ADVERTISEMENT

ന്യൂഡൽഹി∙ റഫാൽ യുദ്ധവിമാന ഇടപാടിന് പ്രധാനമന്ത്രിയുടെ ഓഫിസ് സമാന്തര ചർച്ച നടത്തിയെന്നത് ഞെട്ടിപ്പിക്കുന്ന െവളിപ്പെടുത്തലാണെന്നും ആരെ സഹായിക്കാനാണ് അസാധാരണ താൽപര്യം കാണിച്ചതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ എ.കെ.ആന്റണി.

ഇടപെടലിന്റെ പ്രശ്നങ്ങൾ ആന്റണി ഇങ്ങനെ വിശദീകരിച്ചു:

പ്രതിരോധ ആവശ്യങ്ങൾക്കു വിമാനങ്ങളും മറ്റും വാങ്ങുന്നതിന് ചർച്ച നടത്താൻ പ്രധാനമന്ത്രിയുടെ ഓഫിസിന് അധികാരമില്ല. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും മറ്റും ഉപയോഗിക്കാനുള്ള വിമാനങ്ങളുടെ സാങ്കേതിക കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ മാത്രമാണ് പ്രധാനമന്ത്രിയുടെ ഓഫിസിന് ഉൾപ്പെടുത്തുക.

ഓരോ സേനയും ഉന്നയിക്കുന്ന ആവശ്യങ്ങൾ പ്രതിരോധ മന്ത്രി അധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ് (ഡിഎസി) പരിശോധിക്കുന്നതും തുടർ നടപടിയെടുക്കുന്നതും. പ്രതിരോധ മന്ത്രിക്കു തനിച്ച് തീരുമാനമെടുക്കാവാനില്ല.

126 യുദ്ധവിമാനങ്ങൾ വാങ്ങണമെന്ന ആവശ്യം വ്യോമസേന മുന്നോട്ടുവച്ചത് 2002 ലാണ്. ഇന്നത്തെ സാഹചര്യത്തിൽ അതിന്റെ ഇരട്ടി വിമാനങ്ങൾ വേണം. ഡിഎസിയാണ് ആവശ്യം പരിശോധിച്ച് ടെൻഡറിനു നടപടിയെടുത്തത്. അതിന്റെ അടിസ്ഥാനത്തിലാണ് ഫ്രഞ്ച് കമ്പനിയായ ഡാസോയെ തീരുമാനിച്ചത്.

18 വിമാനങ്ങൾ ഡാസോ ലഭ്യമാക്കുക, സാങ്കേതിക വിദ്യ കൈമാറുക, 108 വിമാനങ്ങൾ എച്ച്എഎൽ നിർമിക്കുക എന്നീ വ്യവസ്ഥകളുള്ള ചർച്ച 90 ശതമാനവും പൂർത്തിയായിരുന്നു. അപ്പോഴാണ് പ്രധാനമന്ത്രി പാരീസിലേക്കു പോയതും സർക്കാരുകൾ തമ്മിൽ കരാറുണ്ടാക്കാൻ ധാരണയുണ്ടായതും. 126 വിമാനങ്ങൾക്കായുള്ള ചർച്ച നടക്കുമ്പോഴാണ് പ്രധാനമന്ത്രി സമാന്തര ചർച്ച നടത്തിയത്. 136 വിമാനങ്ങൾ എന്നത് 36 എന്നാക്കാൻ തീരുമാനിച്ചു, സാങ്കേതികവിദ്യാ കൈമാറ്റം ഒഴിവാക്കി, പ്രതിരോധ മേഖലയിൽ പരിചയമില്ലാത്ത സ്ഥാപനത്തെ ഓഫ്സെറ്റ് പങ്കാളിയാക്കാനും തീരുമാനിച്ചു.

യുപിഎ സർക്കാരിന്റെ കാലത്ത് ഏത് പ്രതിരോധ ഇടപാടിനെക്കുറിച്ച് ആരോപണം ഉയർന്നപ്പോഴും സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാൻ ഉടനെ നടപടിയെടുത്തിട്ടുണ്ട്. സ്പെയർ പാർട്സ് വാങ്ങുന്നതിനെക്കുറിച്ച് ആരോപണമുണ്ടായപ്പോൾ നടന്ന സിബിഐ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ 6 കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തി. അഗസ്റ്റ വെസ്റ്റ്ലൻഡ് വിഷയത്തിലും അന്വേഷണത്തിനു നിർദേശിച്ചു, കരാർ റദ്ദാക്കി, പ്രതിരോധ മന്ത്രാലയത്തിന്റെ ചരിത്രത്തിലാദ്യമായി വിദേശത്ത് കേസ് കൊടുത്തു, ആ കേസ് ജയിച്ചു, കമ്പനിയോടു പണം തിരികെ വാങ്ങുകയും ചെയ്തു.

റഫാൽ ഇടപാടിനെക്കുറിച്ച് സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന ആവശ്യത്തിന്റെ പ്രസക്തിക്ക് അടിവരയിടുന്നതാണ് പുതിയ വെളിപ്പെടുത്തൽ. രണ്ടാഴ്ചകൊണ്ട് സമിതിക്ക് എല്ലാ രേഖകളും പരിശോധിക്കാനാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com