ADVERTISEMENT

ബെംഗളൂരു∙ ‘ഓപ്പറേഷൻ താമര’ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം തന്റേതു തന്നെയെന്ന് സമ്മതിച്ച് കർണാടക ബിജെപി അധ്യക്ഷൻ ബി.എസ് യെഡിയൂരപ്പ. സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ജെഡിഎസ് എംഎൽഎ നാഗനഗൗഡയെ ബിജെപിയിലെത്തിക്കാൻ മകൻ ശരണഗൗഡയ്ക്ക് 25 കോടി രൂപ യെഡിയൂരപ്പ വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖയാണ് വിവാദമായത്. ശബ്ദം തന്റേതെന്നു തെളിയിക്കാനായാൽ 24 മണിക്കൂറിനകം രാഷ്ട്രീയം വിടാമെന്ന് നേരത്തേ വെല്ലുവിളിച്ച യെഡിയൂരപ്പ, സ്പീക്കറും സർക്കാരും അന്വേഷണം പ്രഖ്യാപിക്കുമെന്ന് ഉറപ്പായതോടെയാണ് നിലപാട് മാറ്റിയത്. തന്നെ കുടുക്കാൻ കുമാരസ്വാമി ശരണഗൗഡയെ അയയ്ക്കുകയായിരുന്നു എന്നാണ് പുതിയ നിലപാട്. 

 എട്ടിന് കർണാടക ബജറ്റ് അവതരിപ്പിക്കുന്നതിനു തൊട്ടുമുൻപാണ് മുഖ്യമന്ത്രി കുമാരസ്വാമി ശബ്ദരേഖ പുറത്തുവിട്ടത്.  ശരണഗൗഡയെ കണ്ടിട്ടില്ലെന്നും ശബ്ദം മിമിക്രിക്കാരെ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നുമായിരുന്നു യെഡിയൂരപ്പയുടെ പ്രതികരണം.  ഇതു തിരുത്തിയാണ് ദേവദുർഗയിലെ ഗസ്റ്റ് ഹൗസിൽ ശരണഗൗഡയെ കണ്ടിരുന്നതായി സമ്മതിച്ചത്. സ്പീക്കർ രമേഷ് കുമാറിനെ 50 കോടി രൂപ നൽകി വശത്താക്കിയിട്ടുണ്ടെന്നും സുപ്രീംകോടതിയിലെ കാര്യങ്ങൾ പ്രധാനമന്ത്രിയും അമിത് ഷായും നോക്കിക്കൊള്ളുമെന്നും യെഡിയൂരപ്പ പറയുന്നതായി ഓഡിയോയിലുണ്ട്. എന്നാൽ സ്പീക്കർ സത്യസന്ധനാണെന്നും അദ്ദേഹത്തിന് പണം വാഗ്ദാനം ചെയ്തിട്ടില്ലെന്നും ഇപ്പോൾ പറയുന്ന യെഡിയൂരപ്പ സംഭാഷണത്തിൽനിന്ന് കുമാരസ്വാമിക്ക് ആവശ്യമുള്ള ഭാഗങ്ങൾ മാത്രമാണ് പുറത്തുവിട്ടതെന്നും ആരോപിക്കുന്നു. 

 മകൻ വിജയേന്ദ്രയെ മുന്നിൽ നിർത്തി നടത്തുന്ന നീക്കങ്ങളിൽ, മുൻപ് വിശ്വസ്തരായിരുന്ന ബിജെപി നേതാക്കൾക്കുള്ള അമർഷവും യെഡിയൂരപ്പയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com