ADVERTISEMENT

സത്യവിശ്വാസികളേ, നിങ്ങളുടെ മുൻസമൂഹങ്ങൾക്കു വ്രതാനുഷ്ഠാനം നിർബന്ധമാക്കപ്പെട്ടപോലെ നിങ്ങൾക്കും വ്രതം നിയമമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ സൂക്ഷ്മതയോടെ ജീവിക്കാൻ വേണ്ടി. (ഖുർആൻ 2: 183) 

വീണ്ടും വിശുദ്ധ റമസാൻ മാസം വന്നെത്തി. വ്രതമനുഷ്ഠിച്ചും പ്രാർഥനയിൽ മുഴുകിയും ദാനധർമങ്ങൾ ചെയ്തും വിശ്വാസികൾ ആത്മീയചൈതന്യം അനുഭവിക്കുന്ന ദിനങ്ങളാണിനി. ആത്മീയാനുഭൂതിയുടെ വസന്തോത്സവമാണു റമസാൻ. 

ഉപവാസം എല്ലാ മതങ്ങളിലും സമൂഹങ്ങളിലുമുണ്ട്. സമയവും അനുഷ്ഠാനങ്ങളും വ്യത്യസ്തമാണെങ്കിലും ലക്ഷ്യം ഒന്നാണ്; മനുഷ്യന്റെ ആഗ്രഹങ്ങൾക്കു നിയന്ത്രണമേർപ്പെടുത്തുക. ഭക്ഷണപാനീയങ്ങളും ജീവിതക്രമവും നിയന്ത്രിക്കലാണു റമസാൻ നോമ്പിന്റെ പൊരുൾ. വ്യക്തികളെയും സമൂഹത്തെയും ധർമനിഷ്ഠയുള്ളവരാക്കാനുള്ള ശക്തമായ പരിശീലനമാണിത്. സൂര്യോദയത്തിന് ഏതാണ്ട് ഒന്നേകാൽ മണിക്കൂർ മുതൽ അസ്തമയം വരെ ഉപവസിക്കണം. ഈ സമയത്തിനിടെ ഭക്ഷണവും പാനീയവും പാടില്ല. സംസാരങ്ങൾക്കും നിയന്ത്രണങ്ങളുണ്ട്. നല്ലതേ പറയാവൂ, നല്ലതേ ചെയ്യാവൂ. കോപിക്കരുത്, ശണ്ഠകൂടരുത്. 

ആരോഗ്യമുള്ള എല്ലാവരും നോമ്പെടുക്കണം. രോഗികളും യാത്രക്കാരും രോഗം ശമിക്കുകയും യാത്ര കഴിഞ്ഞെത്തുകയും ചെയ്തശേഷം നോമ്പെടുത്താൽ മതി. ഒരിക്കലും നോമ്പെടുക്കാൻ സാധിക്കാത്തവിധം ആരോഗ്യപ്രശ്നമുള്ളവർ നഷ്ടപ്പെട്ട ഓരോ നോമ്പിനും പകരം അർഹതപ്പെട്ട ഒരാൾക്കു ഭക്ഷണം കൊടുത്താൽ മതി. ഗർഭിണിക‍ൾക്കും മുലയൂട്ടുന്നവർക്കും വയോധികർക്കും ഇങ്ങനെ ചെയ്യാം. 

നന്മകളുടെ കാലം 

സാധാരണ ആരാധനകളിൽനിന്നു പല വ്യത്യാസങ്ങളുണ്ട് നോമ്പിന്. സ്വകാര്യതയും ഉദ്ദേശ്യശുദ്ധിയുമാണതി‍ൽ പ്രധാനം. ഒരാൾ നോമ്പുകാരനാണോ അല്ലയോ എന്നു മറ്റൊരാൾക്കുമറിയില്ല. അതിനാൽ അതിൽ ഒരു പ്രകടനപരതയുമില്ല. ആത്മീയകാര്യങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ജീവിതമാണ് മറ്റൊരു പ്രത്യേകത. പകൽ മുഴുവൻ വ്രതം, രാത്രി ദീർഘപ്രാർഥനകൾ, ദാനധർമങ്ങൾ, അന്നദാനം, ഖുർആൻ പാരായണം, പള്ളികളിൽ കൂടുതൽ സമയം ധ്യാനത്തിൽ കഴിയൽ തുടങ്ങി എല്ലാ നന്മകളും വർധിപ്പിക്കുന്ന കാലമാണിത്. സാധാരണ സൽക്കർമങ്ങൾക്ക് അല്ലാഹു 700 ഇരട്ടി വരെ പ്രതിഫലം നൽകും. എന്നാൽ വ്രതത്തിന് അതിനെക്കാൾ പ്രതിഫലമുണ്ടാകുമെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. ഈ വാഗ്ദാനങ്ങളാണു റമസാനിൽ വിശ്വാസികളെ ആവേശഭരിതരാക്കുന്നത്. 

സാഹോദര്യം വളർത്താം 

നോമ്പിന്റെ സാമൂഹികവും മാനവികവുമായ സന്ദേശം വളരെ വലുതാണ്. വിശപ്പിന്റെ കാഠിന്യമറിയാത്തവനു വിശക്കുന്നവനു ഭക്ഷണം നൽകാൻ മനസ്സുണ്ടാകണമെന്നില്ല. നോമ്പുകാലത്ത് എല്ലാവരും വിശപ്പനുഭവിക്കേണ്ടി വരുന്നു. വീടുകളിലും പള്ളികളിലും നടക്കുന്ന ഇഫ്താർ പാർട്ടികളുടെ മാനവിക തലവും ഏറെ മഹത്തരമാണ്. നോമ്പെടുത്ത ആളെ നോമ്പ് തുറപ്പിച്ചാൽ നോമ്പെടുത്ത പ്രതിഫലമുണ്ടാകുമെന്ന നബിവചനം ഇതോടു ചേർത്തുവായിക്കാം. മക്കയിലും മദീനയിലും പള്ളികളിൽ നോമ്പുതുറ സമയമാവുമ്പോൾ ഒരു പരിചയവുമില്ലാത്തവരെ കൂടെയിരുത്തി നോമ്പുതുറ ഭക്ഷണം നൽകാൻ നോമ്പുകാർ കാണിക്കുന്ന താൽപര്യം ശ്രദ്ധേയമാണ്. നമ്മുടെ നാട്ടിലും പള്ളികളിൽ ഈ കാഴ്ച പതിവാണ്. ഇഫ്താർ സംഗമങ്ങളിൽ എല്ലാ മതസ്ഥരെയും പങ്കെടുപ്പിക്കാറുണ്ട്. അങ്ങനെ ചെയ്യുന്നതു മനുഷ്യർക്കിടയിൽ കൂടുതൽ സൗഹൃദവും സ്നേഹവും വളർത്താനുപകരിക്കും. 

ഡോ. ഹുസൈൻ മടവൂർ
ഡോ. ഹുസൈൻ മടവൂർ

തിന്മകളിൽനിന്ന് പരിച 

വ്രതം ഒരു പരിചയാണ് എന്നാണു നബിവചനം. ജീവിതത്തിൽ മനുഷ്യനെ ആക്രമിച്ചു കീഴ്പ്പെടുത്തി ദുർമാർഗത്തിലേക്കു തെളിക്കുന്ന പിശാചുക്കളെ തടുക്കാനുള്ള ശക്തമായ ആയുധമാണ് വ്രതം എന്നർഥം. റമസാൻ നോമ്പനുഷ്ഠിക്കുന്നത് നിങ്ങളിൽ തഖ്‌വ (സൂക്ഷ്മതാബോധം) വളർത്താൻ വേണ്ടിയാണെന്നു ഖുർആൻ ഓർമിപ്പിക്കുന്നു. അതിനാൽ ഒരു റമസാൻ മുതൽ അടുത്ത റമസാൻ വരെയുള്ള കാലം സൂക്ഷ്മതയോടെ ജീവിക്കാനുള്ള ഊർജം വ്രതത്തിൽനിന്നു നേടിയെടുക്കണം. മോശമായ വാക്കുകളും ചീത്ത പ്രവൃത്തികളും ഉപേക്ഷിക്കാത്തവൻ നോമ്പെടുത്തിട്ടു കാര്യമില്ലെന്നു നബി (സ) പറഞ്ഞിട്ടുണ്ട്. നോമ്പുകാരനെ ആരെങ്കിലും ചീത്ത പറയുകയോ പ്രഹരിക്കുകയോ ചെയ്താൽ അവനോടു ഞാൻ നോമ്പുകാരനാണെന്നു പറഞ്ഞൊഴിയണമെന്നും നബി ഉപദേശിച്ചു. അതായതു പറഞ്ഞതിനു പകരം പറയാതെയും ചെയ്തതിനു പകരം ചെയ്യാതെയും സ്വയം പരിശീലിക്കുകയാണു നോമ്പുകാരൻ. 

മുസ്‌ലിംകളും ഇസ്‌ലാമികസമൂഹവും സ്വയം ശുദ്ധീകരണത്തിനായി അല്ലാഹുവിന്റെ മുൻപിൽ സമർപ്പിക്കുന്ന ഈ പുണ്യകാലം എല്ലാ സമൂഹങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാനും സൗഹൃദം വളർത്തിയെടുക്കാനും ഉപയോഗപ്പെടുത്തണം. 

(കോഴിക്കോട് പാളയം ജുമാമസ്ജിദ് ചീഫ് ഇമാമും കേരള നദ്‌വത്തുൽ മുജാഹിദീൻ വൈസ് പ്രസിഡന്റുമാണ് ലേഖകൻ)

English Summary:

The holy month of Ramadan begins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com