ADVERTISEMENT

കോന്നി സുരേന്ദ്രൻ ഒരു സ്ഥാനാർഥിയുടെ പേരല്ല. കോന്നി ആനക്കൂട് നിവാസിയായ, തെന്നിന്ത്യയിലെ തന്നെ ഏറ്റവും തലപ്പൊക്കമുള്ള കുങ്കിയാനയാണ്. അരിക്കൊമ്പനെയും പി.ടി 7 ആനയെയും മെരുക്കിയവൻ. ഇവിടെയിപ്പോൾ, തിരഞ്ഞെടുപ്പു കൊമ്പന്മാരെ കൈകാര്യം ചെയ്യുന്ന നിശ്ശബ്ദ വോട്ടറുടെ പ്രതീകമാണ് കോന്നി സുരേന്ദ്രൻ. 

രാഷ്ട്രീയപ്പൊക്കത്തിന് ഒട്ടും കുറവില്ലാത്തവരാണ് തിരഞ്ഞെടുപ്പുതട്ടിൽ. പത്തനംതിട്ട മണ്ഡലം രൂപപ്പെട്ടശേഷം മൂന്നുവട്ടവും ജയിച്ച്,  നാലാം മത്സരത്തിൽ യുഡിഎഫിന്റെ ആന്റോ ആന്റണി. കേരളത്തിന്റെ ധനമണ്ഡലത്തെ കഴിഞ്ഞ സർക്കാരിന്റെ കാലത്തു നയിച്ച മുൻമന്ത്രി തോമസ് ഐസക്   എൽഡിഎഫിനായി രംഗത്ത്. ബിജെപി പ്രവേശത്തിലൂടെ കേരളത്തിന്റെയാകെ ശ്രദ്ധ നേടിയ അനിൽ ആന്റണിയും കളത്തിൽ. 

പൊക്കമുണ്ടെന്ന ധൈര്യത്തിൽ കുളത്തിലിറങ്ങിയെങ്കിലും കുളിക്കാതെ കരയ്ക്കു കയറേണ്ടിവന്ന പൂഞ്ഞാർ കൊമ്പൻ പി.സി.ജോർജിന്റെ അസംതൃപ്ത സഞ്ചാരവും മണ്ഡലത്തിലെ രാഷ്ട്രീയത്താരയിലുണ്ട്!

എല്ലാ രംഗത്തും ബഹുസ്വരതയാണ് പത്തനംതിട്ടയുടെ മുദ്ര. പ്രപഞ്ചത്തിലെ ഒട്ടുമുക്കാലും ബാങ്കുകളുടെ ശാഖകൾ ഇവിടെയുണ്ട്. മറ്റു മണ്ഡലങ്ങളിലേതു പോലെയല്ല ഇവിടുത്തെ സമ്പദ്‌വ്യവസ്ഥയുടെ നീക്കുപോക്ക് എന്നർഥം. യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള കുടിയേറ്റം പത്തനംതിട്ടയെ ആഗോള സമ്പദ്‌വ്യവസ്ഥയുടെ ചെറിയ പതിപ്പാക്കുന്നു. എന്നാൽ, സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി തന്നെയാണ് നാട്ടിലെ വോട്ടറുടെ ചിന്താവിഷയം. സ്വാഭാവികമായും യുഡിഎഫ് ഈ ‘ദാരിദ്ര്യ’ത്തെ പോസ്റ്റർ വിഷയമാക്കുമ്പോൾ, അതെപ്പറ്റി വോട്ടർക്കു ചോദിക്കാൻ പറ്റിയ സ്ഥാനാർഥി തന്നെയാണ് എതിർപക്ഷത്ത് : തോമസ് ഐസക്. 

കാശില്ലായ്മയും കിഫ്ബിയുമൊക്കെ വിശദീകരിക്കാൻ ഐസക്കിന് പ്രചാരണരംഗത്ത് അവസരങ്ങൾ ഇഷ്ടംപോലെ. 

പത്തനംതിട്ടയുടെ ആധ്യാത്മിക ആചാര്യനായിരുന്ന ‘ചിരിത്തിരുമേനി’ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം 101-ാം വയസ്സിലും വോട്ടുചെയ്യാൻ പോയിരുന്നു. തന്നെ കാണാൻ വരുന്ന സ്ഥാനാർഥികളോട് ‘ഇങ്ങോട്ടു വരണ്ടായിരുന്നല്ലോ, ഞാൻ വോട്ടു ചെയ്യാൻ അങ്ങോട്ടു വരുമായിരുന്നല്ലോ' എന്നായിരുന്നു തിരുമേനി പറയുക. മധ്യതിരുവിതാംകൂർ വോട്ടർമാരുടെ ഉള്ളിലിരിപ്പ് സ്ഥാനാർഥികൾക്ക് ഒരു കാരണവശാലും പിടികിട്ടില്ല എന്നായിരുന്നു തിരുമേനിയുടെ വാദം.

യുഡിഎഫിനെ മനസ്സിൽ എന്നും തഴുകിയിട്ടുള്ള മണ്ഡലത്തിലെ സകല നിയമസഭാ സീറ്റുകളും നിലവിൽ എൽഡിഎഫിന്റെ കയ്യിലാണ്!

പ്രവാസി വോട്ട് പ്രായോഗികമായിരുന്നെങ്കിൽ വിദേശത്തിരുന്നു നാട്ടുതിരഞ്ഞെടുപ്പിനെപ്പറ്റി ചിന്തിക്കുന്ന വലിയ ജനവിഭാഗമായേനെ പത്തനംതിട്ടക്കാർ. 

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രൈമറികൾ നടക്കുകയാണ്. അവിടെ ബാലറ്റ് പേപ്പറിൽ ട്രംപും ബൈഡനുമൊക്കെ ആണെങ്കിലും കൺമുന്നിൽ ആന്റോയും ഐസക്കും അനിലും ഒക്കെയാണ് പ്രവാസി മനസ്സിൽ!

മണ്ഡലത്തിലെ പുതുതലമുറ വിദേശവാതായനങ്ങൾ തുറക്കുന്നതു നോക്കിനിൽക്കുകയാണെങ്കിൽ, മുതിർന്ന വോട്ടർമാർ വിശ്വാസത്തിലും രാഷ്ട്രീയത്തിലും ഉറച്ചുനിൽക്കുന്നവരാണ്. കുമ്പനാട് സ്വദേശിയായ മുതിർന്ന പൗരന്റെ നിരീക്ഷണം: ‘‘ജനാധിപത്യം ഇവിടുത്തെ ഞരമ്പിലുള്ളതാ... രാഷ്ട്രീയവും വിശ്വാസവും ഒരുപോലെ പ്രധാനമാ..."

മറ്റു മണ്ഡലങ്ങളെപ്പോലെയല്ല, ആഗോള– ദേശീയ വിഷയങ്ങൾ നാട്ടുവഴികളിൽ മുഴങ്ങുകയാണ് പത്തനംതിട്ടയിൽ. നഴ്സുമാരുടെ ശമ്പളവും വിദേശ കുടിയേറ്റത്തിന്റെ കയറ്റിറക്കങ്ങളും വിദേശ വിദ്യാഭ്യാസ സാധ്യതകളും ഇവിടുത്തെ വോട്ടുവഴികളെ തിരിക്കും. ഇപ്പോൾ രാജ്യം മുഴുക്കെ ചർച്ച ചെയ്യുന്ന പൗരത്വ ഭേദഗതി നിയമവും പത്തനംതിട്ട വോട്ടറുടെ ‘പ്രാദേശിക’ വിഷയമാണ്. ഇവിടുത്തെ ‘വിശ്വാസചലനങ്ങൾ’ മണ്ഡലത്തിന്റെ മാത്രമല്ല കേരളത്തിന്റെതന്നെ വോട്ടുനില മാറ്റിമറിക്കാൻ ശേഷിയുള്ളതാണ് എന്നാണു ചരിത്രം. ക്രിസ്ത്യൻ വിഭാഗത്തിലെ എല്ലാ ഉൾപ്പിരിവുകളും ഇവിടെയുണ്ട്. രാഷ്ട്രീയ ദൃഢത സൂക്ഷിക്കുന്ന മറ്റു സമുദായങ്ങളും. കേരളത്തിലെ ഏറ്റവും വലിയ വിശ്വാസസംഗമഭൂമിയും ഇതുതന്നെ. 

ശബരിമലയും ആറന്മുള വള്ളംകളിയും മാരാമൺ, ചെറുകോൽപുഴ, കുമ്പനാട് സംഗമങ്ങളും പരുമല, മഞ്ഞനിക്കര യാത്രകളും നൂറുകണക്കിനു കൺവൻഷനുകളും പത്തനംതിട്ടയുടെ മേൽ ആധ്യാത്മികതയുടെ വിതാനമൊരുക്കുന്നു. അതുകൊണ്ടുതന്നെ സ്ഥായിയായ രാഷ്ട്രീയ നിലപാടുകളെ പെട്ടെന്നുള്ള ‘വിശ്വാസ പ്രകോപനങ്ങൾ’ അട്ടിമറിക്കും. ഉദാഹരണങ്ങൾ മറവിയിലേക്കു പോകാത്തതിനാൽ സ്ഥാനാർഥികളും ജാഗ്രതയിലാണ്.

തിരഞ്ഞെടുപ്പു പൊടിപടലം ഉയർന്നശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിനായി ആദ്യം എത്തുന്നത് പത്തനംതിട്ടയിലാണ്, മറ്റന്നാൾ.  എന്നാൽ, ഈരാറ്റുപേട്ടയിലെ ഒരു രാഷ്ട്രീയ ജീവിയായ വോട്ടറുടെ ‘പഞ്ച് ലൈൻ’ ഇതാണ്: ആന്റോ ആന്റണിക്കുവേണ്ടി, അനിൽ ആന്റണിക്ക് എതിരായി വോട്ടുചോദിക്കാൻ എ.കെ.ആന്റണി വരുമോ?

English Summary:

Lok Sabha Election 2024 , Pathanamthitta Lok Sabha constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com