ADVERTISEMENT

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിലവിലെ എംഎൽഎമാർ സ്ഥാനാർഥികളാകേണ്ടെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സ്ഥാനാർഥി നിർണയത്തിൽ യുവാക്കൾ, വനിതകൾ എന്നിവർക്കു പരിഗണന നൽകണം. മുൻപു രണ്ടിൽ കൂടുതൽ തവണ പരാജയപ്പെട്ടവരെ ഒഴിവാക്കി, പുതുമുഖങ്ങളെ രംഗത്തിറക്കണം. സ്ഥാനാർഥി നിർണയത്തിന്റെ മാനദണ്ഡം വിജയസാധ്യത മാത്രം. രാജ്യസഭാ എംപിമാരെയും സ്ഥാനാർഥികളായി പരിഗണിക്കില്ല. ബന്ധുക്കൾ കൂട്ടമായി മത്സരിക്കുന്നത് ഒഴിവാക്കാനും എഐസിസി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ അദ്ദേഹം നിർദേശം നൽകി.

എംഎൽഎമാർ, രാജ്യസഭാ എംപിമാർ എന്നിവരുടെ കാര്യത്തിൽ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഇളവനുവദിക്കും. 20ന് അകം സ്ഥാനാർഥി പട്ടികയ്ക്കു സ്ക്രീനിങ് കമ്മിറ്റികൾ രൂപം നൽകണം. ഈ മാസം അവസാനത്തോടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കണം. പ്രചാരണം വിലയിരുത്താൻ കേന്ദ്രതലത്തിൽ നിരീക്ഷണ സമിതിയെ നിയോഗിക്കും.

പ്രിയങ്ക ഗാന്ധിയെ രാജ്യത്തുടനീളം താരപ്രചാരകയാക്കണമെന്നു യോഗത്തിൽ ആവശ്യമുയർന്നെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമായില്ല. പാവപ്പെട്ടവർക്കു മിനിമം വേതനത്തിനുള്ള വാഗ്ദാനം താഴേത്തട്ടിലുള്ള ജനങ്ങളിലേക്കെത്തിക്കുന്നതിനു പരമാവധി പ്രചാരണം നടത്താൻ പാർട്ടി തീരുമാനിച്ചു. പൗരത്വ ബിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിക്കെതിരായ പ്രചാരണായുധമാക്കും.

പ്രിയങ്ക ഉൾപ്പെടെയുള്ളവർ വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യം യോഗത്തിൽ വിശദീകരിച്ചു. ജനറൽ സെക്രട്ടറി പദമേൽപ്പിച്ചതിൽ രാഹുലിനെ നന്ദി അറിയിച്ച പ്രിയങ്ക, യുപിയിൽ പാർട്ടിക്ക് ശക്തമായ അടിത്തറയൊരുക്കാൻ അക്ഷീണം പ്രയത്നിക്കുമെന്ന് ഉറപ്പു നൽകി. ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഡൽഹിയുടെ ചുമതലയുള്ള എഐസിസി ഭാരവാഹി പി.സി. ചാക്കോ തുടങ്ങിയവരും പങ്കെടുത്തു.

യുപിയിൽ 11ന് പ്രിയങ്ക – രാഹുൽ റോഡ് ഷോ

കിഴക്കൻ യുപിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ചുമതലയേറ്റെടുത്ത ശേഷം സംസ്ഥാനത്തേക്കുള്ള പ്രിയങ്ക ഗാന്ധിയുടെ ആദ്യ യാത്ര 11ന്. രാഹുൽ ഗാന്ധി, ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ എന്നിവർക്കൊപ്പം ലക്നൗവിലെത്തുന്ന പ്രിയങ്ക 14 വരെ അവിടെ തുടരും. 11നു ലക്നൗ വിമാനത്താവളത്തിൽ നിന്ന് പാർട്ടി ആസ്ഥാനം വരെ പ്രിയങ്കയും രാഹുലും റോഡ് ഷോ നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com