ADVERTISEMENT

തങ്ങളുടേതല്ലാത്ത കുറ്റംകെ‍ാണ്ട് വൻ സാമ്പത്തികഭാരം പേറേണ്ടിവരുന്ന, ഹതഭാഗ്യരായ കുറെ അധ്യാപകർ നമുക്കെ‍ാപ്പമുണ്ട്; അധിക സേവനത്തിന്റെ പേരിൽ വിരമിക്കൽ ആനൂകൂല്യങ്ങൾ പോലും പ്രതിസന്ധിയിലാകാൻ സാധ്യതയുള്ളവർ. സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ സൊസൈറ്റിയുടെ ചുമതലക്കാരായ അധ്യാപകരാണ് സർക്കാരിന്റെ മനുഷ്യത്വരഹിതമായ കടുംപിടിത്തംമൂലം ദുരവസ്ഥയിലുള്ളത്.

സൊസൈറ്റികൾ മുഖേന വിദ്യാർഥികൾക്കു വിൽക്കുന്ന പാഠപുസ്തകങ്ങളുടെ 2010 മുതലുള്ള കുടിശികയും വിൽക്കാത്ത പുസ്തകങ്ങളുടെ വിലയും പലിശയടക്കം സർക്കാരിലേക്ക് അടയ്ക്കണമെന്ന ഉത്തരവാണ് ഇവർക്കു ലക്ഷങ്ങളുടെ ബാധ്യതയാകുന്നത്. തങ്ങളുടെ മുൻഗാമികൾ സൊസൈറ്റിയുടെ ചുമതല വഹിച്ചിരുന്ന കാലത്തെ വൻബാധ്യതയാണ് നിലവിൽ ആ സ്ഥാനത്തുള്ളവരിൽ മിക്കവരുടെയും തലയിലായിരിക്കുന്നത്. ഇവരുടെ വിരമിക്കൽ ആനുകൂല്യങ്ങളെവരെ ഇതു ബാധിക്കാമെന്ന സാഹചര്യംകൂടി വരുമ്പോൾ കുരുക്ക് കടുത്തതാകുന്നു. 14 വർഷം മുൻപു മുതലുള്ള കുടിശികത്തുകയ്ക്ക് 18% വാർഷിക പലിശ കൂടിയായതോടെ യഥാർഥ കുടിശികയുടെ ഇരട്ടിയോളമാണു പല സ്കൂളുകളും അടയ്ക്കേണ്ടത്.

പ്രധാനാധ്യാപകരാണ് സൊസൈറ്റി പ്രസിഡന്റുമാർ; അധ്യാപകരിലൊരാൾ സെക്രട്ടറിയും. സെക്രട്ടറി സ്ഥാനം വഹിക്കുന്ന അധ്യാപകർക്കാണ് ബാധ്യത പ്രധാനമായും ഏറ്റെടുക്കേണ്ടി വരുന്നത്. അധ്യാപനജോലിക്കു പുറമേ ഏറ്റെടുക്കേണ്ടിവരുന്ന അധികച്ചുമതല ജീവിതത്തിന്റെ സമാധാനം കളയുമെന്ന സാഹചര്യം അതീവ നിർഭാഗ്യകരംതന്നെ. എട്ടാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങൾ സൗജന്യമാണ്. 9, 10 ക്ലാസുകളിലെ പാഠപുസ്തകങ്ങളാണു സൊസൈറ്റികളിലൂടെ വിൽക്കുന്നത്. 2009 വരെ ജില്ലാ വിദ്യാഭ്യാസ ഓഫിസുകളിലെ ഡിപ്പോയിൽനിന്നു പ്രധാനാധ്യാപകർ വില നൽകി പുസ്തകങ്ങൾ വാങ്ങുകയായിരുന്നു. 2010 മുതൽ സ്കൂൾ സൊസൈറ്റികൾക്കു മുൻകൂട്ടിയുള്ള ഓർഡർ അനുസരിച്ചു പാഠപുസ്തകങ്ങൾ എത്തിച്ചുകൊടുക്കാൻ തുടങ്ങി. ഇതോടെയാണു പ്രതിസന്ധിയുണ്ടായത്.

വിൽക്കാത്ത പുസ്തകങ്ങളുടെ വില അടയ്ക്കുന്ന പതിവില്ലാതിരുന്നതിനാൽ പല സ്കൂളുകളും ആവശ്യത്തിലധികം വരുത്തി. പണം തിരിച്ചടയ്ക്കുന്നതിലും വിൽക്കാത്ത പുസ്തകങ്ങൾ തിരികെ ഏൽപിക്കുന്നതിലും പല സൊസൈറ്റികളും വീഴ്ച വരുത്തുകയും ചെയ്തു. കർശനമായ മാർഗനിർദേശം സർക്കാരിൽനിന്നുണ്ടായില്ല എന്നതും എടുത്തുപറയണം. വിൽക്കാത്ത പാഠപുസ്തകങ്ങൾ അടുത്ത അധ്യയനവർഷം വിൽക്കാമായിരുന്നുവെങ്കിലും 2014ലും 2018ലും പാഠപുസ്തകങ്ങളിൽ മാറ്റം വന്നതോടെ പിറ്റേ വർഷം ഉപയോഗിക്കാനാകാത്ത സ്ഥിതിവന്നു. മാർഗനിർദേശം ഇല്ലാതിരുന്നതിനാൽ ആ ‘ഡെഡ് സ്റ്റോക്ക്’ തിരികെ നൽകാൻ പല സ്കൂളുകളും ശ്രമിച്ചതുമില്ല.

സംസ്ഥാന പാഠപുസ്തക ഓഫിസിന്റെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച് ഓഡിറ്റ് നടത്തുകയും പലിശ സഹിതം കുടിശിക തിരിച്ചടയ്ക്കാൻ നോട്ടിസ് നൽകുകയും ചെയ്തത് 2019ൽ ആണ്. കുടിശികയുള്ള സ്കൂളുകളിൽനിന്ന് കഴിഞ്ഞ വർഷം വിറ്റ പുസ്തകങ്ങളുടെ തുക ട്രഷറിയിൽ അടച്ചത് സ്കൂളുകളുടെ അനുമതിയില്ലാതെതന്നെ കുടിശികയിനത്തിൽ വകയിരുത്തുകയാണു പൊതു വിദ്യാഭ്യാസ വകുപ്പ്. കുടിശിക ഈ മാസംതന്നെ അടച്ചില്ലെങ്കിൽ വീണ്ടും ഒരു വർഷത്തെ പലിശകൂടി അടയ്ക്കേണ്ടിവരുമെന്ന ഭീഷണിയുമുണ്ട്.

നിശ്ചിത കാലാവധി മുതൽ വിൽക്കാത്ത പുസ്തകങ്ങൾ വിദ്യാഭ്യാസ ഓഫിസിൽ തിരികെനൽകി രസീതു വാങ്ങിയ സൊസൈറ്റികൾക്ക് ഇളവു ലഭിക്കുമെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പു വ്യക്തമാക്കിയത്. എന്നാൽ, അതിലും സാങ്കേതികക്കുരുക്കുണ്ടെന്ന് അധ്യാപകർക്കു ബോധ്യപ്പെട്ടത് തിരിച്ചുനൽകിയ പുസ്തകങ്ങളുടെ വിലയും കുടിശികയായി നൽകണമെന്നു പല സ്കൂളുകളിലും നോട്ടിസ് എത്തിയപ്പോഴാണ്.

പലിശസഹിതം കുടിശിക ഈടാക്കുന്നതടക്കമുള്ള നടപടികൾ സർക്കാർ ഉത്തരവനുസരിച്ചാണെന്നും ഇക്കാര്യത്തിൽ ഇളവു നൽകണമെങ്കിൽ സർക്കാരാണു തീരുമാനമെടുക്കേണ്ടതെന്നും സംസ്ഥാന പാഠപുസ്തക ഓഫിസ് വ്യക്തമാക്കുന്നു. മുൻഗാമികളുടെ കാലത്തടക്കമുണ്ടായ ബാധ്യത സൊസൈറ്റിയുടെ ചുമതല വഹിക്കുന്നവരുടെ തലയിൽ കെട്ടിവച്ച് ഒഴിയുകയാണ് പല മാനേജ്മെന്റുകളും. ഇവരുടെ പ്രശ്നം പരിഹരിക്കാൻ സർക്കാരിൽ സമ്മർദം ചെലുത്താൻ അധ്യാപക–മാനേജ്മെന്റ് സംഘടനകൾ തയാറാകുന്നുമില്ല.

വൻ പലിശഭാരമെങ്കിലും നീക്കാനാവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്കും മുഖ്യമന്ത്രി നയിച്ച നവകേരള സദസ്സിലും അധ്യാപകർ നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. മനുഷ്യത്വപരമായ ഇളവിനാണ് ഈ അധ്യാപകർ അപേക്ഷിക്കുന്നത്. അതവർ അർഹിക്കുന്നുമുണ്ട്. കണ്ണു തുറക്കേണ്ടതു സർക്കാരാണ്.

English Summary:

Editorial about high school teachers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com