ഇ പോസ് തകരാറിന് ജനങ്ങളെന്തു പിഴച്ചു?
Mail This Article
മഞ്ഞ, പിങ്ക് റേഷൻ കാർഡ് അംഗങ്ങളുടെ ഇ–കെവൈസി മസ്റ്ററിങ് നടത്താൻ കേന്ദ്രം നിർദേശിച്ച കാലാവധി ഞായറാഴ്ച തീർന്നപ്പോൾ ഭൂരിപക്ഷം പേർക്കും അതിനു സാധിക്കാതെ വന്നിരിക്കുന്നു. കാലാവധി നീട്ടണമെന്ന കേരളത്തിന്റെ ആവശ്യത്തിനു കേന്ദ്രത്തിൽനിന്നു മറുപടി ഉണ്ടായിട്ടുമില്ല. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനത്തിലെ തകരാർ കാരണം മസ്റ്ററിങ് നിർത്തേണ്ടിവന്നതിന്റെ പേരിൽ ലക്ഷക്കണക്കിനു റേഷൻ കാർഡ് അംഗങ്ങളാണ് ആശങ്കയിലായിരിക്കുന്നത്. സാങ്കേതികപ്പിഴവുകളുടെ പേരിൽ, സംസ്ഥാനത്തെ റേഷൻ സംവിധാനം ജനത്തെ തുടർച്ചയായി വലയ്ക്കുമ്പോൾ ഡിജിറ്റൽ കേരളത്തെക്കുറിച്ചു പെരുമ കൊള്ളാൻ നമുക്കെങ്ങനെ കഴിയും?
റേഷൻ വിഹിതത്തിൽ തട്ടിപ്പു നടത്തുന്നതു തടയാനാണ് കാർഡ് അംഗങ്ങളെല്ലാം ജീവിച്ചിരിപ്പുണ്ടെന്നു തെളിയിക്കുന്നതിനു നേരിട്ട് റേഷൻ കടയിലെത്തി, ഇ പോസ് മെഷീനിൽ വിരൽ പതിപ്പിച്ച് മസ്റ്ററിങ് നടത്താൻ കേന്ദ്രം നിർദേശിച്ചത്. അംഗങ്ങളുടെ ആധാർ വിവരങ്ങൾ പരിശോധിച്ചാണ് മസ്റ്ററിങ്. എന്നാൽ, മസ്റ്ററിങ് ആരംഭിച്ചതോടെ, അല്ലെങ്കിൽത്തന്നെ കഷ്ടാവസ്ഥയിലുള്ള ഇ പോസ് സംവിധാനം കൂടുതൽ തകരാറിലായി. ഈ യന്ത്രത്തിൽ മസ്റ്ററിങ്ങോ റേഷൻ വിതരണമോ ഏതെങ്കിലുമൊന്നു മാത്രമേ മിക്കപ്പോഴും ചെയ്യാനാകുമായിരുന്നുള്ളൂ. കഴിഞ്ഞ മാസം പല ദിവസങ്ങളിലും മസ്റ്ററിങ് നിർത്തിവച്ചാണ് റേഷൻ നൽകിയത്. കഴിഞ്ഞ 15നു മസ്റ്ററിങ് നടത്താൻ ശ്രമിച്ചെങ്കിലും ഇ പോസ് തകരാർ കാരണം അന്നുതന്നെ നിർത്തുകയായിരുന്നു. പിന്നെ നടത്തിയിട്ടില്ല.
റേഷൻ വിതരണത്തിനു പുറമേ മസ്റ്ററിങ് ആരംഭിച്ചതോടെ ആധാർ സെർവറുമായി ബന്ധം സ്ഥാപിക്കാനാവാതെ ഐടി മിഷന്റെ സെർവർ പ്രവർത്തനം തടസ്സപ്പെട്ടതാണ് ഈ സാഹചര്യത്തിലെത്തിച്ചത്. പ്രതിദിനം 6 മുതൽ 8 ലക്ഷം പേർ വരെ ഇ പോസ് വഴി റേഷൻ വാങ്ങാറുണ്ട്. മസ്റ്ററിങ് ഉള്ളപ്പോൾ ഇത്രയും റേഷൻ ഇടപാടുകൾ നടത്താനാകാത്ത സ്ഥിതിയായി. പ്രതിദിനം ഒരു ലക്ഷത്തിലേറെ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് നടത്താനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ, കേരളത്തിലെ 1.54 കോടി അംഗങ്ങളിൽ 90 ശതമാനത്തോളം പേർക്കും അതിനു സാധിച്ചിട്ടില്ല.
-
Also Read
Mahabali at Home
മേയ് 31 വരെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ടു സംസ്ഥാന ഭക്ഷ്യവകുപ്പ് കേന്ദ്രത്തിന് ഒന്നിലധികം തവണ കത്തയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല. കേന്ദ്രം നിർദേശിച്ച കാലാവധി കഴിഞ്ഞെങ്കിലും റേഷൻ കാർഡ് ഉടമകൾക്കു റേഷൻ വിഹിതം നഷ്ടമാകില്ലെന്നു ഭക്ഷ്യവകുപ്പ് പറയുന്നു. തങ്ങളുടേതല്ലാത്ത വീഴ്ചയ്ക്കു മസ്റ്ററിങ് ചെയ്യാനാവാതെ പോയവരുടെ ആശങ്ക മനസ്സിലാക്കി, ഇക്കാര്യത്തിൽ കൃത്യമായ ഉറപ്പ് ഉണ്ടാവേണ്ടതുണ്ട്. സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തി കാലാവധി ദീർഘിപ്പിക്കാൻ അങ്ങേയറ്റം ശ്രമിക്കുകയും വേണം.
ഇ പോസ് തകരാർ കാരണം കഴിഞ്ഞമാസം പലവട്ടം റേഷൻ വിതരണം സ്തംഭിച്ചിരുന്നു. കാർഡ് ഉടമകളിൽ 75.73% പേർക്കു മാത്രമേ വിതരണം നടത്താനായിട്ടുള്ളൂവെന്നതിനാൽ മാർച്ച് മാസത്തെ റേഷൻ വിതരണം ഈ മാസം ആറു വരെ നീട്ടിയിരിക്കുകയാണ്. ഇ പോസ് സംവിധാനം തകരാറിലായി റേഷൻ വിതരണം തുടർച്ചയായി തടസ്സപ്പെടുന്നതിനു കാരണം സെർവറിന്റെ ശേഷി വർധിപ്പിക്കാത്തതാണെന്നു വ്യക്തമായിട്ടും അതു ശാശ്വതമായി പരിഹരിക്കാനുള്ള ശ്രമങ്ങളുണ്ടാവാതിരുന്നത് എന്തുകൊണ്ടാണ്?
ശേഷി വർധിപ്പിക്കാൻ മുൻപെടുത്ത തീരുമാനങ്ങൾ നടപ്പാക്കാതിരുന്നതാണു തിരിച്ചടിയായത്. രണ്ടു വർഷം മുൻപ്, ഇടയ്ക്കിടെ ഇ പോസിൽ തകരാറുണ്ടായപ്പോൾ സെർവറിൽ ഡേറ്റ ബാക് അപ് പ്രവർത്തനം നടത്തിയതിനാൽ സ്ഥിതി മെച്ചപ്പെട്ടിരുന്നു. ഈ സംവിധാനത്തിന്റെ ശേഷി വർധിപ്പിക്കാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പോ ഐടി മിഷനോ കേന്ദ്ര സർക്കാരിനു കീഴിലെ നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററോ നടപടി സ്വീകരിച്ചിട്ടില്ല. ഇ പോസ് സംവിധാനത്തിന്റെ പരിപാലനത്തിനും അറ്റകുറ്റപ്പണിക്കുമുള്ള ടെൻഡർ കാലാവധി തീർന്നിട്ടും സർക്കാർ തിരിഞ്ഞുനോക്കുന്നില്ലെന്നതും ഗൗരവമുള്ള കാര്യമാണ്.
കേരളത്തിലെ പൊതുവിതരണ സമ്പ്രദായം രാജ്യത്തിനാകെ മാതൃകയാണെന്നു നാം പെരുമ പറയാറുണ്ട്. ആ അഭിമാനം നിലനിർത്തണമെങ്കിൽ റേഷൻവിതരണം മുടങ്ങുന്ന ഒരു സാഹചര്യവും ഇവിടെ ഉണ്ടായിക്കൂടാ.