ADVERTISEMENT

തങ്ങളുടേതല്ലാത്ത പിഴവിന്റെ പേരിൽ വലിയ സാമ്പത്തികബാധ്യത തലയിലായ അവസ്ഥയിലാണു സംസ്ഥാനത്തെ ഒരുകൂട്ടം ഹൈസ്കൂൾ അധ്യാപകരും ഹെഡ്മാസ്റ്റർമാരും. സർക്കാർ, എയ്ഡഡ് ഹൈസ്കൂളുകളിലെ സൊസൈറ്റിയുടെ പ്രസിഡന്റ്, സെക്രട്ടറി പദവികൾ വഹിക്കുന്നവരാണിവർ. 9,10 ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ വിൽപനയുമായി ബന്ധപ്പെട്ട് 2010 മുതലുള്ള കുടിശിക 18% പലിശയും ചേർത്ത് അടയ്ക്കേണ്ട ബാധ്യതയാണ് ഇവരുടെ തലയിലായത്. ഇതിൽ ഏറെയും വിൽക്കാതെ ബാക്കി വന്നതും പാഠപുസ്തകം മാറിയതുമൂലം പഴയ സ്റ്റോക്കിൽ കെട്ടിക്കിടക്കുന്നതുമായ (ഡെഡ് സ്റ്റോക്ക്) പുസ്തകങ്ങളുടെ വിലയാണ്. സൊസൈറ്റിയുടെ ചുമതല വഹിച്ച മുൻഗാമികളുടെ കാലത്തുണ്ടായ ഈ കുടിശിക വൻ പലിശസഹിതം ഇപ്പോഴത്തെ പ്രസിഡന്റും സെക്രട്ടറിയും ചേർന്നു സർക്കാരിലേക്ക് അടയ്ക്കണം. ഇല്ലെങ്കിൽ ഇവരുടെ വിരമിക്കൽ ആനുകൂല്യങ്ങളെത്തന്നെ ബാധിച്ചേക്കും. സെക്രട്ടറി സ്ഥാനം വഹിക്കുന്ന അധ്യാപകനാണ് ബാധ്യത പ്രധാനമായും ഏറ്റെടുക്കേണ്ടി വരുന്നത്. 

14 വർഷം മുൻപു മുതലുള്ള കുടിശികത്തുകയ്ക്ക് 18% വാർഷിക പലിശ കൂടിയായതോടെ യഥാർഥ കുടിശികയുടെ ഇരട്ടിയോളമാണ് പല സ്കൂളുകളും അടയ്ക്കേണ്ടത്. പല സ്കൂൾ സൊസൈറ്റികളും ലക്ഷങ്ങൾ അടയ്ക്കണം. കുടിശികയുള്ള സ്കൂളുകളിൽനിന്നു കഴിഞ്ഞവർഷം വിറ്റ പുസ്തകങ്ങളുടെ തുക ട്രഷറിയിൽ അടച്ചതു സ്കൂളുകളുടെ അനുമതിയില്ലാതെ തന്നെ കുടിശികയിനത്തിൽ വകയിരുത്തുകയാണു പൊതു വിദ്യാഭ്യാസ വകുപ്പ്. കുടിശികത്തുക ഈ മാസം തന്നെ അടച്ചില്ലെങ്കിൽ വീണ്ടും ഒരു വർഷത്തെ പലിശകൂടി അടയ്ക്കേണ്ടി വരുമെന്ന ഭീഷണിയുമുണ്ട്. പലിശയിളവും ഡെഡ് സ്റ്റോക്കുകളുടെ കാര്യത്തിലുള്ള ഇളവുമെല്ലാം ആവശ്യപ്പെട്ട് അധ്യാപകർ സർക്കാരിനെ സമീപിച്ചെങ്കിലും മാനുഷിക പരിഗണനയ്ക്കുപോലും തയാറാകുന്നില്ലെന്നാണു പരാതി.

കാര്യമാക്കിയില്ല; ഓഡിറ്റിൽ കുരുങ്ങി

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 8–ാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങൾ സൗജന്യമാണ്. 9,10 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ വിദ്യാർഥികൾ വില നൽകി വാങ്ങണം. സ്കൂൾ സൊസൈറ്റികൾ മുഖേനയാണു വിൽപന. ഈ തുക ട്രഷറിയിൽ അടയ്ക്കണം. വിൽക്കാത്ത പുസ്തകങ്ങൾ സമീപ സ്കൂളുകൾക്ക് ആവശ്യമുണ്ടെങ്കിൽ നൽകുകയോ വിദ്യാഭ്യാസ ഓഫിസുകളിൽ തിരികെ ഏൽപിക്കുകയോ വേണം. 

2010–11 മുതലാണ് സ്കൂൾ സൊസൈറ്റികൾക്കു മുൻകൂട്ടിയുള്ള ഓർഡറനുസരിച്ചു പാഠപുസ്തകങ്ങൾ എത്തിച്ചുകൊടുക്കാൻ തുടങ്ങിയത്. വിൽക്കാത്ത പുസ്തകങ്ങളുടെ വില അടയ്ക്കുന്ന പതിവില്ലാതിരുന്നതിനാൽ പല സ്കൂളുകളും ആവശ്യത്തിലധികം വരുത്തി. പല സൊസൈറ്റികളും പണം തിരിച്ചടയ്ക്കുന്നതിലും വിൽക്കാത്ത പുസ്തകങ്ങൾ തിരികെ ഏൽപിക്കുന്നതിലും വീഴ്ച വരുത്തി. കർശനമായ മാർഗനിർദേശം സർക്കാരിൽ നിന്നുണ്ടായില്ല എന്നതും കാരണമാണ്. വിൽക്കാത്ത പാഠപുസ്തകങ്ങൾ അടുത്ത അധ്യയനവർഷം വിൽക്കാമായിരുന്നു. എന്നാൽ, 2014ലും 2018ലും പാഠപുസ്തകങ്ങളിൽ മാറ്റം വന്നതോടെ അടുത്തവർഷം ഉപയോഗിക്കാനാകാത്ത തരത്തിൽ ഡെഡ് സ്റ്റോക്ക് ആയി മാറിയെങ്കിലും, മാർഗനിർദേശം ഇല്ലാതിരുന്നതിനാൽ അതു തിരികെ നൽകാൻ പല സ്കൂളുകളും ശ്രമിച്ചില്ല. 

2018–19 മുതലാണ് സംസ്ഥാന പാഠപുസ്തക ഓഫിസ് പാഠപുസ്തക വിൽപന സംബന്ധിച്ച ഓഡിറ്റിങ് തുടങ്ങിയത്. സ്കൂൾ സൊസൈറ്റികളുടെ 2010 മുതലുള്ള കണക്കു പരിശോധിച്ച് പണം അടയ്ക്കാനുള്ളവർക്കും സ്റ്റോക്ക് തിരികെ നൽകാത്തവർക്കും കുടിശിക അടയ്ക്കാൻ നോട്ടിസ് നൽകുകയായിരുന്നു. 2010ലെ സർക്കാർ ഉത്തരവനുസരിച്ച്, സർക്കാരിൽനിന്നു മുൻകൂർ വാങ്ങുന്ന പണം തിരിച്ചടയ്ക്കുമ്പോൾ 18% പലിശ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാഠപുസ്തക വിൽപനയുടെ കുടിശികയ്ക്കും 18% പലിശ ഏർപ്പെടുത്തിയത്. ഇതൊഴിവാക്കണമെന്ന് ആവശ്യപ്പെട്ടു വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രി നയിച്ച നവകേരള സദസ്സിലും നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. 

തിരിച്ചുനൽകിയാലും സാങ്കേതികക്കുരുക്ക്

2010 മുതൽ വിൽക്കാത്ത പുസ്തകങ്ങൾ വിദ്യാഭ്യാസ ഓഫിസിൽ തിരികെനൽകി രസീതു വാങ്ങിയ സൊസൈറ്റികൾക്ക് ഇളവു ലഭിക്കുമെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയത്. എന്നാൽ, അതിലും സാങ്കേതികക്കുരുക്കുണ്ടെന്ന് അധ്യാപകർക്കു ബോധ്യപ്പെട്ടത് തിരിച്ചുനൽകിയ പുസ്തകങ്ങളുടെ വിലയും കുടിശികയായി നൽകണമെന്നു പല സ്കൂളുകളിലും നോട്ടിസ് എത്തിയപ്പോഴാണ്.

വിൽക്കാത്ത പുസ്തകങ്ങൾ തിരികെ ഏൽപിച്ചപ്പോൾ അതു സ്വീകരിച്ചെന്നു രേഖപ്പെടുത്തി സീലും പതിച്ചാണ് രസീതുനൽകിയത്. എന്നാൽ അതു പോരെന്നും ഓഫിസിൽ സ്വീകരിച്ച ഉദ്യോഗസ്ഥന്റെ സീൽ ഇല്ലെന്നുമുള്ള സാങ്കേതികന്യായം പറഞ്ഞാണ്, രസീതു ഹാജരാക്കിയവരിൽനിന്നുപോലും പണം ഈടാക്കാൻ ശ്രമിക്കുന്നത്. വിദ്യാഭ്യാസ ഓഫിസുകളിൽ ക്ലാർക്കുമാരാണ് പുസ്തകം സ്വീകരിച്ചതായി രേഖപ്പെടുത്തി ഓഫിസ് സീൽ പതിച്ചുനൽകുന്നത്. ഉദ്യോഗസ്ഥന്റെ സീൽ വേണമെന്ന് അന്നു നിർദേശമൊന്നും ഇല്ലായിരുന്നെന്നും വിദ്യാഭ്യാസ ഓഫിസിലുള്ളവരും പറഞ്ഞിരുന്നില്ലെന്നും അധ്യാപകർ പറയുന്നു. 

അധികം വന്ന പാഠപുസ്തകങ്ങൾ സമീപത്തെ സ്കൂളുകളിലേക്കു കൈമാറിയ സൊസൈറ്റികളും വെട്ടിലായി. ഇങ്ങനെ കൈമാറിയ പുസ്തകങ്ങൾ വിറ്റ തുക ആ സ്കൂൾ ട്രഷറിയിൽ അടച്ചതിന്റെ ചെല്ലാൻ, പുസ്തകം നൽകിയ സ്കൂൾ ഹാജരാക്കണമെന്നു സംസ്ഥാന പാഠപുസ്തക ഓഫിസ് നിർദേശിച്ചതായി അധ്യാപകർ പറയുന്നു. അങ്ങനെ ചെയ്തില്ലെങ്കിൽ അതിന്റെ വിലയും കുടിശികയായി അടയ്ക്കേണ്ടി വരും. 

സഹായിക്കാതെ സംഘടനകളും

പലിശസഹിതം കുടിശിക ഈടാക്കുന്നതടക്കമുള്ള നടപടികൾ സർക്കാർ ഉത്തരവനുസരിച്ചാണെന്നും ഇക്കാര്യത്തിൽ ഇളവു നൽകണമെങ്കിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും സംസ്ഥാന പാഠപുസ്തക ഓഫിസ് വ്യക്തമാക്കുന്നു. മുൻഗാമികളുടെ കാലത്തടക്കമുണ്ടായ ബാധ്യത സൊസൈറ്റി സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അധ്യാപകന്റെയും ഹെഡ്മാസ്റ്ററുടെയും തലയിൽ കെട്ടിവച്ച് ഒഴിയുകയാണ് പല മാനേജ്മെന്റുകളും. ഇവരുടെ പ്രശ്നം പരിഹരിക്കാൻ സർക്കാരിൽ സമ്മർദം ചെലുത്താൻ അധ്യാപക–മാനേജ്മെന്റ് സംഘടനകളും തയാറല്ല.

English Summary:

A huge financial burden for the teachers in charge of the book society

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com