല!

പുറമേയുള്ള മാറ്റം ഇടുക്കിയുടെ മനസ്സിനില്ല. സിനിമാ ലൊക്കേഷനുകൾ കാണാൻ ആളുകൾ എത്തുമ്പോൾ വിനോദസഞ്ചാര മൂല്യം കൂടുന്നു. എന്നാൽ, ലോലവും അതിലോലവുമായി ‘മൂല്യം’ ഇടിഞ്ഞ ഭൂമിയിൽ വസിക്കുന്ന ഹൈറേഞ്ച് പൗരന് ആ കാൽപനികതയില്ല. വിഷയങ്ങൾക്കു മാറ്റമില്ല, പരിഹാര.വുമില്ല തിരഞ്ഞെടുപ്പു സ്ഥാനാർഥികൾക്കും മാറ്റമില്ല.

ഇടുക്കി മണ്ഡല നിവാസികൾ തന്നെയാണ് കോൺഗ്രസിന്റെ ഡീൻ കുര്യാക്കോസും സിപിഎമ്മിന്റെ ജോയ്സ് ജോർജും. ഡീൻ കുര്യാക്കോസിനെ തോൽപിച്ച് മണ്ഡലം എൽഡിഎഫ് പക്ഷത്താക്കിയ ജോയ്സിൽനിന്നു കഴിഞ്ഞതവണ ഡീൻ ഇടുക്കി യുഡിഎഫിന്റേതാക്കി. ഇരുവരും വീണ്ടും ഏറ്റുമുട്ടുന്നു: നിലനിർത്താനും, തിരിച്ചുപിടിക്കാനും. 

യുഡിഎഫ് എന്നും തലോടൽ പ്രതീക്ഷിക്കുന്ന ലോക്സഭാ മണ്ഡലത്തിൽ പക്ഷേ, ഏഴിൽ 5 നിയമസഭാ മണ്ഡലങ്ങളും എൽഡിഎഫിന്റെ കയ്യിലാണ്. സമുദായങ്ങളും ഭാഷാവിഭാഗങ്ങളും ട്രേഡ് യൂണിയനുകളും വിവിധ മേഖലകളിൽ തുരുത്തുകളായിനിന്നു ശക്തി കാട്ടുന്നു. ഇവരോടുള്ള നയതന്ത്രം തിരഞ്ഞെടുപ്പു ജയത്തിന്റെ രഹസ്യമന്ത്രവും ആകുന്നു.

പ്രത്യക്ഷത്തിൽ പുതുവിഷയങ്ങൾ വരുമ്പോൾ പ്രചാരണത്തട്ടിൽ പഴയവ മാറ്റിവയ്ക്കപ്പെടുകയോ മറയ്ക്കപ്പെടുകയോ ചെയ്യുന്നു. കാട്ടാന ഇറങ്ങി മുന്നിൽ നിൽക്കുമ്പോൾ, എന്തു മുല്ലപ്പെരിയാർ?

നേര്യമംഗലത്ത് ആന ചവിട്ടിക്കൊന്ന സ്ത്രീയുടെ മൃതദേഹവുംകൊണ്ട് കോതമംഗലത്തു തെരുവിൽ സമരം നടന്നപ്പോൾ ഇടുക്കിയുടെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലും പുതിയ വഴികൾ തുറക്കുകയായിരുന്നു. പടയപ്പയാനയുടെയും അരിക്കൊമ്പന്റെയും വീരചരിത്രങ്ങളിലെ ‘കോമഡി’യല്ല ഇപ്പോൾ വിഷയം. കൺമുന്നിലെ ഭീതിയാണ്. ലോ-ഹൈ റേഞ്ച് വ്യത്യാസമില്ലാതെ ഈ മനുഷ്യ- മൃഗ സംഘർഷം വോട്ടിന്റെ വഴിയും തീരുമാനിക്കും.

പരിണാമ സിദ്ധാന്തം ഡാർവിൻ കണ്ടുപിടിച്ചത് ഹൈറേഞ്ചിലെ കുരങ്ങന്മാരെ കണ്ടിട്ടായിരിക്കും എന്നാണ് ഒരു വെള്ളത്തൂവൽകാരന്റെ ദുരന്തഹാസ്യം: ‘വല്ലപ്പോഴും ആന ഇറങ്ങുമ്പോഴേ വാർത്തയുള്ളൂ. കുരങ്ങന്മാരും കാട്ടുപന്നിയുമാണ് ഇവിടുത്തെ പ്രധാന അക്രമികൾ. കുരങ്ങന്മാർ കൂട്ടമായി വന്ന് കരിക്കിട്ട് തല്ലിപ്പൊട്ടിച്ചു തിന്നുന്നതു കണ്ടാൽ മനുഷ്യൻ അന്തംവിട്ടു പോകും. മനുഷ്യനുപോലും ആയുധം വേണം കരിക്ക് പൊതിക്കാൻ!’

തരം കിട്ടുന്നിടത്തൊക്കെ മൃഗങ്ങൾ ‘പുനരധിവാസം’ നടത്തുന്നു. പക്ഷേ, പരിഹാരമില്ലാത്ത പരാതികൾ പരിഭവത്തോടെ ഉന്നയിക്കുക മാത്രമാണ് ഇടുക്കി വോട്ടറുടെ നിയോഗം. രണ്ടു സ്ഥാനാർഥികൾക്കും ഇതൊക്കെ കേൾക്കാം എന്നു മാത്രം. കേന്ദ്രത്തിന്റെ കടുംനിയമങ്ങൾ അയയ്ക്കാതെ ഈ ‘മൃഗീയ’ സാഹചര്യത്തിനു പരിഹാരമില്ലെന്നു വോട്ടർമാർ തന്നെ പറയുന്നു. ആയതിനാൽ സ്ഥാനാർഥികളും അവർക്കൊപ്പം ചേർന്ന് പരാതികളുടെ മുഴക്കം കൂട്ടുന്നു. 

ഡൽഹിയിൽ തിരയടിക്കുന്ന കർഷകക്ഷോഭത്തിന്റെ ഫോട്ടോസ്റ്റാറ്റ് തന്നെയാണ് ഇടുക്കി വോട്ടറുടെയും മനോനില. ഏലവും കുരുമുളകും തേയിലയും ‘അനാഥവിളകളായി’ കർഷകനു മുന്നിൽ നിൽക്കുന്നു. ഇടുക്കിയുടെ നട്ടെല്ലായ ഏലത്തിന്റെ വില ഇടനിലക്കാരൻ പിടിച്ചുവലിക്കുന്നത് കണ്ടുനിൽക്കാൻ മാത്രമേ കർഷകർക്കു കഴിയുന്നുള്ളൂ. കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നു വിലാപം, സംസ്ഥാനം ഇടപെടുന്നില്ലെന്നു പ്രതിഷേധം. ഹൈറേഞ്ച് വോട്ടർക്ക് ഈ തിരഞ്ഞെടുപ്പും നിഷ്ഫലമായ ഒരു കൃഷി പോലെയാണ്! സ്ഥാനാർഥികളും അവർക്കൊപ്പം ഉണ്ടെന്ന ആശ്വാസം മാത്രം.  വാഴക്കുളത്തെ കൈതച്ചക്കപ്പാടങ്ങളുടെ വരമ്പിൽ നിൽക്കുന്ന കർഷകന്റെയും ‘വിലനിലവാരം’ വ്യത്യസ്തമല്ല.

പതിവുമട്ടിൽത്തന്നെ ‘വിശ്വാസത്തർക്കങ്ങൾ’ വോട്ടുവഴി നിശ്ചയിക്കും. പരിഹരിക്കാത്ത മുന്നണിത്തർക്കങ്ങൾ യുഡിഎഫിനെ ബാധിക്കുന്ന നില മൂവാറ്റുപുഴയിലും കോതമംഗലത്തും ഉണ്ട്. ലീഗിലെയും കോൺഗ്രസിലെയും തർക്കങ്ങൾകൊണ്ട് അവർക്കു കയ്യിൽനിന്നുപോയ രണ്ടു പഞ്ചായത്തുകളാണ് ഇവിടുത്തെ പായിപ്രയും പല്ലാരിമംഗലവും. ഹൈറേഞ്ചിൽ വോട്ടിന്റെ റേഞ്ച് കൂട്ടാൻ സിപിഎമ്മിന്, സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസിയുടെ പിന്തുണ ഇളകാതെ നോക്കുകയും വേണം. 

മണ്ഡലത്തിലെ ഗതാഗതവഴികൾ തിളങ്ങുന്നു. ഇടുക്കിയുടെ കവാടമായ നേര്യമംഗലം പാലത്തിനടുത്ത് രണ്ടാം പാലം വരാൻ പോകുന്നു. എന്നാൽ, വോട്ടു വരുന്നതും പോകുന്നതും മറ്റു രഹസ്യപാതകളിൽ കൂടിയാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com