ADVERTISEMENT

തിരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിച്ചിരിക്കെ, കണ്ണൂർ ജില്ലയിലെ പാനൂരിൽ ബോംബ് നിർമിക്കുന്നതിനിടെയുണ്ടായ പെ‍ാട്ടിത്തെറി കേരളത്തെയാകെ ഞെട്ടിക്കുന്നു. നമ്മുടെ നാട് രാഷ്ട്രീയവൈരത്തിന്റെയും പകപോക്കലിന്റെയും ആപൽക്കരമായ വെടിമരുന്നിന്റെ മുകളിലാണെന്ന ഭീതിദവസ്തുത ഒരു ഇടവേളയ്ക്കുശേഷം വീണ്ടും ഓർമിപ്പിക്കുകയാണ് ഈ സംഭവം. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പെ‍ാലീസ് കനത്ത ജാഗ്രത പാലിക്കുന്നതിനിടെയാണ് പാനൂരിൽ ബോംബ് നിർമാണം നടന്നതെന്നതു കൂടുതൽ ഗൗരവമാനം നൽകുന്നു.

ഒരു സിപിഎം പ്രവർത്തകൻ കൊല്ലപ്പെടുകയും മൂന്നു പ്രവർത്തകർക്കു പരുക്കേൽക്കുകയും ചെയ്തിട്ടും സ്ഫോടനവുമായി ബന്ധമില്ലെന്നും ഇതിൽ ഉൾപ്പെട്ടവർ പാർട്ടിക്കാരല്ലെന്നും പറഞ്ഞ് സിപിഎം പതിവുപോലെ കൈകഴുകിയിരിക്കുകയാണ്. എന്നാൽ, തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മൂർധന്യത്തിൽ സിപിഎമ്മിനു കഠിനമായ രാഷ്ട്രീയപ്രഹരമേൽപിക്കുകയാണ് ഈ സ്ഫോടനം. സംഭവത്തിൽ, പാർട്ടിയുടെ പ്രാദേശിക പ്രവർത്തകരായ ചിലർ അറസ്റ്റിലായിട്ടുണ്ട്. തിരഞ്ഞെടുപ്പു കാലത്ത് ആർക്കുവേണ്ടിയാണ് ബോംബ് നിർമിക്കുന്നതെന്ന ചോദ്യം സിപിഎമ്മിനെ വലയ്ക്കുമെന്നു തീർച്ച. 

പ്രശ്നങ്ങളുണ്ടാകുമ്പോൾ പ്രവർത്തകരെ തള്ളിപ്പറയുകയും പിന്നീടു സഹായംചെയ്ത് കൂടെ നിർത്തുകയും ചെയ്യുന്ന നിലപാടാണ് സിപിഎം ഇത്തരം വിഷയങ്ങളിൽ സ്വീകരിക്കുന്നതെന്ന ആരോപണം പാർട്ടിക്കെതിരെ നേരത്തേയും ഉയർന്നിട്ടുണ്ട്. ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായി പാർട്ടി പ്രവർത്തകർ കൊല്ലപ്പെട്ടാൽ അവർ പാർട്ടിയിലുള്ളവരല്ലെന്ന് ആദ്യം പറയുകയും തൊട്ടടുത്ത വർഷം മുതൽ അവരെ രക്തസാക്ഷിപ്പട്ടികയിൽ ചേർത്ത് അനുസ്മരണപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുകയെന്ന സിപിഎംരീതി നാടിനു പുതുമയല്ല.

(1) ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട പാനൂർ കുന്നോത്തുപറമ്പ് മുളിയാത്തോടിലെ വീട്ടുപറമ്പിൽനിന്നു പൊലീസ് കണ്ടെടുത്ത സ്റ്റീൽ ബോംബുകൾ. (2) സായൂജ്, അതുൽ, അരുൺ, ഷബിൻലാൽ
(1) ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട പാനൂർ കുന്നോത്തുപറമ്പ് മുളിയാത്തോടിലെ വീട്ടുപറമ്പിൽനിന്നു പൊലീസ് കണ്ടെടുത്ത സ്റ്റീൽ ബോംബുകൾ. (2) സായൂജ്, അതുൽ, അരുൺ, ഷബിൻലാൽ

കണ്ണൂർ ജില്ലയിലെ സമാധാനപ്രിയരായ ബഹുഭൂരിപക്ഷം ജനങ്ങളുടെ നെഞ്ചിടിപ്പു കൂട്ടുന്നതാണ് പാനൂരിലെ സംഭവം. രാഷ്ട്രീയ എതിരാളികളെ മനസ്സിൽകണ്ട് ബോംബ് നിർമിക്കവേ പൊട്ടിത്തെറിച്ചു മരിക്കുന്നവരുടെയും പരുക്കേൽക്കുന്നവരുടെയും എണ്ണം ജില്ലയിൽ കൂടുകയാണ്. എതിരാളികളിൽ പ്രയോഗിക്കപ്പെടും മുൻപുതന്നെ ബോംബുകൾ പൊട്ടിത്തെറിച്ചാണ് പല അപകടങ്ങളും. ചോറു വാരിത്തിന്നാൻപോലും ആവാത്തവിധം കൈകൾ നഷ്ടപ്പെട്ട യുവാക്കളുടെ നാടായി പാർട്ടിഗ്രാമങ്ങൾ മാറുന്ന കാഴ്ച നിർഭാഗ്യകരംതന്നെ. 

ബോംബ് നിർമാണങ്ങൾക്കിടെ ജില്ലയിൽ ഇതിനകം പരുക്കേറ്റതു സിപിഎം പ്രവർത്തകർക്കു മാത്രമല്ല. സ്വയം വരുത്തിവയ്ക്കുന്ന വിനയായിട്ടും ഇത് അവസാനിപ്പിക്കാൻ നേതാക്കൾ എന്തുകൊണ്ടു ശ്രമിക്കുന്നില്ലെന്ന ചോദ്യം വീണ്ടും ഉയരുകയാണ്. അക്രമരാഷ്‌ട്രീയത്തിന്റെ മുറിവുകളും പേറി എത്രയോ പേർ ജീവിക്കുന്ന ഈ നാട് ഇനിയും ഹിംസയുടെ വിലാസം പേറാൻ ആഗ്രഹിക്കുന്നില്ല. ബോംബിനുമുകളിൽ തലവച്ചുറങ്ങേണ്ടിവരുന്നവരുടെ ആശങ്കകൾ രാഷ്‌ട്രീയക്കാർ കാണാതെപോവുകയാണ്. പുതിയ സംഭവവികാസങ്ങളിൽ സ്‌ത്രീകളും കുട്ടികളും അടക്കമുള്ളവർ ചകിതരാണ്; നടുക്കത്തോടെയും ആശങ്കയോടെയും ഓരോ ദിവസവും തള്ളിവിടേണ്ടിവരുന്നത് ഒരു നാടിന്റെ നിസ്സഹായതയാണ്. 

ചോരയ്ക്കു ചോരയെന്ന പ്രതികാര രാഷ്ട്രീയം കൊടുംക്രൂരതയുടെ അങ്ങേതലം വരെയെത്തിയശേഷം സമാധാനത്തിന്റെ ഒരിടവേള നിലനിന്നിരുന്നു. ആ ആശ്വാസം ഇല്ലാതാക്കിക്കൊണ്ടാണ് പാനൂരിൽ വീണ്ടും സ്ഫോടനശബ്ദം ഉയരുന്നത്. എതിരാളിയുടേതല്ല, ബോംബ് നിർമിക്കുന്നയാളുടെതന്നെ ജീവനെടുക്കുകയും ചെയ്തു. ആരുടെ ജീവനായാലും അത് അത്രയും വിലപ്പെട്ടതാണ്; അതിലേക്കു വഴിവച്ച സാഹചര്യം ആവർത്തിക്കപ്പെടാനും പാടില്ല.

പൊതുസമൂഹത്തിൽ ആശങ്കയും അസ്വസ്ഥതയും മാത്രം ബാക്കിവയ്ക്കുന്ന കൊലപാതകരാഷ്ട്രീയത്തിന് അവസാനമുണ്ടാകാൻ ഉള്ളുരുകി കാത്തിരിക്കുകയാണു സംസ്ഥാനം. ഈ ചോരക്കളിയിൽ മുങ്ങിത്തീരാനുള്ളതാണോ നവകേരളമെന്നു ജനം ചോദിക്കുമ്പോൾ പ്രതീക്ഷ പകരുന്ന മറുപടി ഉത്തരവാദപ്പെട്ട രാഷ്ട്രീയകക്ഷികളിൽനിന്ന് ഉണ്ടാകേണ്ടതുണ്ട്. 

വികസനത്തിന്റെ പടവുകൾ ചാടിക്കയറുന്ന കണ്ണൂർ ഇപ്പോൾ ആഗ്രഹിക്കുന്നതു സമാധാനമാണ്; സമാധാനം മാത്രം. രാഷ്‌ട്രീയ പ്രബുദ്ധതയുടെയും ഐതിഹാസിക ജനകീയ സമരങ്ങളുടെയും പേരിൽ ചരിത്രത്തിൽ തലയുയർത്തിനിൽക്കുന്ന ഈ മണ്ണിൽനിന്നു ബോംബ് സംസ്‌കാരത്തെ വേരോടെ പിഴുതെറിഞ്ഞേ തീരൂ. ഇപ്പോഴത്തെ സംഭവത്തിന്റെ ഉത്തരവാദിത്തത്തിൽനിന്നു പതിവുപോലെ കൈകഴുകിയെങ്കിലും അതല്ല യാഥാർഥ്യമെന്ന ധാർമികബോധം ഉൾക്കെ‍ാണ്ട് സ്വയംതിരുത്താൻ സിപിഎം ഒട്ടുംതന്നെ വൈകിക്കൂടാ.

English Summary:

Editorial about Bomb Blast in Panur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com