ADVERTISEMENT

കാത്തിരുന്ന ദിവസം വന്നെത്തിയിരിക്കുന്നു: ഇടതുകയ്യിലെ ചൂണ്ടുവിരലിൽ പതിയുന്ന മഷിയടയാളം ഉയർത്തിക്കാട്ടി അഭിമാനത്തോടെ നമുക്കു ജനാധിപത്യത്തിന്റെ കൊടി വാനോളമുയർത്താം. 

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ അമൂല്യപരീക്ഷയിൽ ഇന്നു കേരളവും പങ്കുചേരുകയാണ്. ജനാഭിലാഷപ്രകാരമുള്ള ഭരണം സ്ഥാപിക്കാനും ജനങ്ങളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കാനുമുള്ള ഏറ്റവും ശക്‌തമായ ആയുധമാണ് സമ്മതിദാനാവകാശം. ഓരോ വോട്ടറുടെയും കയ്യിലുള്ള ഈ അവകാശം രാജ്യത്തിന്റെ ഭാവിയോളംതന്നെ വിലപിടിപ്പുള്ളതാകുന്നു. അതുകെ‍ാണ്ടുതന്നെ അത്യധികം നിർണായകമായ ഈ തിരഞ്ഞെടുപ്പിന്റെ വിജയം വോട്ടർമാരുടെ ഉത്തരവാദിത്തമായിത്തീരുന്നു.

ജനാധിപത്യത്തിലുള്ള അചഞ്ചലമായ വിശ്വാസവും രാഷ്‌ട്രീയ പക്വതയും എന്നും പ്രകടിപ്പിച്ചുപോന്ന കേരളത്തിന് ഒരിക്കൽക്കൂടി അത് അടിവരയിട്ടു പ്രഖ്യാപിക്കാനുള്ള അവസരമാണു കൈവന്നിരിക്കുന്നത്. ഓരോ വോട്ടും രാജ്യത്തിന്റെ ഭാവിക്കു നിർണായകമാണെന്ന തിരിച്ചറിവോടെ വേണം പതിനെട്ടാം ലോക്സഭയെ തിരഞ്ഞെടുക്കാൻ കേരളം പോളിങ് ബൂത്തിലെത്താൻ. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികൾ മത്സരിക്കുമ്പോൾ അവരിൽനിന്നു മികച്ചവരെ തിരഞ്ഞെടുക്കാനുള്ള അവകാശം 2.77 കോടി വോട്ടർമാർക്കാണ്.

ഒന്നരമാസത്തിലേറെ നീണ്ടു, ഇത്തവണ പ്രചാരണം. അസഹനീയമായ ചൂടിലും, നമ്മുടെ തിരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും ആവേശഭരിതമായ പ്രചാരണകാലങ്ങളിലെ‍ാന്നാണു കേരളം പിന്നിട്ടത്. ദേശീയ നേതാക്കൾ പലവട്ടം കേരളത്തിൽ പ്രചാരണത്തിനെത്തി. ചൂടേറിയ ചർച്ചകളും ആരോപണ പ്രത്യാരോപണങ്ങളും തിരഞ്ഞെടുപ്പരങ്ങിന്റെ താപനില ഉയർത്തിക്കൊണ്ടേയിരുന്നു. 

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലാണു കേരളം വോട്ടു ചെയ്യുന്നത്. ഒന്നാംഘട്ട വോട്ടെടുപ്പിൽ പോളിങ് ശതമാനത്തിൽ കാര്യമായ കുറവുണ്ടായത് അത്യധികം ഗൗരവമുള്ളതാണ്. 2019ൽ 69.9% ആയിരുന്ന പോളിങ് ഇത്തവണ 65.5% ആയാണ് കുറഞ്ഞത്. ഒന്നാം ഘട്ടത്തിലെ 102 സീറ്റുകളിൽ 93 ഇടത്തും വോട്ടു ശതമാനം കുറയുകയായിരുന്നു. മുപ്പതു ശതമാനത്തിലേറെപ്പേർ വോട്ടു ചെയ്യാതിരിക്കുമ്പോൾ മൊത്തം വോട്ടർമാരിൽ കഷ്ടിച്ചു മൂന്നിലൊന്ന് ആളുകളെമാത്രം പ്രതിനിധീകരിക്കുന്നവരാണ് (വോട്ട് മൂന്നായെങ്കിലും വിഭജിക്കപ്പെടുന്ന സാഹചര്യത്തിൽ) പലപ്പോഴും തിരഞ്ഞെടുക്കപ്പെടുക. എങ്കിൽ, അതെങ്ങനെ ഭൂരിപക്ഷഹിതമായി കണക്കാക്കാനാവും എന്ന ചോദ്യം പ്രസക്തമാണ്.

‘വീട്ടിലെത്തി വോട്ട്’ അടക്കമുള്ള നടപടികൾ തിരഞ്ഞെടുപ്പു കമ്മിഷൻ സ്വീകരിച്ചിട്ടും പോളിങ് കുറയുന്നത് ആശങ്കയുണ്ടാക്കുന്നു. ഒരു വോട്ടിനോ ഏതാനും വോട്ടുകൾക്കു മാത്രമോ ഒരു സ്‌ഥാനാർഥി ജയിക്കുമ്പോഴോ തോൽക്കുമ്പോഴോ ആകും സമ്മതിദാനാവകാശത്തിന്റെ വില പലരും തിരിച്ചറിയുക.  

ഏതു സർക്കാരായാലും അതു ബഹുഭൂരിപക്ഷം പേരും പങ്കെടുത്ത വോട്ടെടുപ്പിലൂടെ രൂപംകൊണ്ടതാണെന്നു വരു‌മ്പോഴേ ജനാധിപത്യ വ്യവസ്‌ഥിതിക്കു യഥാർഥ പ്രാതിനിധ്യ സ്വഭാവം കൈവരൂ. ജനങ്ങളുടെ അഭിലാഷങ്ങളെയും രാജ്യതാൽപര്യങ്ങളെയും  പ്രതിനിധീകരിക്കുന്നത് ‘യഥാർഥ ഭൂരിപക്ഷം’ ആകണമെന്നതിൽ സംശയമില്ല. അതിനു പരമാവധി പേർ പോളിങ് ബൂത്തിലെത്തുകതന്നെ വേണം. ഉയർന്ന പോളിങ് ശതമാനം ഒരു നാടിന്റെ ജനാധിപത്യബോധത്തിന്റെ സൂചികയായതിനാ‍ൽ ആ റെക്കോർഡിനായാണ് ഇത്തവണ കേരളം ശ്രമിക്കേണ്ടത്. കാടിളക്കിയുള്ള പ്രചാരണത്തെക്കാൾ പ്രധാനമാണ് വോട്ടർമാരെ ബൂത്തിൽ എത്തിക്കുന്നതെന്നു രാഷ്ട്രീയകക്ഷികളും തിരിച്ചറിയണം. 

കള്ളവോട്ടും ബൂത്തുപിടിത്തവും ജനവിധി അട്ടിമറിക്കാൻ അനുവദിച്ചുകൂടാ. ഒന്നിലേറെ വോട്ട് ഒരാൾ ചെയ്യുന്ന സാഹചര്യവും  ബൂത്തിൽനിന്ന് എതിർസ്ഥാനാർഥികളുടെ ഏജന്റുമാരെ അടിച്ചോടിക്കുന്നതുമൊക്കെ ജനാധിപത്യത്തിന് അപമാനമാണ്. ‘അപര’ സ്ഥാനാർഥികൾക്കായി വോട്ടു പാഴാക്കാതിരിക്കാനും ശ്രദ്ധിക്കണം.

ഇന്നു കേരളം രേഖപ്പെടുത്തുന്ന സമ്മതിദാനാവകാശം നാം ജനാധിപത്യത്തിനു നൽകുന്ന ഏറ്റവും മൂല്യവത്തായ അഭിവാദ്യമാകണം. വിവേകത്തോടെയും ദീർഘവീക്ഷണത്തോടെയും അതു സാർഥകമാക്കാം; ഒറ്റ വോട്ടും പാഴാക്കാതെയുമിരിക്കാം.

English Summary:

Editorial about Loksabha Election 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com