ADVERTISEMENT

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആഭിചാര കർമങ്ങൾ നിർബാധം നടക്കുന്നുണ്ടെങ്കിലും അരുണാചൽ പ്രദേശിലെ സീറോ താഴ്‌വരയിൽ നടന്ന മൂന്നു മലയാളികളുടെ മരണങ്ങൾക്ക് ഇതുമായി ബന്ധമില്ല. ദുർമന്ത്രവാദം എന്നതിനപ്പുറം, നിരപരാധികളെ ദുർമന്ത്രവാദികളായി ചിത്രീകരിച്ചു കൊലപ്പെടുത്തുന്നത് അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും നടക്കുന്നുണ്ട്.

ജീവിതത്തിലെ പല പ്രശ്നങ്ങൾക്കും കാരണം ദുർമന്ത്രവാദമാണെന്ന് ആരോപിച്ചു നാട്ടുകാർ നിരപരാധികളെ കൊല്ലുന്നതു (വിച് ഹണ്ടിങ്) പതിവായതോടെ 2018ൽ ഇത് അസം നിയമം മൂലം നിരോധിച്ചു. ഇതോടെ ഇത്തരം ആൾക്കൂട്ട കൊലപാതകങ്ങൾ കുറഞ്ഞു. ആരെയെങ്കിലും ദുർമന്ത്രവാദിയായി ചിത്രീകരിക്കുന്നവർക്കു കടുത്തശിക്ഷ ഉറപ്പാക്കുന്നതാണ് അസമിലെ വിച് ഹണ്ടിങ് (പ്രോഹിബിഷൻ, പ്രിവൻഷൻ ആൻഡ് പ്രൊട്ടക്‌ഷൻ) നിയമം. ആരോപണവിധേയൻ കൊല്ലപ്പെട്ടാൽ ശിക്ഷ വർധിക്കും. 2011 മുതൽ 2019 വരെ അസമിൽ 109 പേരെ ദുർമന്ത്രവാദം ആരോപിച്ചു കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസ് കണക്ക്. അന്ധവിശ്വാസത്തിലധിഷ്ഠിതമായ രോഗചികിത്സയ്ക്കെതിരെയുള്ള ഹീലിങ് (പ്രിവൻഷൻ ഓഫ് ഈവിൾ) പ്രാക്ടിസ് ബില്ലും ഈ വർഷം അസം നിയമസഭ പാസാക്കിയിരുന്നു. 

അപ്പത്താനി ഗോത്രങ്ങൾ താമസിക്കുന്ന പ്രദേശമാണ് സീറോ താഴ്‌വര. വർഷംതോറും സെപ്റ്റംബർ അവസാനം നടക്കുന്ന സീറോ മ്യൂസിക് ഫെസ്റ്റിവലിന്റെ പേരിലാണ് താഴ്‌വര കൂടുതൽ പ്രശസ്തമായത്. ലോകപ്രശസ്ത ബാൻഡുകളും സംഗീതജ്ഞരും എത്തുന്ന വേദി ഏഷ്യയിലെ പ്രധാന ഓപ്പൺ എയർ ഫെസ്റ്റിവലുകളിൽ ഒന്നാണ്. അപ്പത്താനി ഗോത്രമേഖലയിൽ ഒട്ടേറെ ഹോം സ്റ്റേകളും ഏതാനും റിസോർട്ടുകളും ഉയർന്നിട്ടുണ്ട്. ബൈക്ക് യാത്രികരുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നുമാണ് ഹിമാലയത്തിന്റെ പശ്ചാത്തലത്തിൽ സ്വർണനിറത്തിലുള്ള നെൽവയലുകളുള്ള സീറോ താഴ്‌വര. മുഖത്ത് ടാറ്റൂ പതിപ്പിക്കുകയും മരത്തടിയിലുള്ള ആഭരണംകൊണ്ട് മൂക്കിന്റെ ദ്വാരം വലുതാക്കുകയും ചെയ്യുന്ന അപ്പത്താനി ഗോത്രങ്ങളെ കാണാനും ധാരാളം പേർ എത്തുന്നു. അരുണാചലിലെ സിയാങ് ജില്ലയിലെ ഗോത്രവിഭാഗങ്ങളിൽ ആഭിചാരം സജീവമാണെങ്കിലും അപ്പത്താനി ഗോത്രങ്ങളിൽ അധികം റിപ്പോർട്ട് ചെയ്തിട്ടില്ല. 

പ്രകൃതിയെ ആരാധിക്കുന്ന ഗോത്രവിഭാഗക്കാർ ജീവിതത്തെ നിയന്ത്രിക്കുന്നതു പലതരം ആത്മാക്കളാണെന്നു കരുതുന്നു. അവരെ സന്തോഷിപ്പിക്കാൻ മൃഗങ്ങളെ ബലിയർപ്പിക്കുന്നതു മിക്ക ഗോത്രങ്ങളുടെയും രീതിയാണ്. മരിച്ചനിലയിൽ കണ്ടെത്തിയ മൂന്നുപേരും സീറോയിൽ എവിടെയെല്ലാം പോയി, ആരെയെല്ലാം കണ്ടു എന്നതിൽ അന്വേഷണം തുടരുകയാണെന്നു ലോവർ സുബാൻസിരി ജില്ലാ പൊലീസ് മേധാവി കെനി ബഗ്ര പറഞ്ഞു. 

അസമിൽ ഗുവാഹത്തിക്ക് 40 കിലോമീറ്റർ അകലെയുള്ള മയോങ് ഗ്രാമം ഇന്ത്യയിലെ ദുർമന്ത്രവാദത്തിന്റെ തൊട്ടിലായാണ് കരുതപ്പെടുന്നത്. മനുഷ്യരെ മൃഗങ്ങളാക്കുന്ന ദുർമന്ത്രവാദികൾ ഇവിടെയുണ്ടെന്നു നാട്ടുകാർ വിശ്വസിക്കുന്നു. രോഗം മാറ്റാനും മോഷണവസ്തുക്കൾ കണ്ടെത്താനും മന്ത്രവാദികളുടെ സഹായം തേടുന്നു. മയോങ്ങിലെ മ്യൂസിയത്തിൽ ദുർമന്ത്രവാദം സംബന്ധിച്ച ഉപകരണങ്ങൾ പ്രദർശിപ്പിക്കുന്നുമുണ്ട്. ബ്രഹ്മപുത്രയിലെ വെള്ളപ്പൊക്കംമൂലം എല്ലാ വർഷവും പ്രളയമുണ്ടാകുന്ന പ്രദേശമാണ് മയോങ്.  കിണറ്റിലെ വെള്ളത്തിൽ പ്രാണികളെ കണ്ടതിനെത്തുടർന്ന് മുതിർന്ന രണ്ടു സ്ത്രീകളെ ബന്ധുക്കൾതന്നെ ദുർമന്ത്രവാദം ആരോപിച്ച് ജീവനോടെ കുഴിച്ചിട്ടത് ഏതാനും വർഷം മുൻപാണ്. ദുർമന്ത്രവാദികളായി മുദ്രകുത്തപ്പെട്ടതിനെത്തുടർന്ന് നാടുവിടേണ്ടിവന്നവരും ഇവിടെയുണ്ട്.

English Summary:

Writeup about black magic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com