ADVERTISEMENT

സ്വാതന്ത്ര്യത്തിനു മുൻപു ടിപ്പു സുൽത്താന്റെ വെടിയൊച്ചകളും സ്വാതന്ത്ര്യാനന്തരം പനമ്പിള്ളി ഗോവിന്ദ മേനോന്റെ വാക്കുകളും മുഴങ്ങിയ നാടാണ്. കെ.കരുണാകരനെ ജയിപ്പിക്കുകയും മകളെ തോൽപിക്കുകയും ചെയ്ത, ഏറെയും കോൺഗ്രസ് ചായ്‌വുകാട്ടിയ മണ്ഡലം. എന്നിട്ടും തമാശക്കാരായ ലോനപ്പൻ നമ്പാടനും ഇന്നസന്റും കോൺഗ്രസിനെ തോൽപിച്ചു ചിരിച്ചിട്ടുണ്ട് ഇവിടെ.

മുകുന്ദപുരമെന്ന പഴയ പേരു കേൾക്കുമ്പോൾ എവിടെയാണതെന്നു മറ്റു നാട്ടുകാർ ചോദിച്ച കാലമുണ്ട്. താലൂക്കിന്റെ പേരായിരുന്നെങ്കിലും ആ പേരിലൊരു കവല പോലുമില്ല. 2009ൽ ചാലക്കുടിയെന്നു തിരുത്തി. ഓ, കലാഭവൻ മണിയുടെ നാട് എന്നു മറ്റു നാട്ടുകാർ തലകുലുക്കി.

മുകുന്ദപുരത്തെ അവസാന തിരഞ്ഞെടുപ്പ് (2004) കോൺഗ്രസിനു കയ്പായിരുന്നു. പത്മജ വേണുഗോപാൽ തോറ്റു. പക്ഷേ, ചാലക്കുടിയിലെ ആദ്യ തിരഞ്ഞെടുപ്പിൽ (2009) കെ.പി.ധനപാലൻ മണ്ഡലത്തെ കോൺഗ്രസിന്റെ പാളയത്തിലാക്കി.

തൃശൂർ ജില്ലയിലെ ചാലക്കുടിയെ തലക്കുറിയാക്കിയ മണ്ഡലത്തിന്റെ പകുതിയിലേറെയും എറണാകുളം ജില്ലയിലാണ്. കാലാവസ്ഥയിൽ കടൽക്കാറ്റും കാടിന്റെ തണുപ്പുമുണ്ട്. പക്ഷേ, കടലിൽ പണിയില്ലാത്തതും കാടു സമാധാനം കെടുത്തുന്നതും ജനങ്ങളുടെ ഉള്ളിൽ വേവാണ്. 

ബെന്നി ബഹനാന് ഇവിടെ രണ്ടാമൂഴമാണ്. ബഹളങ്ങളില്ല ബഹനാന്റെ പ്രചാരണത്തിൽ. എംപി എപ്പോഴും ജനങ്ങൾക്കു പ്രാപ്യനായിരുന്നു എന്ന ആത്മവിശ്വാസമാണു പ്രവർത്തകർക്ക്. ലോക്സഭാ മത്സരത്തിൽ കന്നിക്കാരനായ സി.രവീന്ദ്രനാഥിന്റെ ലാളിത്യ ഇമേജിൽ എൽഡിഎഫ് ഊന്നുന്നു. എൻഡിഎയിലെ കെ.എ.ഉണ്ണിക്കൃഷ്ണനും (ബിഡിജെഎസ്) ആദ്യ ലോക്സഭാ മത്സരമാണ്.

കൊടുങ്ങല്ലൂരിലെ അഴീക്കോട് ഹാർബറിൽ ലേലത്തിന്റെ ബഹളം, തമാശകൾ. പക്ഷേ, നേരമ്പോക്കിനുപോലും രാഷ്ട്രീയവും തിരഞ്ഞെടുപ്പും ചർച്ചയിലില്ല. ചെറുവള്ളത്തിലെ വലയിൽനിന്നു പലവക മീനുകളെ വേർപെടുത്തുന്നു സലാമും ബഷീറും മുഹമ്മദും. ചിരിയില്ലാതെ സലാം ഫലിതം പറഞ്ഞു: ‘സ്ഥാനാർഥികൾ വരുന്നുണ്ട്. ഇനിയും വരും. പിന്നെ വരാതാകും.’ പിന്നെ ഫലിതവും മാഞ്ഞു: ‘പണിയൊക്കെ വളരെ മോശമാണ്. 40 പേർ കയറുന്ന വള്ളം കടലിൽ പോകാൻ 30000 രൂപ വരെ ചെലവുണ്ട്. പിന്നെ കാരിയർ വള്ളത്തിന്റെ ചെലവും. അതിനൊത്തു മീൻ കിട്ടാറില്ല. മണ്ണെണ്ണയ്ക്കു 90 – 92 വില. സബ്സിഡിയില്ല, മറ്റ് ആനുകൂല്യങ്ങളുമില്ല. പ്രശ്നങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പറയാമെന്നേയുള്ളൂ.’

കൃഷിയിൽ മാത്രമല്ല, കൃഷി വകുപ്പിന്റെ നടപടികളിലും കവട (ഒരിനം കള) കയറുന്നതിന്റെ അനുഭവങ്ങൾ ഒരു ചിക്കുപായ നിറയെയുണ്ട് അഷ്ടമിച്ചിറയിലെ കർഷകൻ സുബ്രഹ്മണ്യനു പറയാൻ. പുല്ലൻകുളങ്ങര പാടശേഖരത്തിൽ ഒരേക്കറിൽ നെൽക്കൃഷിയുണ്ട്. ‘പരാതിപ്പെടാഞ്ഞിട്ടല്ല. പരാതികളും മറുപടികളും സൂക്ഷിച്ചുവച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പു കാലത്തു മാത്രം വരുന്ന രാഷ്ട്രീയക്കാർക്കു നമ്മുടെ പാടത്തു കവട കയറുന്നത് വലിയ വിഷയമല്ലല്ലോ.’

മുൻപു കാർഷിക സർവകലാശാലയിൽനിന്നു വന്നവർ തളിച്ച കളനാശിനി ഫലം കണ്ടതാണ്. പിന്നെയും കള കയറുന്നു. പ്രളയത്തിൽ സുബ്രഹ്മണ്യന്റെ മൂന്നു പശുക്കൾ ചത്തു. വായ്പയെടുത്തു വാങ്ങിയതാണ്. നഷ്ടപരിഹാരം കിട്ടിയില്ല. സഹകരണ സംഘത്തിലെ വായ്പയുടെ പലിശയിൽപോലും ഇളവില്ല. മന്ത്രിക്കും നവകേരള സദസ്സിലുമൊക്കെ പരാതി നൽകിയതാണ്.

‘എത്ര വയ്യെങ്കിലും വോട്ടു ചെയ്യാൻ പോകാറുണ്ട്. എന്തിനെന്ന് ആലോചിക്കാറുമുണ്ട്’ – കവട കയറിയാലും കൃഷി തുടരുന്നതു പോലെയാണ് ഉണ്ണിക്കൃഷ്ണനു വോട്ട്.

ചാലക്കുടിച്ചന്തയെപ്പറ്റി കലാഭവൻ മണി പാടിയ പാട്ടോർത്താണ് അങ്ങോട്ടു കയറിയത്. കച്ചവടത്തിരക്കു കുറഞ്ഞ ഉച്ചനേരം. പ്രളയത്തിൽ മുങ്ങിപ്പോയ പട്ടണവും ചന്തയുമാണ്. പാട്ടിലെ ചന്തമൊന്നും ഇപ്പോഴില്ലെന്നു സ്റ്റേഷനറി വ്യാപാരി ഉണ്ണിക്കൃഷ്ണൻ. പ്രളയത്തിൽ വെള്ളം കയറി നിന്ന നിരപ്പ് ഉണ്ണിക്കൃഷ്ണൻ കടയുടെ ചുവരിൽ കാണിച്ചു. ‘എല്ലാ കച്ചവടക്കാർക്കും വലിയ നഷ്ടമുണ്ടായി. സഹായമൊന്നും കിട്ടിയതുമില്ല.’ ഉണ്ണിക്കൃഷ്ണന്റെ കൂടപ്പുഴയിലെ വീടും മുങ്ങിയിരുന്നു. അതിന് 10000 രൂപ കിട്ടി.

കോവിഡ് കാലത്താണു ചന്തയിലെ കച്ചവടം ശരിക്കും തകർന്നു തുടങ്ങിയതെന്ന് ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ‘ലോക്ഡൗൺ പ്രദേശം മാറുന്നതനുസരിച്ചു കച്ചവടം പലയിടത്തേക്കു മാറി. പിന്നെ പഴയതു പോലെയായില്ല.

അതിരപ്പള്ളിയിലെയും വാഴച്ചാലിലെയും പുറംകാഴ്ചകൾ സഞ്ചാരികളുടെ മനസ്സു കുളുർപ്പിക്കുന്നുണ്ട്. പക്ഷേ, നാട്ടുകാരായ ആദിവാസികൾക്കു ജീവിതം അങ്ങനെയല്ല. പ്രളയകാലവും കാട്ടുമൃഗങ്ങൾ ഇരച്ചെത്തുന്ന ഈ കാലവും അവർക്ക് ഉറക്കമിളപ്പിന്റേതാണ്. രണ്ടു ദുരിതങ്ങളുടെയും ഓർമകളോടെയേ വാഴച്ചാലിലെ വനസംരക്ഷണ സമിതി വൈസ് പ്രസിഡന്റ് കെ.പി.ഇന്ദിരയ്ക്കു തിരഞ്ഞെടുപ്പിനെപ്പറ്റി സംസാരിക്കാനാകൂ.‘ഞാനും ഇലക്‌ഷൻ വർക്കിനു പോയിട്ടുണ്ട്. എന്നിട്ടും കഷ്ടകാലത്ത് തിരിച്ചൊന്നും കിട്ടിയില്ല. പല വാഗ്ദാനങ്ങളും കേട്ടു. കഷ്ടപ്പാടിന്റെ സമയത്തുപോലും സഹായം കിട്ടാത്തവരാണു ഞങ്ങൾ.’

എല്ലാം പുറമേ കണ്ടു മടങ്ങുന്ന സഞ്ചാരികളെപ്പോലെയായിരുന്നു പ്രളയകാലത്തു വാഴച്ചാലിലെ ആദിവാസി വീടുകൾ പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരും. അവർ കണ്ട വീടുകൾക്കു പുറമേ കുഴപ്പമൊന്നുമില്ലായിരുന്നു. അതുകൊണ്ടു പലർക്കും സഹായവും കിട്ടിയില്ല! പുറമേ പൊട്ടാത്ത ചുവരുകളും ജീവിതങ്ങളും അകമേ അരക്ഷിതമായിരുന്നു. 10000 രൂപ വീതം വാങ്ങി അവർ തൃപ്തിപ്പെട്ടു.

74 വീടുകളുള്ള വാഴച്ചാൽ ആദിവാസി കോളനിയിൽ ആനകളാണ് കൂടുതൽ ശല്യം ചെയ്യുന്നത്.  വൈദ്യുത വേലി  എല്ലായിടത്തും ഇല്ല. വന സംരക്ഷണ സമിതി ജോലികൾ നൽകുന്നതുകൊണ്ടാണ് കോളനിക്കാരുടെ ജീവിതം മുന്നോട്ടുപോകുന്നതെന്ന് ഇന്ദിര നന്ദിയോടെ ഓർക്കുന്നു. 

‘അയ്യോ, സ്വന്തം സ്ഥലവും വീടുമാകാനുള്ള വരുമാനമില്ല. ചെറിയ കടയാണ്. കഷ്ടിച്ചു കഴിഞ്ഞുകൂടുന്നു.’ – ബിഹാറിലെ സീതാമാഡി ജില്ലക്കാരനായ നാസർ ഒന്നാന്തരം പെരുമ്പാവൂർ മലയാളത്തിൽ പറയുന്നു. രണ്ടാം തവണയാണു നാസർ വോട്ട് ചെയ്യാൻ പോകുന്നത്. നാസറിനു മുൻപേ ഇവിടെയെത്തിയ ജ്യേഷ്ഠൻ നജീബിനു നേരത്തേ വോട്ടുണ്ട്. ഏഴു വയസ്സുള്ളപ്പോൾ ഇവിടെയെത്തിയതാണ് നാസർ. ഇപ്പോൾ 40 വയസ്സ്. പെരുമ്പാവൂർ ടൗണിൽ ചെറിയൊരു തുണിക്കട നടത്തുന്നു. പനന്തറയിൽ താമസം. മൂന്നു മക്കളുണ്ട്.

ജീവിക്കാനുള്ള തത്രപ്പാടിനിടയിലും നാസർ  രാഷ്ട്രീയം ശ്രദ്ധിക്കും. ‘ഇവിടത്തെ രാഷ്ട്രീയം കുഴപ്പമില്ല. തിരഞ്ഞെടുപ്പും രാഷ്ട്രീയവുംകൊണ്ട് ഉപകാരമൊന്നും ഇതുവരെ കിട്ടിയിട്ടില്ല.’ വീടു കിട്ടുമെന്നു നാസർ വർഷങ്ങളായി കേൾക്കുന്നുണ്ട്. പലയിടത്തും അപേക്ഷ കൊടുത്തു. വർഷങ്ങളായി നാസർ സീതാമാഡിയിലേക്കു പോകുന്നില്ല. മാതാപിതാക്കൾ മരിച്ചു. അവിടെ സ്വത്തുക്കളുമില്ല. വടക്കേ ഇന്ത്യൻ ഭായിമാർ വന്നു നിറഞ്ഞു പെരുംഭായിയൂരായ പെരുമ്പാവൂർ മതിയിനി.

English Summary:

Lok Sabha Election 2024 , Chalakudy Lok Sabha constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com