ADVERTISEMENT

സിവിൽ സർവീസസ് ഫലങ്ങൾക്കു മുൻപിൽ അഭിമാനത്തോടെ നിൽക്കുകയാണു കേരളം. ശാരീരിക പരിമിതികളുടെ വഴികളിൽ കാലിടറാതെ, നിശ്ചയദാർഢ്യത്തിന്റെ വിജയകാഹളം മുഴക്കിയവർ ഈ അഭിമാനപ്പട്ടികയിലെ പ്രചോദനതാരങ്ങളാവുന്നു. പി.കെ.സിദ്ധാർഥ് രാംകുമാറിനു ലഭിച്ച നാലാം റാങ്ക് കഴിഞ്ഞ 9 വർഷത്തിനിടെ ഒരു മലയാളിക്കു കിട്ടുന്ന ഏറ്റവും ഉയർന്ന റാങ്കാണെന്നതിൽ നമുക്കു നിറവോടെ അഭിമാനിക്കാം. ആദ്യ 100 റാങ്കിൽ ഏഴു മലയാളികളുണ്ടെന്നതിൽ ഏഴു വർഷത്തിനിടെ കേരളത്തിന്റെ ഏറ്റവും മികച്ച പ്രകടനംകൂടി പ്രകാശിക്കുന്നു. 

ലക്ഷ്യബോധത്തിന്റെയും ഇച്ഛാശക്തിയുടെയുംകൂടി വിജയം കുറിച്ച ചില പേരുകൾ ഈ ഫലപ്പട്ടികയിൽനിന്നു നമ്മുടെ ഹൃദയത്തിലെത്തുന്നു. വീണ്ടെടുത്ത ജീവിതത്തിന്റെ ശോഭ നിറഞ്ഞുതുളുമ്പുന്ന വിജയങ്ങളാണ് ഇവരുടേത്. നമ്മുടെയെ‍ാക്കെയും അഭിവാദ്യം അർഹിക്കുന്നവർ; പ്രതിസന്ധികളെ തോൽപിച്ചവർ. സിവിൽ സർവീസസ് പരീക്ഷയിൽ വിജയം നേടിയ മലയാളികളിൽ ഉന്നത റാങ്ക് ലഭിച്ച മിടുക്കർക്കൊപ്പം, തിളക്കത്തോടെ നിൽക്കുകയാണ് ഈ മൂന്നു പേർ. ഇവരുടേതു തീവ്രമായ പരിശ്രമത്തിന്റെ മാത്രം വിജയമല്ല, അതുല്യമായ മനക്കരുത്തിന്റെയും കടുത്ത പോരാട്ടത്തിന്റെയും കൂടി നേട്ടമാണ്. 

സിവിൽ സർവീസ് മോഹത്തെ പിന്നോട്ടുവലിക്കാൻ ഒരപകടത്തിനും കഴിയില്ലെന്നു തെളിയിച്ചിരിക്കുകയാണ് പാർവതി ഗോപകുമാർ.  വലതുകൈ നഷ്ടമായതുകെ‍ാണ്ട് ഇടതുകൈകൊണ്ടു പരീക്ഷയെഴുതി 282–ാം റാങ്കാണ് പാർവതി നേടിയത്. 895– ാം റാങ്ക് നേടിയ ഗോകുൽ കൃഷ്ണയുടേതും തിളക്കമാർന്ന നേട്ടം. അപകടത്തിൽ നാഡീഞരമ്പുകൾക്കേറ്റ ക്ഷതം കാരണം ഇടതുകൈ തളർന്നിട്ടും മനസ്സു തളരാതെ, നാലാമത്തെ ശ്രമത്തിലാണു ഗോകുലിന്റെ ജയം. ജന്മനാ, സെറിബ്രൽ പാൾസിയെന്ന രോഗാവസ്ഥയിലുള്ള എ.കെ.ശാരികയുടേതു മറ്റെ‍ാരു മനോഹരവിജയമാണ്; ഇടതുകയ്യിൽ ചലനശേഷി ബാക്കിയുള്ള മൂന്നു വിരലുകൾകൊണ്ടെഴുതി നേടിയ 922–ാം റാങ്ക്. 

റാങ്ക് പട്ടികയിലുള്ള മലയാളികളെല്ലാം നമുക്ക് അഭിമാനവും ആഹ്ലാദവും പ്രചോദനവും പകരുന്നു. 101–200 റാങ്കിലും 4 മലയാളികളുണ്ട്. കഠിനമായ തയാറെടുപ്പിനെ‍ാടുവിലാണ് ഇവരെല്ലാം വിജയതീരമണയുന്നത്. അക്കാദമിക് അറിവു മുതൽ സാമൂഹികപ്രതിബദ്ധത വരെ പല തലത്തിൽ വിലയിരുത്തി ആറ്റിക്കുറുക്കിയെടുത്താണ് ഇന്ത്യൻ സിവിൽ സർവീസസ് വിജയികളുടെ തിരഞ്ഞെടുപ്പ്. അങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവരുടെ കഴിവിനെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും സമൂഹത്തിനുള്ള വലിയ വിശ്വാസം നമ്മുടെ സിവിൽ സർവീസിലെ ഭൂരിഭാഗം പേരും എക്കാലത്തും നിലനിർത്തിയിട്ടുമുണ്ട്. ആ വിശ്വാസ്യതയാണു പ്രതിസന്ധിഘട്ടങ്ങളിൽ ശക്തമായ തീരുമാനങ്ങളെടുക്കാൻ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്നതും. അതുകൊണ്ടാണു സർദാർ വല്ലഭ് ഭായ് പട്ടേൽ സിവിൽ സർവീസിനെ ‘രാഷ്ട്രത്തിന്റെ ഉരുക്കു ചട്ടക്കൂട്’ എന്നു വിശേഷിപ്പിച്ചത്.

സിവിൽ സർവീസസ് പരീക്ഷയിൽ കേരളത്തിന്റെ യശസ്സുയർത്തിയവർ നമ്മുടെ പ്രതീക്ഷ കൂടിയാണ്. അധികാരത്തിന്റെ പടവുകൾ ചവിട്ടിക്കയറുമ്പോഴും ജനകീയമായ നിലപാടിൽ സമർപ്പിതമായി പ്രവർത്തിക്കാൻ കഴിയുമ്പോഴാണ് ഇപ്പോഴത്തെ വിജയം പ്രതിബദ്ധതയുടെ വിളംബരമായി മാറുന്നത്. കഠിനപരിശ്രമംകൊണ്ട് ഉന്നത പദവികളിലേക്കുള്ള വാതിൽ തുറക്കാനായ ഇവർക്കെല്ലാം, വൈകാതെ കൈവരുന്ന അധികാരസ്ഥാനങ്ങളുടെ മഹനീയത കാത്തുസൂക്ഷിക്കാനാകട്ടെ. സിവിൽ സർവീസ് പരീക്ഷയിൽ മികവു തെളിയിച്ചവർക്കും അവർക്കു താങ്ങും തുണയുമായ മാതാപിതാക്കൾക്കും അറിവുകളിലേക്കു നയിച്ച അധ്യാപകർക്കും ഞങ്ങളുടെ അഭിവാദ്യം.

English Summary:

Editorial about Civil service Exam Rank holder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com