ADVERTISEMENT

പാലക്കാട് നഗരത്തിൽനിന്ന് അൽപം മാറി, ഒരു കലാലയത്തിനു മുന്നിലെ നട്ടുച്ച. വിദ്യാർഥികൾ കവാടം കടന്നു പുറത്തേക്കു വരുന്നു. കുതിച്ചു പായുന്ന ഒരുവനെ പിന്തുടർന്നോടുന്ന ഒരു കൂട്ടം ആൺകുട്ടികൾ. കലപില പറഞ്ഞു ചിരിച്ചു വരുന്ന പെൺകുട്ടികൾ. അതിനു പിറകെ ഒരു ബൈക്ക് വെടിച്ചില്ലു പോലെ പുറത്തേക്ക്. മൂന്നു പേരുണ്ട് വണ്ടിയിൽ. ആർക്കും ഹെൽമറ്റ് ഇല്ല. ബൈക്കിന്റെ കാറ്റേറ്റ കുളിരോടെ തിരിഞ്ഞപ്പോഴാണ് കണ്ടത്, വണ്ടിയുടെ പിന്നിൽ ഇരിക്കുന്ന കുട്ടിയുടെ കറുത്ത ടീഷർട്ടിലെ വെളുത്ത അക്ഷരങ്ങൾ– ‘കമ്മിറ്റഡ് ടു സേഫ്റ്റി’. (എഴുത്ത്  സ്വന്തം ബനിയന്റെ പിറകിലായതിനാൽ അവൻ വായിച്ചിട്ടുണ്ടാകണമെന്നില്ല.) 

പിറകിൽ അലസം നടന്നുവരികയായിരുന്ന രണ്ടുപേരിൽ ഒരുവനോടു ചോദിച്ചു- ‘തിരഞ്ഞെടുപ്പിനെപ്പറ്റി കോളജിൽ വല്ല സംസാരവുമുണ്ടോ?’ അവൻ പകച്ചു നോക്കി. പിന്നെ കൂട്ടുകാരനു നേരെ കണ്ണയച്ചു ചിരിച്ചു. അറിയില്ലെന്നു പറഞ്ഞു.  കൂട്ടുകാരനും ഇതു തന്നെ ആവർത്തിച്ചു. 

ശരിയാണല്ലോ. കുട്ടികൾ പറയുന്നതിലും കാര്യമുണ്ട്. തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുന്നതിന് എത്രയോ മുന്നേ രാഷ്ട്രീയപാർട്ടികളും മുന്നണികളും അരയും തലയും മുറുക്കി രംഗത്തുണ്ട്. നേതാക്കൾക്കും സജീവപ്രവർത്തകർക്കുമുള്ള ആവേശം സാധാരണക്കാർക്കുണ്ടാവണമെന്നില്ല. പ്രേമലുവിനെ ഇഷ്ടപ്പെടുന്ന മഞ്ഞുമ്മൽ ബോയ്‌സും ഗേൾസുമാകട്ടെ വിമോചിതരായ പുതുതലമുറ മലയാളീസിന്റെ പ്രതീകമാണ്. ഇവരിൽ വോട്ടുള്ളവർ ആരെത്തുണയ്ക്കുമെന്ന് ഒരാൾക്കും പ്രവചിക്കാനാവില്ല. കന്നിവോട്ടിന്റെ കളി കേരളം കാണാനിരിക്കുന്നതേയുള്ളൂ.

തമിഴ്‌നാട്ടിൽനിന്നു കേരളത്തിലേക്കുള്ള കവാടമായ വാളയാർ മുതൽ മലപ്പുറത്തേക്കു പ്രവേശിക്കാനുള്ള തൂതപ്പുഴപ്പാലം വരെ തെക്കു വടക്കു നീണ്ടു കിടക്കുകയാണ് പാലക്കാട് ലോക്‌സഭാ മണ്ഡലം. വാഹനത്തിൽ നിർത്താതെ സഞ്ചരിച്ചാൽ ഒരറ്റത്തുനിന്നു മറ്റേയറ്റത്തെത്താൻ രണ്ടര മണിക്കൂർ. 

ആരു വോട്ടു ചോദിച്ചാലും പാലക്കാട്ടുകാർ മുപ്പതു ഡിഗ്രി തല ചെരിച്ചു താടികൊണ്ടു മുകളിൽനിന്നു താഴേക്കൊരു വര വരയ്ക്കും. അകമ്പടിയായി ‘ഓ...’ എന്നൊരു ശബ്ദവും. ഈ മൂളലിന്റെ അർഥം തിരഞ്ഞെടുപ്പു കഴിഞ്ഞാൽ മാത്രമേ സ്ഥാനാർഥികൾക്കു പിടികിട്ടൂ. എന്നാൽ വള്ളുവനാടൻ ഭാഗത്തേക്കു പോയാൽ പ്രതികരണത്തിലും സംസാരശൈലിയിലും വലിയ വ്യത്യാസമുണ്ട്. അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലെത്തിയാൽ ഭാഷകൾതന്നെ പലവിധം. ഉൾക്കാട്ടിലേക്കു കടന്നു തിരഞ്ഞെടുപ്പെന്നു പറഞ്ഞാൽ ചിലപ്പോൾ വെടിയൊച്ചയും ഉയരാം. (പാർലമെന്ററി ജനാധിപത്യത്തിൽ വിശ്വസിക്കാത്ത ചിലർ അവിടെ ഒളിച്ചിരിപ്പുണ്ടെന്നാണ് തണ്ടർബോൾട്ട് പറയുന്നത്.) എന്തായാലും തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനം വരും മുൻപുതന്നെ പാലക്കാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കിടത്തിച്ചികിത്സാ സൗകര്യം ഒരുക്കിയിട്ടുണ്ട്. 

രണ്ടു വിജയരാഘവന്മാർ രണ്ടു തവണ പരസ്പരം ഏറ്റുമുട്ടിയ കേരളത്തിലെ ഏക മണ്ഡലമാണ് പാലക്കാട്. 1989ൽ ആയിരുന്നു ആദ്യമത്സരം. അന്നു മലപ്പുറം ചെമ്മങ്കടവ് സ്വദേശി ആലമ്പാടൻ വിജയരാഘവൻ എന്ന ഇടതു യുവനേതാവ് എ.വിജയരാഘവൻ വിജയിച്ചു. എന്നാൽ, അതിനു മുൻപു രണ്ടു തിരഞ്ഞെടുപ്പിൽ സിപിഎം നേതാവ് ടി.ശിവദാസ മേനോനെ തറപറ്റിച്ചത് ആലത്തൂർ എരിമയൂർ സ്വദേശിയും    കോൺഗ്രസ് നേതാവുമായ  വി.എസ്.വിജയരാഘവനായിരുന്നു. 91ൽ വീണ്ടും നേർക്കുനേർ വന്നപ്പോൾ എ.വിജയരാഘവനെ തോൽപിച്ച് വി.എസ് ഒരിക്കൽക്കൂടി ‘വിജയ’രാഘവനായി. 

എൽഡിഎഫ് ഇക്കുറി കളത്തിലിറക്കിയിരിക്കുന്നത് എ.വിജയരാഘവനെത്തന്നെയാണെങ്കിലും അദ്ദേഹം പഴയ വിജയരാഘവനല്ല. സിപിഎമ്മിന്റെ തലമുതിർന്ന നേതാവും പൊളിറ്റ്ബ്യൂറോ അംഗവും മന്ത്രി ആർ.ബിന്ദുവിന്റെ ഭർത്താവുമാണ്. ഇക്കുറി സഖാവിനെ വിജയിപ്പിക്കേണ്ടത് അഭിമാനപ്രശ്‌നമാണെന്ന് പറയുന്നു, സിപിഎം അനുഭാവിയായ മണ്ണാർക്കാട്ടെ ശിവദാസൻ. 

യുഡിഎഫ് സ്ഥാനാർഥി വി.കെ.ശ്രീകണ്ഠനും പഴയ ആളല്ല. പാർലമെന്റ് അംഗമെന്ന നിലയിലുള്ള പരിചയസമ്പത്തും മണ്ഡലത്തിലുള്ള സുഹൃദ്ബന്ധങ്ങളുമായാണ് ഇത്തവണ അദ്ദേഹം മത്സരത്തിനിറങ്ങുന്നത്. എം.പി.വീരേന്ദ്രകുമാറിനെ ഒരു ലക്ഷത്തിലധികം വോട്ടുകൾക്കു തോൽപിച്ച എം.ബി.രാജേഷിനെയാണ് കഴിഞ്ഞ തവണ കന്നിക്കാരനായിരുന്ന ശ്രീകണ്ഠൻ തറപറ്റിച്ചത്. (പാലക്കാട് ജില്ലയ്ക്ക് എം.ബി.രാജേഷ് എന്ന മന്ത്രിയെ സമ്മാനിച്ചത് പരമശിവന്റെ പര്യായനാമമുള്ള ശ്രീകണ്ഠനാണെന്നു വിശ്വസിക്കുന്ന നിഷ്പക്ഷമതികളും മണ്ഡലത്തിലുണ്ട.്)

ആദ്യഘട്ട പ്രചാരണം നടത്തിക്കഴിഞ്ഞു എൻഡിഎയുടെ ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാർ. സി.കെ എന്ന രണ്ടക്ഷരം വലുപ്പത്തിൽ എഴുതിയ ബോർഡുകളാണ് പലയിടത്തും. ചുരുക്കപ്പേരിലൂടെ അടുപ്പം സ്ഥാപിക്കാം, ചെറിയ സ്ഥലത്തും പേരെഴുതാം. 19നു പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട് നഗരത്തിൽ റോഡ് ഷോ നടത്തുന്നതോടെ ചിത്രം മാറുമെന്നു ബിജെപി പ്രവർത്തകർ വിശ്വസിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തായിരുന്നു ബിജെപി. 

വടക്കേ മലബാറിൽനിന്നു കമ്യൂണിസ്റ്റ് നേതാക്കളായ എ.കെ.ഗോപാലനും ഇ.കെ.നായനാരും ഉൾപ്പെടെയുള്ളവർ സുരക്ഷിത മണ്ഡലം തേടി പണ്ടു പാലക്കാട്ടേക്കാണ് വന്നിരുന്നത്. എന്നാൽ, ഇക്കുറി പാലക്കാട്ടുനിന്നു ഷാഫി പറമ്പിൽ എന്ന കോൺഗ്രസിന്റെ യുവ എംഎൽഎ സിപിഎമ്മിന്റെ കെ.കെ.ശൈലജ എംഎൽഎയെ നേരിടാൻ വടകരയിലേക്കു പുറപ്പെട്ടിരിക്കുന്നു. ‘ഷാഫി പാലക്കാട്ടു തന്നെയുണ്ടായിരുന്നെങ്കിൽ ശ്രീകണ്ഠനു പ്രചാരണത്തിൽ നല്ല പിന്തുണ ലഭിക്കുമായിരുന്നു’വെന്നാണ് ഓട്ടോഡ്രൈവർ പ്രവീണിന്റെ സങ്കടം. 

പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്ത തിരഞ്ഞെടുപ്പു കൺവൻഷനോടെ മണ്ഡലത്തിൽ യുഡിഎഫ് സജീവമായിക്കഴിഞ്ഞു. കൺവൻഷനിൽ ഷാഫിയുടെ സാന്നിധ്യവും ശ്രദ്ധേയമായി. 

കാട്ടാന, പുലി, കാട്ടുപന്നി മുതൽ തെരുവുനായ്ക്കൾ വരെ ഇവിടുത്തുകാരുടെ ഉറക്കം കെടുത്തുന്നു. സ്‌കൂളിലേക്കു പോയ അഞ്ചു വയസ്സുകാരനെ കാട്ടുപന്നി ആക്രമിച്ചതിന്റെ നടുക്കത്തിലാണ് മണ്ണാർക്കാട് വിയ്യക്കുറുശ്ശിയിലെ താമസക്കാർ. മൃഗക്കലിക്കെതിരെ കേരളവും കർണാടകയും കരാർ ഒപ്പുവച്ച വിവരം കാട്ടുമൃഗങ്ങൾ അറിഞ്ഞിട്ടില്ലെന്നാണ് ഒരാൾ രോഷത്തോടെ പരിഹസിച്ചത്. ഈ പ്രശ്‌നത്തിനു പാർലമെന്റിൽ പരിഹാരം കാണാനാവുമെന്നും വോട്ടർമാരിൽ പലരും വിശ്വസിക്കുന്നില്ല. എന്നാൽ, വീടുകളിൽ മരപ്പട്ടിശല്യമുള്ളതായി ഒരാൾപോലും പരാതിപ്പെട്ടില്ല.

English Summary:

Lok Sabha Election 2024 , Palakkad Lok Sabha constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com