ADVERTISEMENT

വിദ്യാഭ്യാസവിദഗ്ധനും യുജിസി ചെയർമാനുമായിരുന്ന പ്രഫ. യശ്പാൽ ഒരിക്കൽ പറഞ്ഞു: “വിദ്യാഭ്യാസമേഖലയിലേക്കു കൊടുക്കാൻ എനിക്കു പുതുതായൊരു മോഡലും ഇല്ല. നമ്മൾ എല്ലാം പരീക്ഷിച്ചു കഴിഞ്ഞതാണ്.” ബ്രിട്ടിഷ് ഭരണകാലത്തു തുടക്കംകുറിച്ചതും സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ വികസിച്ചതുമായ വിദ്യാഭ്യാസമേഖലയെ സമ്പൂർണമായി പൊളിച്ചെഴുതാതെ പലതരം കൂട്ടിച്ചേർക്കലുകളിലൂടെയും പുനഃക്രമീകരണങ്ങളിലൂടെയുമാണ് ഇത്രകാലവും നവീകരിച്ചത്. 

ഇംഗ്ലിഷിലും പ്രാദേശികഭാഷയിലുമായുള്ള അടിസ്ഥാന വിദ്യാഭ്യാസവും പൂർണമായി ഇംഗ്ലിഷിലുള്ള ഉന്നതവിദ്യാഭ്യാസവും രാജ്യത്തിന്റെ ശാസ്ത്ര-സാങ്കേതികവിദ്യാ മുന്നേറ്റത്തിനും വ്യക്തികളുടെ സാമൂഹിക-സാമ്പത്തിക വളർച്ചയ്ക്കും അടിത്തറയായി. ഈ മാതൃകയാണ് വിദ്യാഭ്യാസ, തൊഴിൽരംഗങ്ങളിൽ ആഗോളസാധ്യതകൾ കണ്ടെത്താനും പ്രവാസത്തെ സാമ്പത്തിക അഭിവൃദ്ധിക്കുള്ള മാർഗമാക്കി മാറ്റാനും നമുക്കു സഹായകരമായത്. ഇന്ത്യയിൽ ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണു കേരളം. 

എന്നാൽ, 2020ലെ ദേശീയ വിദ്യാഭ്യാസനയം ഇതിൽനിന്നു മാറിച്ചിന്തിക്കുന്നതാണ്. അതിൽ ഏറ്റവും പ്രധാനം അഞ്ചാംക്ലാസ് വരെയും, സാധ്യമാകുന്നിടത്തൊക്കെ എട്ടാംക്ലാസ് വരെയും അതിനുശേഷവും മാതൃഭാഷയിൽ വിദ്യാഭ്യാസം നൽകാനുള്ള നിർദേശമാണ്. ഇതു സ്കൂൾതലത്തിൽ സംസ്ഥാന വിദ്യാഭ്യാസ ബോർഡുകൾക്കും സിബിഎസ്ഇക്കും ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷകൾ നടത്തുന്ന സിഐഎസ്‌സിഇക്കും ഉന്നതവിദ്യാഭ്യാസ തലത്തിൽ സർവകലാശാലകൾക്കുമെല്ലാം ബാധകമാണ്. 

അടിസ്ഥാനതലംമുതൽ ഉന്നതവിദ്യാഭ്യാസതലം വരെയുള്ള പാഠപുസ്തകങ്ങൾ പ്രാദേശികഭാഷകളിൽ പരിഭാഷപ്പെടുത്തി വിദ്യാർഥികൾക്കു ലഭ്യമാക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ബിരുദ പാഠപുസ്തകങ്ങൾ മലയാളം ഉൾപ്പെടെയുള്ള പ്രാദേശികഭാഷകളിലേക്കു പരിഭാഷപ്പെടുത്തുന്നതിനു യുജിസി തുടക്കം കുറിച്ചുകഴിഞ്ഞു. പ്രാദേശികഭാഷയിൽ അധ്യയനം ഉറപ്പുവരുത്താൻ രണ്ടു മുതിർന്ന അധ്യാപകരെ കോഓർഡിനേറ്റർമാരായി നിയമിക്കണമെന്നു സർവകലാശാലകൾക്കു  നിർദേശവും നൽകി. 

വിദേശഭാഷകളിൽ ഒന്നുമാത്രമോ ?

ഈയിടെ സിബിഎസ്ഇ പുറത്തിറക്കിയ നിർദേശപ്രകാരം 9-12 ക്ലാസ് വിദ്യാർഥികൾ രണ്ട് ഇന്ത്യൻ ഭാഷകൾ പഠിക്കണം. ജർമനും ഫ്രഞ്ചും പോലെ വിദേശഭാഷകളുടെ കൂട്ടത്തിൽ തിരഞ്ഞെടുക്കാവുന്ന ഒന്നു മാത്രമായി ഇംഗ്ലിഷിനെ ചുരുക്കി. ഇംഗ്ലിഷിനെ ഇങ്ങനെ ചുരുക്കുന്നത് ആശാസ്യമാണോ എന്നതാണു ചോദ്യം. 

പാഠപുസ്തക പരിഭാഷയും മാതൃഭാഷയിലുള്ള വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതു തന്നെ. എന്നാൽ, ഈ മാറ്റങ്ങളുടെ മറവിൽ ഇംഗ്ലിഷ് പുറന്തള്ളപ്പെടുന്നത് ഇന്ത്യൻ സാഹചര്യങ്ങളിൽ ഗുണകരമാകുമോ, അതോ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശോഷണത്തിനു വഴിവയ്ക്കുമോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. നിലവിലെ സാഹചര്യത്തിൽ താഴ്ന്ന ക്ലാസുകളിൽ മാതൃഭാഷയിൽ പഠിച്ചുവരുന്ന വിദ്യാർഥികളുടെ പോലും തുടർപഠനം ഇംഗ്ലിഷിലാണ്. 

ഇന്ത്യയിലെ ആധുനിക വിദ്യാഭ്യാസവും ഇംഗ്ലിഷും ഇത്രത്തോളം ഇഴചേർന്നു കിടക്കുന്നതിനു ചരിത്രപശ്ചാത്തലമുണ്ട്. ബ്രിട്ടിഷുകാർ ഇന്ത്യയിൽ ഭരണമുറപ്പിച്ച ആദ്യനാളുകളിൽത്തന്നെ മദ്രാസിലെയും കൽക്കട്ടയിലെയും ബ്രാഹ്മണർ ഇംഗ്ലിഷ് വിദ്യാലയങ്ങൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി ഗവർണർമാരെ സമീപിച്ചു. ആധുനികവിദ്യാഭ്യാസം പിൽക്കാലത്ത് ഇന്ത്യയിലെ സാമൂഹികമാറ്റങ്ങളുടെ ആണിക്കല്ലായി. എല്ലാ വിഭാഗങ്ങൾക്കുമിടയിൽ അതിനു സ്വീകാര്യത ലഭിച്ചു. ഭിന്നമായ ഉപദേശീയതകളെ ഒന്നിച്ചുചേർത്ത് ഇന്ത്യൻ ദേശീയത എന്നൊരു കാഴ്ചപ്പാട് വളർത്തിയെടുക്കാൻപോലും ഇംഗ്ലിഷിന്റെ പ്രചാരം സഹായിച്ചു.

ഡോ. ബർട്ടൺ ക്ലീറ്റസ്
ഡോ. ബർട്ടൺ ക്ലീറ്റസ്

മറ്റിടങ്ങളിൽ സ്വീകാര്യത കൂടി

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലും അവസരങ്ങളുടെയും സാധ്യതകളുടെയും ആഗോളവൽക്കരണ കാലത്തുമെല്ലാം ഈ പശ്ചാത്തലം നമുക്കു സഹായകരമായി.

ഇന്ന് ഇന്ത്യയിലെയും വിദേശത്തെയും സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലുമെത്താൻ ഇന്ത്യൻ വിദ്യാർഥികൾക്കു കഴിയുന്നത് ഇംഗ്ലിഷ് പരിജ്ഞാനം കൊണ്ടാണ്. ആഗോളതതലത്തിലെ ഗവേഷണ പ്രബന്ധങ്ങളിൽ എഴുപതു ശതമാനത്തോളവും ഇംഗ്ലിഷിലാണ്‌. ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലകളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും കണക്കെടുത്താൽ കൂടുതലിടങ്ങളിലും അധ്യയനമാധ്യമം ഇംഗ്ലിഷാണ്. മാതൃഭാഷയിലുള്ള വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകിയിരുന്ന ജർമനിയും ഫ്രാൻസും ഇന്ന് ഉന്നത വിദ്യാഭ്യാസമേഖലയിൽ ഇംഗ്ലിഷും വലിയ തോതിൽ ഉപയോഗിക്കുന്നു. ആഗോള വിപണിയിലേക്കുള്ള ചൈനയുടെ വരവ് അവിടെ ഇംഗ്ലിഷ് ഭാഷ വളരാൻ കാരണമായി. ലോകത്തിന്റെ മറ്റിടങ്ങളിൽ കാര്യങ്ങൾ ഇങ്ങനെയായിരിക്കെയാണ് നാം ഇംഗ്ലിഷ് പഠന പശ്ചാത്തലം ഉപേക്ഷിക്കാൻ ശ്രമം നടത്തുന്നത്. 

Representative image. Photo Credits; ITTIGallery/ Shutterstock.com
Representative image. Photo Credits; ITTIGallery/ Shutterstock.com

ചില പ്രായോഗിക പ്രശ്നങ്ങൾ

സ്കൂൾപഠനശേഷം ഡൽഹിയും െബംഗളൂരുവും ചെന്നൈയും പോലുള്ള നഗരങ്ങളിലെ ഉപരിപഠന സാധ്യതകൾ ഏറെ അന്വേഷിക്കുന്നവരാണ് മലയാളി വിദ്യാർഥികൾ. മറ്റു സംസ്ഥാനങ്ങളിലെ വിദ്യാർഥികളും ഏറിയും കുറഞ്ഞുമുള്ള തോതിൽ ഈ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നു. ഇനി ഇത്തരം സ്ഥാപനങ്ങളിൽ പഠനമാധ്യമം ഹിന്ദിയോ കന്നഡയോ തമിഴോ ആണെങ്കിൽ എന്തുചെയ്യും? പ്രാദേശികഭാഷയിൽ പഠിച്ച വിദ്യാർഥികൾക്കു ഹിന്ദിയിലുള്ള സാമാന്യ ആശയവിനിമയം പോലും ശ്രമകരമാണെന്നിരിക്കെ, സങ്കീർണമായ ശാസ്ത്രവിഷയങ്ങൾ പഠിപ്പിക്കുമ്പോൾ ഹിന്ദിയിലുള്ള പാഠപുസ്തകങ്ങളോ അധ്യയനമോ എങ്ങനെ മനസ്സിലാക്കും? ഇന്ത്യയിലെ പൊതുഭാഷ എന്ന നിലയിൽനിന്ന് ഇംഗ്ലിഷ് ഒഴിവായാൽ കേരളത്തിനു പുറത്തുള്ള പ്രദേശങ്ങളിലെ അക്കാദമിക് സമൂഹവുമായി ആശയവിനിമയം നടത്താൻ എങ്ങനെ സാധിക്കുമെന്നു പ്രാദേശികവാദത്തിന്റെ വക്താക്കൾ ചിന്തിച്ചിട്ടുണ്ടോ?. 

പ്രാദേശികവാദത്തിന്റെ ലക്ഷ്യം

നിലനിൽക്കുന്ന വിദ്യാഭ്യാസമാതൃകയിൽനിന്നു വിഭിന്നമായി പ്രാദേശികതയിലേക്കും അതിൽനിന്നു പാരമ്പര്യത്തിലേക്കുമുള്ള പോക്ക് വിദ്യാഭ്യാസമേഖലയെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. പുതിയ വിദ്യാഭ്യാസനയത്തിന്റെ പ്രഖ്യാപിത ലക്ഷ്യം ‘ഇന്ത്യനൈസേഷൻ ഓഫ് എജ്യുക്കേഷൻ’ അല്ലെങ്കിൽ വിദ്യാഭ്യാസത്തിന്റെ ഭാരതവൽക്കരണമാണ്. ഈ ഇന്ത്യനൈസേഷൻ കഴിഞ്ഞ പത്തു വർഷമായി പലരീതിയിൽ നടപ്പാക്കുന്നതാണ്. പുതിയ വിദ്യാഭ്യാസനയം അതിന് ഔദ്യോഗിക പരിവേഷം നൽകുക മാത്രമാണു ചെയ്തത്. ഇംഗ്ലിഷിനുപകരം ഹിന്ദിക്കല്ല, അതതു മേഖലകളിലെ പ്രാദേശികഭാഷയ്ക്കാണ് ഊന്നൽ. 

സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഭരണസംവിധാനം വടക്കേ ഇന്ത്യയിലെ ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളുടെ ആധിപത്യത്തിനു വഴിവച്ചിരുന്നു. മാറിമാറിവന്ന കേന്ദ്രസർക്കാരുകൾ ഹിന്ദിയുടെ പ്രചാരത്തിനു നൽകിയ പ്രാധാന്യം തെക്കും കിഴക്കുമുള്ള സംസ്ഥാനങ്ങളിൽ ശക്തമായ എതിർപ്പിനു വഴിവച്ചിട്ടുമുണ്ട്. സ്വീകാര്യമായ പൊതുഭാഷയായി ഇംഗ്ലിഷ് നിലനിന്നു. ഹിന്ദിവിരുദ്ധതയിൽ വേരൂന്നി വളർന്ന പ്രാദേശികവാദത്തിന്റെ മറപറ്റിയാണ് ഇപ്പോൾ ഇന്ത്യൻ വിദ്യാഭ്യാസമേഖലയിൽനിന്ന് ഇംഗ്ലിഷിനെ ഒഴിവാക്കാനുള്ള നീക്കം നടക്കുന്നതെന്ന കാര്യം കൗതുകകരമാണ്. അതിനുശേഷം പൊതുഭാഷയെന്ന നിലയിലുള്ള ഹിന്ദിയുടെ പ്രചാരണത്തിനു വഴിവയ്ക്കുകയാകാം ലക്ഷ്യം.

Representative image. Photo Credits:: : tumsasedgars/ istock.com
Representative image. Photo Credits:: : tumsasedgars/ istock.com

തൊഴിൽസാധ്യതയിലെ  മാറ്റം

ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകൾക്കും ഒരേ സ്ഥാനമല്ല. ഹിന്ദി ഒരേസമയം മുഖ്യധാരാഭാഷയും പ്രാദേശികഭാഷയുമാണ്. നാൽപതു ശതമാനത്തിലേറെ ജനങ്ങൾ സംസാരിക്കുന്ന ഹിന്ദിയിൽ വിദ്യാഭ്യാസം നേടുന്ന വിദ്യാർഥിക്കു കേന്ദ്ര സർക്കാരിലും വടക്കേ ഇന്ത്യൻ സംസ്ഥാന സർക്കാരുകളിലും പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലുമുള്ള തൊഴിൽസാധ്യത ഹിന്ദി ഇതര മേഖലകളിലുള്ളവരെക്കാൾ കൂടുതലാകാൻ പുതിയ നിർദേശങ്ങൾ കാരണമാകാം. മലയാളി വിദ്യാർഥിയുടെ അവസരങ്ങൾ കേരളത്തിൽ മാത്രമായി ചുരുങ്ങുമോ എന്നു ഭയപ്പെടേണ്ടതുണ്ട്.

ഇംഗ്ലിഷിനെ വൈദേശികമായും മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളെ തദ്ദേശീയമായും കാണുന്ന രീതിതന്നെ ശരിയാണോ എന്നും ചിന്തിക്കണം. ആധുനികതയോടു സംവദിച്ച് മലയാളം പരിഷ്കാരങ്ങൾക്കു വിധേയമായതുപോലെ ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ചു സമൂലമായി പരിഷ്കരിക്കപ്പെട്ടു വളർന്നതാണ് ഇന്ത്യയിലെ ഇംഗ്ലിഷ്. മലയാളവും ഇംഗ്ലിഷും പരസ്പരം ഉൾക്കൊള്ളുന്ന സാമൂഹിക ഇടത്തിലാണ് മലയാളി ജീവിക്കുന്നത്. അങ്ങനെ ആർജിച്ച മെച്ചങ്ങൾ മറന്ന് വിദ്യാഭ്യാസത്തിന്റെ പ്രാദേശികവൽക്കരണത്തിനു ശ്രമിച്ചാൽ ഇന്ത്യൻ ആധുനികതയുടെ നേട്ടങ്ങളിൽനിന്നുള്ള മടങ്ങിപ്പോക്കാകും ഫലം. 

(ജവാഹർലാൽ നെഹ്‌റു സർവകലാശാലാ സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസിൽ അസി. പ്രഫസറാണു ലേഖകൻ)

English Summary:

Writeup about Method of higher education

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com