ADVERTISEMENT

തേങ്ങയുടെ വിലയിടിവു കാരണം ചക്കിലെ കൊപ്രപോലെ ദുരിതങ്ങളിൽ ഞെരുങ്ങുകയാണ് കർഷകരുടെ ജീവിതം. സർക്കാരിന്റെ പിടിപ്പുകേടും ഉദ്യോഗസ്ഥരുടെ അനാസ്ഥയും മൂലം കേരളത്തിൽ ഇത്തവണയും കൊപ്ര സംഭരണം പാളിയേക്കാമെന്ന സ്ഥിതി അവരെ വല്ലാതെ ഭയപ്പെടുത്തുന്നു. സമയോചിത ഇടപെടൽ നടത്തിയ തമിഴ്നാട് സംഭരണത്തിന് ഒരുക്കം പൂർത്തിയാക്കി. കേരളമാകട്ടെ കത്തെഴുതിയിട്ടേയുള്ളൂ... സംഭരണത്തിൽ സംഭവിക്കുന്നതെന്ത് ? കർഷക പ്രതിനിധികൾ പ്രതികരിക്കുന്നു

കർഷകർക്ക് അധികവില നൽകാൻ മുന്നിലുണ്ട് വഴികൾ

ജേക്കബ് പുളിക്കൻ 
(നാഷനൽ കോ ഓർഡിനേറ്റർ, ഓൾ ഇന്ത്യ കോക്കനട്ട് ഗ്രോവേഴ്സ് ഫെഡറേഷൻ)

കർഷകർക്ക് ഉടൻ പണം കൊടുക്കാത്തതാണു കൊപ്ര സംഭരണം പരാജയപ്പെടാനുള്ള കാരണം. കൃഷിക്കാർക്ക് അവരുടെ അധ്വാനത്തിന്റെ വില ഉൽപന്നം വിൽക്കുമ്പോഴെങ്കിലും ലഭിക്കണം. അതിനുവേണ്ടി കാത്തിരിക്കേണ്ടി വരുന്നത് കർഷകരോടുള്ള അവമതിപ്പു മൂലമാണ്. കൃഷിഭവനുകൾ വഴി കൊപ്ര സംഭരിക്കണം. സംസ്ഥാനത്താകെ ചുരുങ്ങിയ സ്ഥലങ്ങളിൽ മാത്രം സംഭരണം നടത്തിയാൽ കർഷകർക്ക് എന്തുഗുണം? കൊപ്രയ്ക്കു കൂടുതൽ വില ഉറപ്പാക്കണം. നാഫെഡിന് അവർക്കുള്ള വിഹിതം മാത്രമേ നൽകാനാവൂ. അധികവില നേരിട്ടു നൽകാൻ സംസ്ഥാന സർക്കാരിനു പണവുമില്ല. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന നാളികേര വികസന ബോർഡിനും കയർഫെഡിനും ധാരാളം പണമുണ്ട്, തെങ്ങുമായി ബന്ധപ്പെട്ടു പദ്ധതികളുമുണ്ട്. ഇതിൽ ഏതൊക്കെ പ്രയോജനപ്പെടുത്താമെന്നു സർക്കാർ ആലോചിക്കണം. അവരെ സമീപിച്ചാൽ കൊപ്ര സംഭരണത്തിനുള്ള അധികവില കണ്ടെത്താനാവും. കൊപ്രയ്ക്ക് ഉണക്കു കുറവാണെന്ന പേരിൽ വില കുറയ്ക്കുന്നത് ഒഴിവാക്കണം. സംഭരണത്തിലെ ഉദ്യോഗസ്ഥ കൈകടത്തൽ കർഷകർ നേരിടുന്ന വലിയ പ്രതിസന്ധിയാണ്.

ജേക്കബ് പുളിക്കൻ
ജേക്കബ് പുളിക്കൻ

ഏതു കാർഷിക ഉൽപന്നമായാലും ഉൽപാദനച്ചെലവിന്റെ പകുതികൂടി കൂട്ടിയാവണം സംഭരണവിലയെന്നു സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നൽകിയിട്ടു കുറച്ചുകാലമായി. ആ നിർദേശം കൊപ്രയുടെ കാര്യത്തിലും ഉറപ്പാക്കണം.

രണ്ടുവർഷം; കേരളത്തിന് 220 കോടി നഷ്ടം

സച്ചിദാനന്ദ ഗോപാലകൃഷ്ണൻ
(കേരകേസരി പുരസ്കാര ജേതാവ്)

കേരളമെന്നാണു പേരെങ്കിലും സംസ്ഥാനത്തെ കേരകർഷകർക്കു കരയാനാണു വിധി. സർക്കാരിന്റെ അവഗണനയാണു കാരണം. നഷ്ടം മൂലം കൊപ്രയുടെ ഉൽപാദനം എനിക്കു നിർത്തേണ്ടിവന്നു. എത്രയോ കർഷകർ ആ വഴി സ്വീകരിച്ചു. 

സച്ചിദാനന്ദ ഗോപാലകൃഷ്ണൻ
സച്ചിദാനന്ദ ഗോപാലകൃഷ്ണൻ

യുഡിഎഫ് സർക്കാരിന്റെ കാലത്തു നല്ല രീതിയിൽ നടന്ന സംഭരണമാണ് ഇപ്പോൾ താറുമാറായത്. പച്ചത്തേങ്ങ സംഭരണത്തിന്റെ അവസ്ഥയും ഇതുതന്നെ. കേരകർഷകരെ സഹായിക്കാൻ തുടങ്ങിയ കേരഗ്രാമം പദ്ധതിയുടെ അവസ്ഥയും മോശമാണ്. കേന്ദ്ര സർക്കാരിന്റെ അവഗണനയെന്നു പറഞ്ഞു സംസ്ഥാന സർക്കാർ കർഷകരെ പറ്റിക്കുകയായിരുന്നു. കേന്ദ്രം താങ്ങുവില നിശ്ചയിച്ചു കൊപ്ര സംഭരിക്കാൻ തയാറായെങ്കിലും കേരളം നടപടിയെടുത്തില്ല. കിട്ടിയ വിലയ്ക്കു പൊതുവിപണിയിൽ തേങ്ങ വിറ്റതോടെ കർഷകർക്കുണ്ടായതു ചില്ലറ നഷ്ടമല്ല. ഇതിനിടയിൽ തെങ്ങിനു പലവിധ രോഗം ബാധിച്ചെങ്കിലും അതെക്കുറിച്ചു പഠിച്ചു പരിഹാരം കണ്ടെത്താനോ മരുന്നു നൽകാനോ സർക്കാർ തയാറായില്ല. 

കേന്ദ്ര നിർദേശപ്രകാരം കഴിഞ്ഞ രണ്ടു വർഷംകൊണ്ടു ഒരു ലക്ഷം ടൺ കൊപ്ര സംഭരിച്ചു ലക്ഷ്യം കൈവരിച്ചിരുന്നെങ്കിൽ 220 കോടി രൂപയുടെ സഹായം കേരളത്തിലെ കർഷകർക്കു ലഭിക്കുമായിരുന്നു. അയൽ സംസ്ഥാനമായ തമിഴ്നാട്ടിലേക്കു നോക്കിയാൽ നമുക്കു ലജ്ജ തോന്നും. അവർ സമയബന്ധിതമായി നടപടികളെടുക്കുന്നു. നമ്മളോ ?

ഉദ്യോഗസ്ഥ– രാഷ്ട്രീയ അഴിമതിയാണ് വില്ലൻ

ജോയി കണ്ണൻചിറ
(ചെയർമാൻ, വി–ഫാം കർഷക കൂട്ടായ്മ)

അഴിമതി ഇല്ലാതാക്കാനെന്ന പേരിൽ കൊപ്ര സംഭരണത്തിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ കർഷകരെ ദ്രോഹിക്കാനുള്ളതാണ്. ഒരു തെങ്ങിൽനിന്ന് വർഷത്തിൽ 70 തേങ്ങയെന്ന നിയന്ത്രണംമൂലം കർഷകർക്കു താങ്ങുവിലയുടെ ആനുകൂല്യം നിഷേധിക്കപ്പെടുന്നു. ഇതു പുനഃപരിശോധിക്കാൻ സമിതിയുണ്ടാക്കിയെന്നാണ് സർക്കാർ പറയുന്നത്. അത് അടുത്ത അഴിമതിക്കാണ്. ഇത്തരം സമിതികളിൽ കയറിക്കൂടുക മാത്രമാണ് ഉദ്യോഗസ്ഥരുടെ ലക്ഷ്യം. 

ജോയി കണ്ണൻചിറ
ജോയി കണ്ണൻചിറ

കൈമാറിയ നാളികേരത്തിന്റെ പണം മൂന്നു മാസമായി കർഷകർക്കു കുടിശികയാണ്. കൊപ്ര സംഭരണത്തിൽ വ്യാപാരികൾ ഇടപെട്ട് തട്ടിപ്പു നടത്തുന്നെന്നാണല്ലോ പരാതി. ഇതിനു പരിഹാരം വാർഡുകൾതോറും കർഷകരിൽനിന്നു നേരിട്ടു നാളികേരം സംഭരിക്കലാണ്.  വിത്തുതേങ്ങ സംഭരിക്കുന്നതിലും വലിയ അഴിമതിയുണ്ട്. മൂന്നിലൊന്നുപോലും കർഷകരിൽനിന്നല്ല ശേഖരിക്കുന്നത്. പുറംവിപണിയിൽനിന്നാണ് ഇവ എത്തുന്നത്. കൃഷിവകുപ്പ് പിരിച്ചുവിട്ട്, വകുപ്പിനായി ചെലവഴിക്കുന്ന പണം കർഷകർക്കു വിതരണം ചെയ്താൽ അത്രയെങ്കിലും ഗുണം കിട്ടും. 

റബർ കർഷകർക്കു താങ്ങുവില ആനുകൂല്യം ലഭിക്കുന്ന മാതൃകയിൽ കേരകർഷകർക്കും പൊതുവിപണിയിൽ വിൽക്കുന്ന തേങ്ങയ്ക്കു താങ്ങുവില സർക്കാർ ഉറപ്പാക്കണം. മറ്റു രാജ്യങ്ങളിലെപ്പോലെ മൂല്യവർധിത ഉൽപന്നങ്ങൾ തേങ്ങയിൽനിന്ന് ഉണ്ടാക്കാനായാൽ കർഷകർക്കു സഹായമാകും.

സർക്കാരിന്റെ പിടിപ്പുകേട് കർഷകരെ തകർത്തു

അലക്സ് ഒഴുകയിൽ
(ചെയർമാൻ, കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ )

കേരളത്തിലെ കൃഷിയുടെ നട്ടെല്ലാണ് വർഷം 8500 കോടി രൂപയുടെ തേങ്ങ ഉൽപാദിപ്പിക്കുന്ന നാളികേരമേഖല. റബർ (6700 കോടി) ,കപ്പ (4000 കോടി), അടയ്ക്ക (2500 കോടി) എന്നിവയാണു പിന്നിലുള്ളത്. ഒരു കിലോ നാളികേരത്തിന്റെ ഉൽപാദനച്ചെലവ് 50 രൂപയോളം എത്തിനിൽക്കുമ്പോൾ കർഷകർക്കു കിട്ടുന്നത് 28 രൂപ മാത്രം. സർക്കാരിന്റെ സംഭരണവിലയായ 34 രൂപയിൽ 29.60 രൂപ കേന്ദ്രവും 4.40 രൂപ സംസ്ഥാനവുമാണു നൽകുന്നത്. ഒരു കിലോ നാളികേരത്തിന്റെ വില 20 രൂപ വരെ താഴ്ന്ന സന്ദർഭങ്ങളും ഒരു വർഷത്തിനിടെ ഉണ്ടായിട്ടുണ്ട്. ഒരിക്കലും പൊതുവിപണിയിലെ വില സംഭരണവിലയായ 34നു മുകളിൽ പോയിട്ടില്ല. 


അലക്സ് ഒഴുകയിൽ
അലക്സ് ഒഴുകയിൽ

ഇതിനു പ്രധാനകാരണം കേരള സർക്കാർ തേങ്ങ സംഭരണത്തിൽ കാണിക്കുന്ന അലംഭാവമാണ്. 50,000 ടൺ കൊപ്ര സംഭരിക്കാൻ കേന്ദ്രം അനുവദിച്ചിട്ടും വെറും 1200 ടൺ മാത്രമാണ് കഴി‍ഞ്ഞവർഷം കേരളത്തിൽ സംഭരിച്ചത്. 50,000 ടൺ സംഭരിച്ചിരുന്നെങ്കിൽ വർഷം മുഴുവൻ തേങ്ങയ്ക്കു കിലോയ്ക്ക് 34 രൂപ ലഭിക്കുന്ന സാഹചര്യമുണ്ടായേനെ. പക്ഷേ, സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് 20 രൂപയ്ക്കു വരെ തേങ്ങ വിൽക്കേണ്ട ഗതികേടുണ്ടായി.

എന്നാൽ, തമിഴ്നാട് 50000 ടണ്ണിനു പുറമേ 30000 ടൺ കൂടി സംഭരിച്ച് കർഷകർക്കു ന്യായവില ഉറപ്പാക്കി. കർഷകർ നാടിന്റെ നട്ടെല്ലാണെന്നു നാഴികയ്ക്കു നാൽപതുവട്ടം പറയുന്ന കേരളത്തിലെ രാഷ്ട്രീയ നേതൃത്വം കേരകർഷകരെ വഞ്ചിക്കുന്ന നിലപാട് തിരുത്തണം.

സംഭരണാനുമതി വൈകാതെ ലഭിക്കുമെന്ന് പ്രതീക്ഷ 

ഡോ.ബി.അശോക്
(പ്രിൻസിപ്പൽ സെക്രട്ടറി, കൃഷി വകുപ്പ്)

ഏപ്രിൽ ഒന്നു മുതൽ കൊപ്ര സംഭരണം നടത്താനാകും. കേന്ദ്ര സർക്കാരിൽനിന്നു വൈകാതെ സംഭരണാനുമതി ലഭിക്കുമെന്നാണു പ്രതീക്ഷ. തിരഞ്ഞെടുപ്പുചട്ടം അനുമതിക്കു തടസ്സമാകുമെന്നു കരുതുന്നില്ല. ഈ മാസം 14ന് ആണ് സംഭരണാനുമതി തേടി കേന്ദ്ര കൃഷി മന്ത്രാലയത്തിനു സംസ്ഥാന സർക്കാർ കത്തയച്ചത്. ഏഴിനാണ് തമിഴ്നാട് ശുപാർശ കേന്ദ്രത്തിനു നൽകിയത്. 12നു കേന്ദ്രത്തിൽനിന്ന് അവർക്ക് അനുമതി ലഭിച്ചു. സംഭരണത്തിനുള്ള ഉത്തരവു തമിഴ്നാട് സർക്കാർ പിറ്റേദിവസം പുറത്തിറക്കുകയും ചെയ്തു.

English Summary:

Farmer's representatives response about copra procurement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com