ADVERTISEMENT

കായികകേരളത്തിന്റെ നല്ലകാലം കൊഴിഞ്ഞുപോയെന്നു വിലപിക്കുകയാണോ പുതിയ സുവർണകാലം വാർത്തെടുക്കുകയാണോ വേണ്ടതെന്ന ചോദ്യത്തിനുള്ള സാർഥകമായ ഉത്തരമാണ് മലയാള മനോരമ സ്പോർട്സ് അവാർഡുകൾ. പരിശീലിക്കാൻ മെച്ചപ്പെട്ട സൗകര്യമില്ലാതെയും മികവിനുള്ള അംഗീകാരം ലഭിക്കാതെയും തഴയപ്പെടുന്ന കായികമേഖലയെ രാജ്യമറിയുന്ന ആദരം നൽകി പ്രോത്സാഹിപ്പിക്കുന്ന സ്പോർട്സ് അവാർഡ് ആറാം തവണയും പ്രൗഢഗംഭീരമായ ചടങ്ങിൽ, അർഹമായ കൈകളിലെത്തിയിരിക്കുന്നു.

കോമൺവെൽത്ത് ഗെയിംസിലെ വെള്ളിമെഡൽ ജേതാവ് എം.ശ്രീശങ്കറിനാണു മനോരമ സ്പോർട്സ് സ്റ്റാർ 2023 പുരസ്കാരം. മയാമി ഓപ്പൺ ടെന്നിസ് കിരീടനേട്ടത്തിന്റെ പൊൻതിളക്കവുമായി പുരസ്കാരസമർപ്പണത്തിൽ പങ്കെടുക്കാനെത്തിയ രോഹൻ ബൊപ്പണ്ണയുടെ സാന്നിധ്യം ചടങ്ങിനു താരപ്പൊലിമയേകി. മയാമിയിൽ നേടിയ വിജയത്തിന്റെ സന്തോഷവുമായി താൻ ആദ്യമെത്തുന്നത് ഈ വേദിയിലേക്കാണെന്നും അതിന്റെ സന്തോഷം ഏറെയ‍ാണെന്നുമുള്ള ബൊപ്പണ്ണയുടെ വാക്കുകൾ സ്പോർട്സ് സ്റ്റാർ പുരസ്കാരമൂല്യം വർധിപ്പിക്കുന്നു.

കേരളത്തിലെ ഏറ്റവും വലിയ ജനകീയ കായികപുരസ്കാരം സമ്മാനിക്കുന്ന വേദിയുടെ ധന്യതയായി രോഹൻ ബൊപ്പണ്ണ. ഓരോ ദിവസവും തരുന്നതു വ്യത്യസ്ത വെല്ലുവിളികളാണെന്നും മികച്ച പ്രകടനം പുറത്തെടുക്കാനായി അവയെല്ലാം നേരിടാൻ തയാറായേ തീരൂവെന്നും പുതിയ തലമുറയെ സ്വന്തം ജീവിതംകെ‍ാണ്ട് അദ്ദേഹം ഓർമിപ്പിക്കുന്നു. ‘44–ാം വയസ്സിനെ ഞാൻ ജീവിതത്തിന്റെ 44–ാം ലവൽ ആയാണു കാണുന്നത്’ എന്ന് മനോരമയിലെ അഭിമുഖത്തിൽ പറയുമ്പോൾ ടെന്നിസ് കോർട്ടിലെ ‘ദീർഘായുസ്സിന്റെ’ രഹസ്യംകൂടിയാണ് ബൊപ്പണ്ണ വെളിപ്പെടുത്തുന്നത്.

ശ്രീശങ്കറിനു പുറമേ രഞ്ജി ട്രോഫി ക്രിക്കറ്റിലെ റൺവേട്ടക്കാരൻ സച്ചിൻ ബേബി, ഏഷ്യൻ പാരാ ഗെയിംസ് സ്വർണമെഡൽ ജേതാവ് സിദ്ധാർഥ ബാബു എന്നിവരുമാണ് അന്തിമ ചുരുക്കപ്പട്ടികയിലെത്തിയത്. പാരിസ് ഒളിംപിക്സിനു യോഗ്യത നേടിയ ഇന്ത്യയുടെ ആദ്യ ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലീറ്റ് ശ്രീശങ്കറ‍ിന്റെ അഭിമാനനേട്ടങ്ങൾ പുരസ്കാരത്തിലേക്കു വഴിതെളിച്ചു. സച്ചിന്റെ രണ്ടാം സ്ഥാനവും സിദ്ധാർഥ ബാബുവിന്റെ മൂന്നാം സ്ഥാനവും പൊന്നോളം തിളക്കമുള്ള നേട്ടങ്ങൾ തന്നെ.

മൂവരും കൈവരിച്ച നേട്ടങ്ങളുടെ പട്ടികയെടുത്താൽ കായികകേരളം കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ നേരിട്ട തിരിച്ചടികളിൽനിന്നുള്ള ഉയിർത്തെഴുന്നേൽപിന്റെ അടയാളങ്ങളും അതിൽ കാണാം. നമുക്കെ‍ാപ്പം ദിശാബോധമുള്ളവരുണ്ടെങ്കിൽ, കളിയോടുള്ള സ്നേഹം നമ്മിൽ ജ്വലിക്കുന്നുണ്ടെങ്കിൽ തോൽവികൾക്കു നമ്മെ തോൽപിക്കാനാവില്ലെന്ന രോഹൻ ബൊപ്പണ്ണയുടെ വാക്കുകളിലുണ്ട്, പ്രചോദനത്തിന്റെ വഴിവെളിച്ചം.

വ്യക്തിഗത കായികനേട്ടങ്ങൾ പലപ്പോഴും പ്രശംസിക്കപ്പെടാറുണ്ടെങ്കിലും എവിടെയും പരാമർശിക്കപ്പെടാതെ പോകുന്നവരാണു താരങ്ങളെ വളർത്തിയെടുത്ത ക്ലബ്ബുകളും അക്കാദമികളും. മനോരമ സ്പോർട്സ് ക്ലബ് പുരസ്കാരം ഇത്തരത്തിൽ കായിക പ്രതിബദ്ധത പുലർത്തുന്ന സ്ഥാപനങ്ങൾക്കുള്ള ആദരമാണ്. പുരസ്കാരപ്പട്ടികയിൽ ഇടംപിടിക്കുന്ന ക്ലബ്ബുകൾ നാട്ടിൻപുറങ്ങൾക്കു നൽകുന്ന പുത്തൻ കായികോർജം എടുത്തുപറയേണ്ടതുണ്ട്.

വയനാട്ടിലെ കുടിയേറ്റ കർഷക ഗ്രാമമായ പാപ്ലശേരി അഴീക്കോടൻ നഗറിൽ പ്രവർത്തിക്കുന്ന ദർശന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബാണ് ഇത്തവണ സ്പോർട്സ് ക്ലബ് പുരസ്കാരത്തിന് അർഹരായത്. കളിമൈതാനം നഷ്ടപ്പെട്ടിട്ടും തളർന്നുപോകാതെ, ഒരു നാടാകെ ക്ലബ്ബിനു വേണ്ടി ഒന്നിച്ചുനിന്നതിനു ലഭിച്ച അംഗീകാരമാണിത്. രണ്ടാംസ്ഥാനം ലഭിച്ച കോഴിക്കോട് കൊടുവള്ളി മടവൂർ ചക്കാലയ്ക്കൽ എച്ച്എസ്എസ് സ്പോർട്സ് അക്കാദമിയും മൂന്നാം സ്ഥാനം നേടിയ തൃശൂർ വരന്തരപ്പിള്ളി വരാക്കര റെഡ്‍ലാൻഡ്സ് വോളിബോൾ സെന്ററും കേരളത്തിന്റെ അഭിവാദ്യം അർഹിക്കുന്നു.

കരുത്തു പകരുന്ന പിന്തുണയും പ്രോത്സാഹനവും കായികതാരങ്ങൾക്ക് എത്രത്തോളം അനിവാര്യമാണെന്നതിന്റെ ഓർമപ്പെടുത്തലാണു മനോരമ സ്പോർട്സ് അവാർഡുകൾ. ശ്രീശങ്കറും സച്ചിനും സിദ്ധാർഥയും കായികവേദികളിൽനിന്ന് ഇതിനകം സ്വന്തമാക്കിയ നേട്ടങ്ങൾ നമ്മുടെ നാടിനു ലഭിച്ച മെഡലുകളാണ്. ആ നേട്ടങ്ങൾ വരുംതലമുറകൾക്കു വീറും വാശിയും പ്രചോദനവും നൽകുമെന്നതിൽ സംശയമില്ല. അങ്ങേയറ്റം പ്രഫഷനലായി മാറിയ രാജ്യാന്തരവേദികളിൽ മത്സരിച്ചു വിജയിക്കാൻ നമ്മുടെ താരങ്ങൾക്കു ശാസ്ത്രീയപരിശീലന സൗകര്യങ്ങളും സാമ്പത്തികപിന്തുണയും അംഗീകാരവും നൽകാൻ സർക്കാരും ശ്രദ്ധയൂന്നണം. ഒഡീഷയും ഹരിയാനയുമടക്കം പല സംസ്ഥാനങ്ങളും കായിക വികസനത്തിനു നൽകുന്ന പരിഗണന കേരളത്തിനു വഴികാട്ടേണ്ടതുണ്ട്.

English Summary:

Editorial about Manorama Sports Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com