ADVERTISEMENT

വയനാട്ടിലെ സുഗന്ധമുള്ള കുന്നുകളാണ് ‘സുഗന്ധഗിരി’ – ഏലവും കാപ്പിയും വിളയുന്ന മണ്ണ്. എന്നാൽ, സുഗന്ധഗിരിയിൽനിന്നു വരുന്നത് അത്ര നറുമണമുള്ള വാർത്തകളല്ല, ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടത്തിയ വനംകൊള്ളയുടെ നാറ്റക്കഥകളാണ്. വനം കാക്കേണ്ടവർത്തന്നെ അതു വെട്ടിവെളുപ്പിക്കാൻ കൂട്ടുനിന്നു. മരംകൊള്ള അറിഞ്ഞിട്ടും കണ്ണടച്ചതാകട്ടെ വനപാലകരുടെ പ്രധാന സംഘടനയുടെ മുൻനിര ഭാരവാഹികളും.

3 വർഷം മുൻപു വയനാട്ടിലെ മുട്ടിലിൽ നടന്ന മരംകൊള്ള കേസായി കോടതി കയറിയതിനു പിന്നാലെയാണ് സുഗന്ധഗിരിയിലെ മരംമുറിയും പുറത്തുവരുന്നത്. മുട്ടിലിൽ റവന്യു ഭൂമിയിലെ മരങ്ങളാണു വെട്ടിവെളുപ്പിച്ചതെങ്കിൽ സുഗന്ധഗിരിയിൽ നിബിഡവനത്തിലെ പടുകൂറ്റൻ മരങ്ങളാണു വീഴ്ത്തിയത്.

ലേലം മറയാക്കി

2020 ഒക്ടോബർ 24ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ വിവാദ ഉത്തരവിന്റെ മറപിടിച്ചാണ് മുട്ടിൽ ഉൾപ്പെടെ പ്രദേശങ്ങളിൽനിന്നു വ്യാപകമായി തേക്ക്, ഈട്ടി മരങ്ങൾ മുറിച്ചത്. കൃത്യം 3 വർഷം പിന്നിട്ട്, കഴിഞ്ഞ ഒക്ടോബർ 19നാണ് സുഗന്ധഗിരി മരംകൊള്ളയുടെ തുടക്കം. വീടുകൾക്കു ഭീഷണിയായ മരങ്ങൾ മുറിക്കാൻ അന്നാണു ലേലം വിളിച്ചത്. എ.ഗുരുദാസ് എന്ന കരാറുകാരനുമായി സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ (ഡിഎഫ്ഒ) കരാർ ഒപ്പിട്ടു. ജനുവരി 18ന് 7/2023–24 ലൈസൻസ് നൽകി. 20 മരങ്ങൾ മുറിക്കാനായിരുന്നു കരാർ. എന്നാൽ, 126 മരങ്ങൾ മുറിച്ചുകടത്തിയെന്നാണ് ഇതുവരെ കണ്ടെത്തിയത്. പരിശോധന കൂടുതൽ പ്രദേശത്തേക്കു വ്യാപിക്കുംതോറും ഈ എണ്ണം വർധിക്കുകയാണ്.

മരം മുറിച്ച 6 പേരെ പ്രതികളാക്കി വനം വകുപ്പ് 2 കേസുകൾ (ഒആർ 1/2024, 2/2024) എടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വനം വകുപ്പിലെ 2 ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്; കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ വയനാട് ജില്ലാ സെക്രട്ടറി കൂടിയായ കൽപറ്റ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ.കെ.ചന്ദ്രനെയും ഇതേ സംഘടനയിൽ അംഗമായ ഫോറസ്റ്റ് വാച്ചർ ആർ.ജോൺസനെയും. കൂടുതൽ ജീവനക്കാർക്ക് അനധികൃത മരംമുറിയെപ്പറ്റി അറിവുണ്ടായിരുന്നെന്നു സൂചനയുണ്ട്.

സുഗന്ധഗിരിയിലെ വനഭൂമിയിൽനിന്നു മരങ്ങൾ പോയത് അതീവ ഗൗരവമുള്ള വിഷയമാണ്. പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ 2 ജീവനക്കാർക്കെതിരെ നടപടിയെടുത്തു. കേസന്വേഷണം ഗൗരവത്തോടെ മുന്നോട്ടുപോകും. കൂടുതൽ ജീവനക്കാർക്കു പങ്കുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കും.

അറിഞ്ഞിട്ടും കണ്ണടച്ചു

സുഗന്ധഗിരിയിലെ മരംമുറിക്കൽ അനുവദനീയ എണ്ണമായ 20 കടന്നപ്പോൾത്തന്നെ നാട്ടുകാർ കൽപറ്റ റേഞ്ച് ഓഫിസറെ അറിയിച്ചിരുന്നു. അന്വേഷണം നടത്തിയ കീഴുദ്യോഗസ്ഥർ മരങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണു റേഞ്ച് ഓഫിസറെ ധരിപ്പിച്ചത്. ഇപ്പോൾ നടപടി നേരിട്ട 2 ഉദ്യോഗസ്ഥരും അന്വേഷണം നടത്തിയവരിലുണ്ട്.

വീണ്ടും നാട്ടുകാർ പരാതിപ്പെടുകയും അന്വേഷണം മുറുകുകയും ചെയ്തതോടെ വെട്ടിയിട്ട മരങ്ങൾ കടത്താനായി ശ്രമം. എന്നാൽ, കയറ്റിറക്കു തൊഴിലാളികളുമായി തർക്കമുണ്ടായതോടെ വനംകൊള്ളയുടെ വിവരങ്ങൾ പുറത്തുവരാൻ തുടങ്ങി.

മുട്ടിൽ മരംമുറിയിൽനിന്ന് വനം വകുപ്പ് ഒരു പാഠവും പഠിച്ചില്ലെന്നതാണ് സുഗന്ധഗിരിയിൽ തെളിയുന്നത്. വനപാലക സംഘടനയുടെ പ്രധാന ഭാരവാഹികളാണ് മുട്ടിൽ മരംകൊള്ളയ്ക്കും മൗനാനുവാദം നൽകിയത്. അന്നു സസ്പെൻഷൻ നേരിട്ടവർ 6 മാസത്തിനുള്ളിൽ സർവീസിൽ തിരിച്ചെത്തി വയനാട്ടിൽ തുടരുന്നു. ശിക്ഷയായി സ്ഥലംമാറ്റം കിട്ടിയവരും മടങ്ങിയെത്തി. 2 പേർ വിരമിച്ചു. ചെക്പോസ്റ്റിലെ ഗാർഡുമാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചിരിക്കുന്നു എന്നതൊഴിച്ചാൽ ആർക്കും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നു ചുരുക്കം. സംഘടനാബലം തന്നെയാണ് തെറ്റുകൾ ആവർത്തിക്കാൻ പലർക്കും കരുത്താകുന്നത്.

വനപാലകരോ കൊള്ളക്കാരോ?

സംരക്ഷിക്കേണ്ടവർത്തന്നെ വനത്തിനു കോടാലി വയ്ക്കുന്ന സംഭവങ്ങൾ കൂടിവരികയാണ്. കഴിഞ്ഞദിവസം എറണാകുളം നേര്യമംഗലത്തു മരംമുറി നടന്നു. റവന്യു ഉത്തരവു മറയാക്കി മുറിച്ചുകടത്തിയ മരങ്ങൾ ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടിൽനിന്നാണു പിടികൂടിയത്. തൃശൂർ മച്ചാട് ഭാഗത്ത് സംരക്ഷിത മരങ്ങൾ വ്യാപകമായി മുറിച്ചുകടത്തിയതിലും വനപാലകരുടെ പങ്കു വ്യക്തമാണ്. ഇതിലൊന്നും കാര്യമായ നടപടി ഉണ്ടായിട്ടില്ല.

forest

ഉത്തരമില്ലാത്ത ചോദ്യങ്ങൾ

? വനഭൂമിയിലെ മരം മുറിക്കാൻ അനുമതി നൽകിയ ഡിഎഫ്ഒ എന്തുകൊണ്ടു തുടർപരിശോധനകൾ നടത്തിയില്ല

? വനഭൂമിയിലെ മരങ്ങളായതുകൊണ്ടുതന്നെ നടപടികൾ നിരീക്ഷിക്കേണ്ടത് ഡിഎഫ്ഒയുടെ ചുമതലയായിരുന്നില്ലേ

? അനധികൃത മരംമുറി നടക്കുന്നതായി വിവരം ലഭിച്ചിട്ടും ഫ്ലയിങ് സ്ക്വാഡ് എന്തുകൊണ്ടു പരിശോധനകൾ നടത്തിയില്ല

? 20 മരം മുറിക്കാനുള്ള പാസിന്റെ മറവിൽ അൻപതോളം ലോഡ് ചുരമിറങ്ങിയിട്ടും ലക്കിടി ചെക്‌പോസ്റ്റിൽ പിടിക്കപ്പെടാത്തതിനു കാരണമെന്ത്

ഇന്ദിര കണ്ടെത്തിയ സുഗന്ധഗിരി

∙ പശ്ചിമഘട്ട മലനിരയിൽ സൗത്ത് വയനാട് വനം ഡിവിഷൻ കൽപറ്റ റേഞ്ചിലെ 3000 ഹെക്ടർ ഭൂമിയിൽപെടുന്നതാണ് സുഗന്ധഗിരി. ഇന്ദിര ഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോൾ ആദിവാസി വിഭാഗത്തിലെ ഭൂരഹിതർക്ക് കൃഷി ചെയ്തു ജീവിക്കാനായി 2 പദ്ധതികൾ നടപ്പാക്കിയിരുന്നു – പൂക്കോട് ഡെയറി പ്രോജക്ടും സുഗന്ധഗിരി ഏലം പ്രോജക്ടും. 

ഏലം പ്രോജക്ടിന്റെ ഭാഗമായി 200 ഹെക്ടർ കൈവശാവകാശം നൽകി. 5 ഏക്കർ വീതം നൽകി 260 കുടുംബങ്ങളെയാണു സുഗന്ധഗിരിയിൽ പാർപ്പിച്ചത്. ഓരോ 5 എക്കറിലും ഉണ്ടായിരുന്ന എല്ലാ മരങ്ങളും സർക്കാരിലേക്കു നിക്ഷിപ്തമാക്കി. ഏലക്കൃഷി ചെയ്യാനും വീടു വയ്ക്കാനും മാത്രമാണ് അവകാശം നൽകിയത്. സ്ഥലം വനഭൂമിയായി നിലനിർത്തി

English Summary:

Forest encroachments in Wayanad with the connivance of forest officials

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com