ADVERTISEMENT

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ അതിദാരുണ മരണം പെ‍‍‍ാതുസമൂഹത്തിനു മുന്നിൽ ഉയർത്തിയ ചോദ്യങ്ങൾ അതീവ ഗൗരവമുള്ളതായിട്ടും ഇതുവരെ അതു കേൾക്കാത്ത മട്ടിലിരുന്ന സർക്കാർനിലപാട് സംശയാസ്പദമാണ്. സിദ്ധാർഥന്റെ മരണത്തിൽ സർക്കാർ പ്രഖ്യാപിച്ച സിബിഐ അന്വേഷണം വൈകിയതു മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പിന്റെ ഗുരുതരവീഴ്ച മൂലമെന്ന വിവരം പുറത്തുവന്നതോടെ സംശയങ്ങൾ ബലപ്പെടുന്നു.

സിബിഐ അന്വേഷണം വൈകുന്നതിനെതിരെ സിദ്ധാർഥന്റെ കുടുംബവും പ്രതിപക്ഷവും ശക്തമായ വിമർശനം ഉന്നയിച്ചു രംഗത്തെത്തിയതോടെയാണു സർക്കാരിനു നടപടികൾ ഊർജിതമാക്കേണ്ടിവന്നത്. തുടർന്നുണ്ടായ വീഴ്ചകൾക്ക് ആഭ്യന്തര വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ് പെൻഡ് ചെയ്തു സർക്കാർ കൈകഴുകിയെങ്കിലും ചോദ്യങ്ങൾ ബാക്കിനിൽക്കുന്നു.

സർക്കാരിന്റെ നിരുത്തരവാദിത്തത്തിന്റെയും ദുരുദ്ദേശ്യത്തോടെയുള്ള അശ്രദ്ധയുടെയും നാൾവഴിയാണ് ഇതിലുള്ളത്. സിബിഐ അന്വേഷണം ശുപാർശ ചെയ്തുള്ള വിജ്ഞാപനം ഈ മാസം ഒൻപതിനാണു സർക്കാർ പുറപ്പെടുവിച്ചത്. 16ന് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി സിബിഐക്കു കത്തു നൽകി. എന്നാൽ, കേന്ദ്ര പഴ്സനേൽ മന്ത്രാലയത്തിന് അയയ്ക്കേണ്ട കത്ത് നടപടിയുമായി ഒരുവിധ ബന്ധവുമില്ലാത്ത കൊച്ചി സിബിഐ ഓഫിസിലേക്കു പോയത് എങ്ങനെയാണ് ? ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പിനുണ്ടായ വീഴ്ചകളുടെയെല്ലാം യഥാർഥ കാരണം പുറത്തറിയുകതന്നെ വേണം.

വിജ്ഞാപനം വന്നു പതിനേഴാം ദിവസമായ ചെ‍ാവ്വാഴ്ചയാണു നടപടികളുണ്ടായത്. അതും സിബിഐ അന്വേഷണം വൈകിപ്പിക്കുന്നുവെന്നു സിദ്ധാർഥന്റെ കുടുംബം ആരോപിച്ചതിനുശേഷം മാത്രം. അന്വേഷണം വൈകുന്നതു തെളിവു നശിപ്പിക്കലിനും സാക്ഷികളെ സ്വാധീനിക്കുന്നതിനും ഇടയാക്കുമെന്നും ആക്ഷേപമുയർന്നിരുന്നു. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ പൊലീസ് അന്വേഷണം നിർത്തി; സിബിഐ എത്തിയിട്ടുമില്ല. എസ്എഫ്ഐ വഴി സർക്കാർ പ്രതിക്കൂട്ടിലായിരിക്കുന്ന കേസിൽ മനഃപൂർവമെന്നു കരുതാവുന്ന ഗുരുതര വീഴ്ചയാണ് ആഭ്യന്തരവകുപ്പിനു സംഭവിച്ചതെന്നു സിദ്ധാർഥന്റെ പിതാവ് ടി.ജയപ്രകാശ് ആരോപിക്കുന്നു.

മരണത്തിൽ ഏറെ സംശയങ്ങളുയർന്നിട്ടും ആദ്യഘട്ടത്തിൽ അന്വേഷണത്തിലും തുടർനടപടികളിലും വീഴ്ച വരുത്തിയ കോളജ് അധികൃതർക്കും പെ‍ാലീസ് അടക്കമുള്ള സർക്കാർ സംവിധാനങ്ങൾക്കും പല പ്രതികൾക്കും തണലൊരുക്കിയ എസ്എഫ്െഎക്കുമെ‍ാന്നും ഇതിൽനിന്നു കൈകഴുകാനാവില്ല. സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയതെങ്കിലും അതു കെ‍‍ാലപാതകമാണെന്ന ആരോപണം ശക്തമാണ്. പല കേസുകളിലും പ്രതികളായ പാർട്ടി പ്രവർത്തകരെയും എസ്എഫ്െഎക്കാരെയുമെ‍ാക്കെ സംരക്ഷിക്കാൻ ‘പ്രതിജ്ഞാബദ്ധമായ’ സർക്കാർ ആ നിലപാടുതന്നെയല്ലേ ഇവിടെയും പുറത്തെടുത്തത്? എന്നിട്ട്, സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണം സിബിഐക്കു വിട്ടതിന്റെ തുടർനടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടായെന്ന വിചിത്രമായ അവകാശവാദമാണ് ഇന്നലെ പാർട്ടി പത്രം ഉന്നയിച്ചത്. 

സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് 90 പേരെ ഏഴു ദിവസത്തേക്കു സസ്പെൻഡ് ചെയ്തതിൽ 33 പേരെ കുറ്റവിമുക്തരാക്കിയ കേരള വെറ്ററിനറി സർവകലാശാലാ വൈസ് ചാൻസലറുടെ നടപടി ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടപെട്ടു റദ്ദാക്കിയതിനു പിന്നാലെ വി.സി ഡോ.പി.സി.ശശീന്ദ്രൻ രാജിവച്ചിരുന്നു. ജുഡീഷ്യൽ അന്വേഷണം നടത്താനുള്ള ചാൻസലറുടെ ഉത്തരവ് ഉടൻ ഇറങ്ങുമെന്നാണു സൂചന. 

സിദ്ധാർഥനെ മരണത്തിലേക്കു നയിച്ച സാഹചര്യം എന്തായിരുന്നെന്നും ഹോസ്റ്റലിൽ അടക്കം ക്രൂരപീഡനം ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് അനാസ്ഥ ഉണ്ടാകാൻ കാരണമെന്താണെന്നുമുള്ള ചോദ്യത്തിന് ഉത്തരം പറയാൻ സർക്കാർ ബാധ്യസ്ഥമാണ്. അകാലത്തു ജീവൻ നഷ്ടപ്പെട്ട ആ വിദ്യാർഥിയോടുള്ള പ്രായശ്ചിത്തം കൂടിയാണത്.

English Summary:

Editorial about Siddharth case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com