ADVERTISEMENT

കർണാടകയിൽനിന്നുള്ള ചൂടുകാറ്റ് ഡെക്കാൻ പീഠഭൂമിയുടെ കാലാവസ്ഥ വയനാട്ടിലെത്തിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുമുതൽ വയനാട്ടിലേക്കുള്ള രാഷ്ട്രീയക്കാറ്റും വടക്കുനിന്നാണെത്തുന്നത്. ഇക്കുറിയും വയനാട്ടിൽ നടക്കുന്നത് 'പാൻ ഇന്ത്യൻ'‍ പോരാട്ടം. സിറ്റിങ് എംപിയും ഇന്ത്യാ മുന്നണിയുടെ ദേശീയനേതാവുമായ രാഹുൽ ഗാന്ധി ഇന്നലെ നടത്തിയ മാരത്തൺ മണ്ഡല പര്യടനത്തിൽ തടിച്ചുകൂടിയ ജനക്കൂട്ടം ഭൂരിപക്ഷം 5 ലക്ഷമായി ഉയരുമെന്നതിന്റെ തെളിവാണെന്ന് യുഡിഎഫ്. ഇന്ന് ആനി രാജയ്ക്കായി കൽപറ്റയിൽ നടത്തുന്ന മെഗാ റോഡ് ഷോ യുഡിഎഫ് അവകാശവാദത്തിനു കുറിക്കുകൊള്ളുന്ന മറുപടിയാകുമെന്ന് എൽഡിഎഫ് . ഇത്തരം ജനാരവങ്ങളിൽനിന്നു ശ്രദ്ധതിരിച്ചുവിടാൻ പേരുമാറ്റ വിവാദമുൾപ്പെടെ ഉയർത്തിക്കൊണ്ടുവരാനാണ് എൻഡിഎയുടെയും സ്ഥാനാർഥി കെ. സുരേന്ദ്രന്റെയും ശ്രമം.

കേരളചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിലാണ് 2019ൽ രാഹുൽ ഗാന്ധി പാർലമെന്റിലെത്തിയത്. അന്നു സംസ്ഥാനത്ത് ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിന്റെ പ്രഭവകേന്ദ്രം വയനാടായിരുന്നു. അതുകൊണ്ടുതന്നെയാകണം, രാഹുൽ ഗാന്ധി എന്തിനു ‍ തങ്ങൾക്കെതിരെ മത്സരിക്കുന്നുവെന്ന ചോദ്യമാണു വയനാട്ടിലുടനീളം പ്രചാരണയോഗങ്ങളിൽ എൽഡിഎഫ് പ്രധാനമായും ഉയർത്തുന്നത്. സിറ്റിങ് എംപി വയനാടിനെ കൈവെടിയുന്നതു തെറ്റായ സന്ദേശം നൽകില്ലേയെന്നു യുഡിഎഫും ചോദിക്കുന്നു. ഇന്ത്യാമുന്നണിയുടെ ദേശീയ നേതാക്കളായ രാഹുൽ ഗാന്ധിയും ആനി രാജയും ഡൽഹിയിൽ ദോസ്തിയും വയനാട്ടിൽ ഗുസ്തിയുമാണെന്ന് എൻഡിഎ.

വന്യജീവിശല്യം, വികസന മുരടിപ്പ്, പൗരത്വനിയമവിവാദം, കാർഷികപ്രതിസന്ധി, വരൾച്ച, മണിപ്പുർ കലാപം എന്നിങ്ങനെ അടിമുടി ജനകീയ പ്രശ്നങ്ങളും രാഷ്ട്രീയവും നിറഞ്ഞുനിന്ന പ്രചാരണരംഗം, ബത്തേരിയുടെ പേരുമാറ്റം എന്ന മുഖ്യ അജൻഡയുമായി എൻഡിഎ എത്തിയതോടെ മറ്റൊരു തലത്തിലേക്കു കടന്നു. നാടിന്റെ നേരവകാശികളായ ആദിവാസികളെ പേരുമാറ്റി വനവാസികളെന്ന് ആക്ഷേപിക്കുന്ന ആർഎസ്എസ് നിലപാടാണ് ആദ്യം അവസാനിപ്പിക്കേണ്ടതെന്നാണു യുഡിഎഫും എൽഡിഎഫും ഒരേസ്വരത്തിൽ നൽകുന്ന മറുപടി.

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ജെ.എസ്. സിദ്ധാർഥന്റെ മരണം വയനാട്ടിലെ പ്രധാന രാഷ്ട്രീയചർച്ചയാണ്. രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ ബിജെപിയെ പേടിച്ച് ലീഗ് കൊടി മാറ്റുന്നവർ എങ്ങനെ ഫാഷിസ്റ്റ് വിരുദ്ധ പോരാളികളാകുമെന്ന ചോദ്യം എൽഡിഎഫ് ഉന്നയിക്കുന്നു. കേവലം ചിഹ്നം സംരക്ഷിക്കാനല്ല, ഇന്ത്യയെ വീണ്ടെടുക്കുകയെന്ന മഹത്തായ ലക്ഷ്യത്തിനായാണു തങ്ങളുടെ പോരാട്ടമെന്നും ബിജെപിയുടെ കെണിയിൽ വീഴാനില്ലെന്നും യുഡിഎഫിന്റെ ഉത്തരം.

പേരു സ്വന്തമായുണ്ടെങ്കിലും അത്രത്തോളം ‘വയനാടല്ല’ വയനാട് മണ്ഡലം. ഏഴിൽ 4 നിയോജക മണ്ഡലങ്ങളും 14.62 ലക്ഷം വോട്ടർമാരിൽ 8.26 ലക്ഷവും മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ്. രാഹുൽ ഗാന്ധിയുടെ ദേശീയ പ്രതിഛായയും മണ്ഡലത്തിന്റെ യുഡിഎഫ് ചായ്‌വും പ്രളയം, കോവിഡ്, വന്യജീവി ശല്യം തുടങ്ങിയ പ്രതിസന്ധിഘട്ടങ്ങളിൽ എംപി എത്തിച്ച സഹായങ്ങളും യുഡിഎഫിന്റെ‍ ആത്മവിശ്വാസം വർധിപ്പിക്കുന്നു. എംപി എന്ന നിലയിലുള്ള രാഹുലിന്റെ പ്രകടനത്തിൽ വോട്ടർമാർ‍ തൃപ്തരല്ലെന്നും അയൽനാട്ടുകാരിയായ ആനി രാജയ്ക്കു വയനാട്ടുകാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനോ ലോക്സഭയിൽ അവതരിപ്പിക്കാനോ മൊഴിമാറ്റക്കാരുടെ സഹായം ആവശ്യമില്ലെന്നതു തങ്ങൾക്കു ഗുണകരമാകുമെന്നും എൽഡിഎഫ് പറയുന്നു. സംഘടനാ സംവിധാനത്തിലെ പോരായ്മകൾ പ്രചാരണ തന്ത്രങ്ങളിലൂടെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ.

രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി (53), കോൺഗ്രസ്
∙ കോൺഗ്രസിന്റെയും ഇന്ത്യാസഖ്യത്തിന്റെയും ദേശീയമുഖം, സിറ്റിങ് എംപി
∙ 2017 മുതൽ 2019 വരെ കോൺഗ്രസ് അധ്യക്ഷൻ
∙ ഭാരത് ജോഡോ യാത്രയിലൂടെ കോൺഗ്രസിനു പുത്തനുണർവ് നൽകി

അനുകൂലം
∙ കക്ഷിഭേദമെന്യേ സ്വീകാര്യത. പരമ്പരാഗത യുഡിഎഫ് മണ്ഡലമെന്ന മേൽക്കൈ.
∙ രാഹുൽ മത്സരിക്കുമ്പോൾ മണ്ഡലത്തിനു കിട്ടുന്ന ദേശീയ ശ്രദ്ധ.

പ്രതികൂലം
∙ മണ്ഡലത്തിൽ നിത്യസാന്നിധ്യമാകാനായില്ലെന്ന് എതിർപക്ഷങ്ങളുടെ വിമർശനം.
∙ പ്രതീക്ഷിച്ചത്ര പദ്ധതികൾ നടപ്പാക്കാനായില്ല.

ആനി രാജ
ആനി രാജ

ആനി രാജ (58), സിപിഐ
∙ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം. ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി.
∙ കണ്ണൂർ ആറളം മലയോര മേഖലയിൽനിന്നു ദേശീയ നേതാവായി വളർന്നു.
∙ ആദ്യ തിരഞ്ഞെടുപ്പു മത്സരം.

അനുകൂലം
∙ കർഷക-തൊഴിലാളി-ന്യൂനപക്ഷ പ്രശ്നങ്ങളിൽ ഡൽഹിയിലെ ശക്തമായ സാന്നിധ്യം.
∙ കുടിയേറ്റ കർഷക മേഖലകളിലുള്ള ബന്ധങ്ങൾ.

പ്രതികൂലം
∙ ഭൂരിപക്ഷം മണ്ഡലങ്ങളും യുഡിഎഫിനൊപ്പം.
∙ വന്യജീവിശല്യമുൾപ്പെടെയുള്ള പ്രശ്നങ്ങളിൽ സംസ്ഥാന സർക്കാർ നേരിടുന്ന വിമർശനം.

കെ. സുരേന്ദ്രൻ
കെ. സുരേന്ദ്രൻ

കെ. സുരേന്ദ്രൻ (54), ബിജെപി
∙ 2020 മുതൽ ബിജെപി സംസ്ഥാന പ്രസിഡന്റ്.
∙ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ബിജെപിയുടെ മുൻനിര താരം.
∙ ലോക്സഭയിലേക്ക് നാലാം മത്സരം.

അനുകൂലം
∙ വൈകിയാണെത്തിയതെങ്കിലും ഊർജസ്വലതയോടുകൂടിയ പ്രചാരണം.
∙ യുവമോർച്ച ജില്ലാ പ്രസിഡന്റായി പൊതുപ്രവർത്തനം തുടങ്ങിയ നാടെന്ന പരിചയം.

പ്രതികൂലം
∙ പാർട്ടിയുടെ സ്വാധീന മേഖലയല്ല.
∙ ആദിവാസി-പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലെ സ്വാധീനക്കുറവ്.

ലോക്സഭാ തിരഞ്ഞെടുപ്പ് 2019
∙ രാഹുൽഗാന്ധി (കോൺഗ്രസ്): 7,06,367 (64.64%)
∙ പി.പി.സുനീർ (സിപിഐ) : 2,74,597 (25.13%)
∙ തുഷാർ വെള്ളാപ്പള്ളി (ബിഡിജെഎസ്) : 78,816 (7.21%)
∙ ഭൂരിപക്ഷം: 4,31,770

2024
ആകെ വോട്ടർമാർ : 14,62,423
സ്ത്രീ: 7,41,354
പുരുഷൻ: 7,21,054
ട്രാൻസ്ജെൻഡർ:15
കന്നിവോട്ടർമാർ: 1,04,604

chart-1
chart-2
English Summary:

Wayanad election campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com