ADVERTISEMENT

5, 8 ക്ലാസുകളിലെ കുട്ടികൾക്ക് മാർക്കിന്റെ അടിസ്ഥാനത്തിലേ ക്ലാസ്കയറ്റം നൽകാവൂ എന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ ഭേദഗതി ഭൂരിപക്ഷം സംസ്ഥാനങ്ങളും നടപ്പാക്കിയിരിക്കുന്നു. എന്നാൽ, കേരളം ഇതിനെ എതിർക്കുന്നു. എല്ലാവരെയും ജയിപ്പിക്കുന്ന രീതി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഇടിക്കുന്നെന്ന് ഒരു വിഭാഗം; തോൽപിച്ച് വിദ്യാർഥികളെ സ്കൂളിൽനിന്ന് അകറ്റരുതെന്ന് മറുവിഭാഗം. കേരളത്തിന്റെ സാഹചര്യത്തിൽ ഏതു മാതൃകയാണ് ഗുണകരം? ഓൾ പാസിനെ അനുകൂലിച്ചും എതിർത്തും ഉയരുന്ന വാദങ്ങൾ.
ഡയറ്റ് കണ്ണൂർ റിട്ട. പ്രിൻസിപ്പലും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റുമായ ഒ.എം.ശങ്കരൻ, എസ്‌സിഇആ‍‍ർടി മുൻ റിസ‍‍ർച് ഓഫിസറും വയനാട് വടുവഞ്ചാൽ ജിഎച്ച്എസ്എസ് പ്രിൻസിപ്പലുമായ കെ.വി.മനോജ് എന്നിവർ സംസാരിക്കുന്നു.

∙ വിദ്യാഭ്യാസ നിലവാരം ഇടിയാൻ ഓൾ പാസ് രീതി കാരണമാകുന്നുണ്ടോ ?

ഒ.എം.ശങ്കരൻ: ഒരു വർഷത്തെ പഠനകാലത്തു കുട്ടിയിൽ ആശയരൂപീകരണം നന്നായി നടന്നോയെന്നാണ് അധ്യാപകർ പരിശോധിക്കേണ്ടത്. അതിനു പരീക്ഷകളുടെ സ്കോറുകളെയാണ് പലപ്പോഴും ആശ്രയിക്കുന്നത്. നിരന്തര മൂല്യനിർണയം പഠനത്തിന്റെ അവിഭാജ്യ ഘടകമാകുന്നില്ല. സ്കോറിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ പരാജയപ്പെട്ടവരായി മുദ്രകുത്തുന്ന രീതി വിദ്യാഭ്യാസപരമായും സാമൂഹികമായും തെറ്റാണെന്നു പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. കുട്ടികൾ വ്യത്യസ്ത സാമൂഹിക – സാമ്പത്തിക സാഹചര്യങ്ങളിൽനിന്നു വരുന്നവരാണ്. ഒരു രംഗത്തു പരിമിതിയുള്ളവർ മറ്റൊരു രംഗത്തു മികവുള്ളവരാകാം. അതിനാൽ മാറ്റേണ്ടത് അധ്യാപന– മൂല്യനിർണയ രീതികളാണെന്ന് അമേരിക്കൻ വിദ്യാഭ്യാസ ഗവേഷകൻ ജോൺ ഹോൾട്ട് പറയുന്നു. കേരളത്തിലെ വിദ്യാഭ്യാസനിലവാരം ഉയരാനുണ്ട്. അതിന് ‘ഓൾ പാസ്’ രീതി മാറ്റുകയല്ല പരിഹാരം. എല്ലാ കുട്ടികളിലും മെച്ചപ്പെട്ട ആശയരൂപീകരണം ഉണ്ടാക്കാൻ പറ്റുന്ന പഠനതന്ത്രങ്ങൾക്കായുള്ള അന്വേഷണവും ഗവേഷണവുമാണ് നടക്കേണ്ടത്.

കെ.വി.മനോജ്: ഇന്ത്യയിലെയും കേരളത്തിലെയും അക്കാദമിക നിലവാരം പരിശോധിക്കുമ്പോൾ ഓൾ പാസ് സമ്പ്രദായം നിലവാരത്തകർച്ചയ്ക്കു കാരണമായിട്ടുണ്ട് എന്നു തന്നെയാണ് അഭിപ്രായം. ദേശീയതലത്തിൽ നടത്തുന്ന വിവിധ പഠനങ്ങളും റിപ്പോർട്ടുകളും അതിന് അടിവരയിടുന്നു.
വിദ്യാഭ്യാസ അവകാശനിയമമാണ് എട്ടാം ക്ലാസ് വരെ കുട്ടികളെ തോൽപിക്കരുതെന്ന ആശയം ഇന്ത്യയിൽ അവതരിപ്പിച്ചത്. എന്നാൽ, ഇതു നിലവാരത്തകർച്ചയ്ക്കു കാരണമാവുന്നെന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ പാർലമെന്റ് സമിതിയെ നിയോഗിച്ചു. അവരുടെ റിപ്പോർട്ടു കൂടി പരിഗണിച്ച് 2019ൽ അവകാശനിയമം തിരുത്തി. തിരുത്തിയ നിയമം 19 സംസ്ഥാനങ്ങൾ നടപ്പാക്കിയിട്ടും കേരളം തയാറായിട്ടില്ല. അപ്പർ പ്രൈമറിയുടെ തുടക്കമെന്ന നിലയിൽ അഞ്ചിലും സെക്കൻഡറിയുടെ തുടക്കമെന്ന നിലയിൽ എട്ടിലും വാർഷിക പരീക്ഷയിൽ 33% സ്കോർ നേടാനാവാത്ത കുട്ടികൾ പാസാകില്ല എന്നതാണ് ദേദഗതി. അറിവിന്റെയും ശേഷികളുടെയും ബെഞ്ച് മാർക്കിങ് ആവശ്യമാണെന്നതിൽ ആർക്കും അഭിപ്രായവ്യത്യാസമുണ്ടാകില്ല.

ഒ.എം.ശങ്കരൻ, കെ.വി.മനോജ്
ഒ.എം.ശങ്കരൻ, കെ.വി.മനോജ്

∙ ഓൾ പാസ് രീതി ഒറ്റയടിക്കു നിർത്തലാക്കിയാൽ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ ബാധിക്കുമോ ?

ഒ.എം.ശങ്കരൻ:
പഠനവേഗം വ്യത്യസ്തമായതിനാൽ കുട്ടികൾക്ക് ആശയരൂപീകരണം നടത്താൻ വ്യത്യസ്ത കാലയളവും അത് എത്ര മികവോടെ നേടിയെന്നറിയാൻ വ്യത്യസ്ത മൂല്യനിർണയരീതികളും വേണം. ഒരേതരം മൂല്യനിർണയോപാധികൾ സാമ്പത്തികമായും സാംസ്കാരികമായും ആശയപരമായും ദാരിദ്ര്യം അനുഭവിക്കുന്നവരെ തീർച്ചയായും ബാധിക്കും. നേടേണ്ട ശേഷികൾ മികവോടെ ലഭ്യമാക്കി എല്ലാവരെയും എങ്ങനെ ജയിപ്പിക്കാം എന്നതിനെക്കുറിച്ചാണ് ആലോചിക്കേണ്ടത്. അതിനു വിദ്യാഭ്യാസത്തിന്റെ ഘടന പുനഃസംഘടിപ്പിക്കണം.
ക്ലാസിൽ ഗണിതത്തിൽ പരാജയപ്പെടുന്ന കുട്ടി നിത്യജീവിതത്തിലെ ഗണിതത്തിൽ പരാജയപ്പെടുന്നില്ല. അതിനാൽ നിത്യജീവിതത്തിലെ ഗണിതവും ശാസ്ത്രവും ഭാഷയും ക്ലാസ് മുറിയിലെത്തിച്ചാൽ എല്ലാ വിഭാഗത്തിനും പഠനപ്രവർത്തനങ്ങളിൽ തുല്യനീതി ലഭിക്കും.

കെ.വി.മനോജ്: സാമൂഹികവും സാമ്പത്തികവും പ്രാദേശികവും സാംസ്കാരികവുമായ കാരണങ്ങളാൽ പിന്നിൽ നിൽക്കുന്ന വിദ്യാർഥികളുടെ പഠന നിലവാരം ഇപ്പോൾ മെച്ചമാണെന്നതിനു തെളിവുകളൊന്നുമില്ല. എക്കാലത്തും, പ്രാന്തവത്കൃത വിഭാഗങ്ങൾ പൊതു വിദ്യാഭ്യാസ ധാരയുടെ നഗര കേന്ദ്രീകൃത - മധ്യവർഗ കേന്ദ്രീകൃത സങ്കൽപങ്ങൾക്കു പുറത്താണ്. കാടും കടലുമൊന്നും കരിക്കുലത്തിൽ തന്നെ കാണാറില്ല.
നാഷനൽ അച്ചീവ്മെന്റ് സർവേയുടെ പഠനത്തിന്റെ ജില്ലകളുടെ പ്രോഗ്രസ് റിപ്പോർട്ടിൽ പിന്നിൽ നിൽക്കുന്നത് ഇടുക്കി, പാലക്കാട്, കാസർകോട്, വയനാട് ജില്ലകളാണ്. ഈ ജില്ലകളിലെ, സ്കൂളുകളുപേക്ഷിച്ചു പോകുന്ന പട്ടികവിഭാഗത്തിലെ കുട്ടികൾ തിരിച്ചെത്തുന്നില്ല എന്നാണ് പഠനങ്ങളും റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്. എല്ലാ ജില്ലകളിലെയും പട്ടികവിഭാഗത്തിലെ വിദ്യാർഥികളിൽ കനത്ത പഠനവിടവും നിലവാരത്തകർച്ചയും നിലനിൽക്കുന്നുണ്ട്.

∙ ഓൾ പാസ് രീതി 19 സംസ്ഥാനങ്ങൾ നിർത്തലാക്കുമ്പോൾ കേരളം എതിർനിലപാട് സ്വീകരിക്കുന്നത് പ്രായോഗികമാണോ ?

ഒ.എം.ശങ്കരൻ:
വിദ്യാഭ്യാസ അവകാശ നിയമം 2009ൽ പാസാക്കുന്നതു വരെ, കേരളം പോലുള്ള ചുരുക്കം ചില സംസ്ഥാനങ്ങളെ മാറ്റിനിർത്തിയാൽ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും സ്കൂൾ വിദ്യാഭ്യാസം എല്ലാവർക്കുമുള്ളതായിരുന്നില്ല. 12–ാം ക്ലാസ് വരെയുള്ള പഠനം സാർവത്രികമാക്കാൻ കേരളത്തിൽ മിക്കവാറും സാധിച്ചിട്ടുണ്ട്.
പരീക്ഷ നടത്തി കുട്ടികളെ തോൽപിക്കുക വഴി അവരെ സിസ്റ്റത്തിൽനിന്നു പുറത്താക്കുകയാണ്. അതു ചെയ്യാൻ ജനാധിപത്യ – സോഷ്യലിസ്റ്റ് രാഷ്ട്രത്തിന് അവകാശമില്ല. പകരം ‘തോൽക്കുന്ന’ കുട്ടികളെക്കൂടി അനുയോജ്യമായ സമീപനങ്ങൾ വഴി മെച്ചപ്പെട്ടവരായിത്തീരാൻ സഹായിക്കണം. ഇക്കാര്യത്തിൽ കേരളം മറ്റു സംസ്ഥാനങ്ങൾക്കു മാതൃക കാട്ടണം; മറ്റുള്ളവരുടെ തെറ്റായ മാതൃകയെ പിന്തുടരുകയല്ല വേണ്ടത്.

കെ.വി.മനോജ്: സമഗ്രവും നിരന്തരവുമായ മൂല്യനിർണയ സമീപനത്തിനെതിരാണ് പൊതു പരീക്ഷയിലെ സ്കോറിന്റെ മാത്രം അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം നൽകുന്ന രീതിയെന്നതാണ് കേരളത്തിന്റെ വാദം. മറ്റെല്ലാ സംസ്ഥാനങ്ങളിലും വിലയിരുത്തലിന് അവകാശനിയമം നിർദേശിച്ചിരിക്കുന്നതു സമഗ്രവും നിരന്തരവുമായ മൂല്യനിർണയമാണെന്നിരിക്കെ കേരളത്തിന്റെ വാദം നിലനിൽക്കുമോയെന്നു സംശയം. വിപരീത നിലപാട് സ്വീകരിക്കാൻ കേരളത്തിന് അവകാശമുണ്ടെങ്കിലും, പ്രായോഗികമായി വിദ്യാഭ്യാസത്തിനു ഗുണകരമാവുമോ എന്നതു ഭാവിയിലേക്കുള്ള ചോദ്യമാണ്.പരീക്ഷകളിലെ പരാജയം കുട്ടികളുടെ മനസ്സിനെ ബാധിക്കുമെന്ന നിരീക്ഷണം ചിലർ ഉന്നയിക്കാറുണ്ട്. ജയത്തെയും തോൽവിയെയും സമചിത്തതയോടെ നേരിടാനുള്ള ജീവിതപാഠം വിദ്യാഭ്യാസ പ്രക്രിയയിൽ നിന്നല്ലെങ്കിൽ പിന്നെയെവിടെനിന്നാണ് കുട്ടികൾ പഠിക്കുക?

∙ കേരളത്തിനു മാതൃകാപരമായ ബദൽ അവതരിപ്പിക്കാൻ കഴിയുമോ? എങ്കിൽ എന്തൊക്കെ നിർദേശങ്ങളാണ് മുന്നോട്ടുവയ്ക്കാനുള്ളത് ?​

ഒ.എം.ശങ്കരൻ:
വിദ്യാഭ്യാസത്തിന്റെ സൂചകങ്ങളിൽ പ്രധാനം സ്കൂൾ ലഭ്യത, പ്രവേശനം, കൊഴിഞ്ഞുപോക്കില്ലായ്മ, ഗുണനിലവാരം മെച്ചമാക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവയാണ്. ആദ്യത്തെ മൂന്നു സൂചകങ്ങളിൽ നാം അഭിമാനാർഹമായ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. ഗുണനിലവാര മികവിന്റെ കാര്യത്തിൽ മുന്നോട്ടുപോക്കിനുള്ള സാധ്യതകൾ ഇനിയുമുണ്ട്.
നമ്മുടെ സ്കൂളുകൾക്കു മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളുണ്ട്. യോഗ്യതയുള്ള അധ്യാപകരുമുണ്ട്. കിട്ടേണ്ട എല്ലാ ശേഷികളും മികവോടെ ഓരോ വിദ്യാർഥിക്കും കിട്ടണം. ക്ലാസ് റൂം പ്രവർത്തനങ്ങളെ അധ്യാപകർ ഗവേഷണ പ്രവർത്തനമായി കാണണം. കുട്ടിയുടെ വൈകാരിക– സാമൂഹിക തലങ്ങളിലേക്കു കയറിച്ചെന്ന് സഹായിക്കും വിധം ക്ലാസ് റൂം പഠനം മാറ്റണം. അതിന് അധ്യാപക പരിശീലനം പൊളിച്ചെഴുതണം. മികവുറ്റ അധ്യാപക പരിശീലകരെ കണ്ടെത്തുകയും വേണം. സർവകലാശാലകൾ, അധ്യാപക പരിശീലന കേന്ദ്രങ്ങൾ, എസ്‌സിഇആർടി എന്നിവയുടെ കൂട്ടായ ആലോചനയും മറ്റും ഉണ്ടാകണം.

കെ.വി.മനോജ്: ഓൾ പാസ് സമ്പ്രദായം വേണോ വേണ്ടയോ എന്ന നിലയിലുള്ള ചർച്ചകൾക്കു പകരം നമ്മുടെ വിദ്യാലയങ്ങളിൽ പഠനം ഉറപ്പാക്കാനും കുട്ടികൾ പഠിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ആവശ്യമായ ക്രിയാത്മക ഇടപെടലുകളാണു വേണ്ടത്. വിദ്യാഭ്യാസത്തിന്റെ ലഭ്യത, പ്രാപ്യത, തുല്യത എന്നിവയിൽ കേരളത്തിലെ വിദ്യാഭ്യാസം ചില നല്ല മാതൃകകൾ മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാൽ, ഗുണനിലവാരം ഉറപ്പാക്കാൻ കൃത്യവും വ്യക്തവുമായ പദ്ധതികൾ വേണം.
കുട്ടികളുടെ അറിവുകളും ശേഷികളും മനോഭാവങ്ങളും സമഗ്രമായി വിലയിരുത്തുന്ന നിലവാര പരിശോധനയാണു വേണ്ടത്. ജയമോ തോൽവിയോ എന്നതിനപ്പുറം കുട്ടികൾ എന്തുപഠിച്ചു, എന്തെല്ലാം ശേഷികൾ ആർജിച്ചു, എന്തെല്ലാം മനോഭാവങ്ങൾ രൂപീകരിക്കപ്പെട്ടു എന്ന വിലയിരുത്തലിലേക്കാവണം അതു വിദ്യാഭ്യാസ വ്യവസ്ഥയെ നയിക്കേണ്ടത്. ഓരോ വിദ്യാലയത്തിനും കുട്ടികളുടെ നിലവാരം വികേന്ദ്രീകൃതമായി അവതരിപ്പിക്കാനാവണം.

English Summary:

Arguments for and against the All Pass

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com