sections
MORE

പ്രതിപക്ഷ പാർട്ടികളുടെ ശക്തിപ്രകടനമായി നായിഡുവിന്റെ ഉപവാസം; മോദിയെ കടന്നാക്രമിച്ച് നേതാക്കൾ

Rahul-and-Chandrababu-Naidu
നിരാഹാരസമരം നടത്തുന്ന ചന്ദ്രബാബു നായിഡുവിനെ രാഹുൽ ഗാന്ധി സന്ദർശിച്ചപ്പോൾ. ചിത്രം: സിബി മാമ്പുഴക്കരി ∙ മനോരമ
SHARE

ന്യൂഡൽഹി∙ ആന്ധ്രപ്രദേശിനു പ്രത്യേക പദവി ആവശ്യപ്പെട്ടു മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ രാജ്യതലസ്ഥാനത്ത് 12 മണിക്കൂർ ഉപവാസ സമരം. ‘ധർമ പോരാട്ട ദീക്ഷ’ എന്ന പേരിൽ കേന്ദ്രസർക്കാരിനെതിരെ ആന്ധ്രാഭവനു മുന്നിൽ നടത്തിയ സമരത്തിനു പിന്തുണയുമായി രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുമെത്തി. അതേസമയം, ഇടതു നേതാക്കൾ വിട്ടുനിന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചായിരുന്നു നായിഡുവും മറ്റു നേതാക്കളും പ്രസംഗിച്ചത്. ‘ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അതെങ്ങനെ നേടിയെടുക്കണമെന്നു ഞങ്ങൾക്കറിയാം. നിങ്ങൾ താഴെയിറങ്ങിയില്ലെങ്കിൽ എങ്ങനെ ഇറക്കാമെന്നും അറിയാം’ – ചന്ദ്രബാബു നായിഡു പറഞ്ഞു. രാജ്യത്ത് ഇന്നു രാജധർമം പാലിക്കുന്നില്ലെന്ന വിമർശനവും അദ്ദഹം ഉയർത്തി. ഗുജറാത്ത് കലാപകാലത്ത്, സംസ്ഥാനത്തു രാജധർമം പാലിക്കണമെന്ന് അന്നത്തെ പ്രധാനമന്ത്രി വാജ്പേയി വിമർശിച്ചതു ചൂണ്ടിക്കാട്ടിയായിരുന്നു നായിഡുവിന്റെ വാക്കുകൾ. ആന്ധ്രയുടെ പണം കട്ടെടുത്ത് അംബാനിക്കു നൽകിയെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി  വിമർശിച്ചു. 

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കേജ്‌രിവാൾ, നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, തൃണമൂൽ കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ ഡെറക് ഒബ്രയൻ, സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിങ് യാദവ്, മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എംപി, ആർഎസ്പി നേതാവും എംപിയുമായ എൻ.കെ. പ്രേമചന്ദ്രൻ എന്നിവരും ഉപവാസത്തിൽ പങ്കെടുത്തു. രാവിലെ എട്ടിനാരംഭിച്ച സമരം രാത്രി എട്ടിനാണ് അവസാനിച്ചത്. 

സംസ്ഥാന വിഭജനത്തിനു ശേഷം അന്ധ്രയ്ക്കു വാഗ്ദാനം ചെയ്ത പദവി അനുവദിക്കണമെന്നാവശ്യപ്പെട്ട്  ഇന്നു രാഷ്ട്രപതി റാം നാഥ് കോവിന്ദിനു നിവേദനം നൽകും. 1.12 കോടി ചെലവിൽ 20 ബോഗി വീതമുള്ള 2 പ്രത്യേക ട്രെയിനുകളിലാണ് ആന്ധ്രയിൽ നിന്നു നേതാക്കളെയും പ്രവർത്തകരെയും ഡൽഹിയിലെത്തിച്ചത്. പൊതുപണം ഉപയോഗിച്ചുള്ള പ്രതിഷേധത്തെ വിമർശിച്ചു ബിജെപിയും വൈഎസ്ആർ കോൺഗ്രസും രംഗത്തെത്തിയിരുന്നു. 

‘മോദി പാക്കിസ്ഥാൻ  പ്രധാനമന്ത്രിയെപ്പോലെ’

ന്യൂഡൽഹി∙ പാക്കിസ്ഥാൻ പ്രധാനമന്ത്രി എന്ന പോലെയാണ് സംസ്ഥാനങ്ങളോടു നരേന്ദ്ര മോദി പെരുമാറുന്നതെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ബിജെപിക്കാരുടെ മാത്രമല്ല, രാജ്യത്തിന്റെ മൊത്തം പ്രധാനമന്ത്രിയാണു താങ്കളെന്ന് ഓർക്കണമെന്നും കേജ്‍രിവാൾ പറഞ്ഞു. പൊലീസുകാർക്കും ഉദ്യോഗസ്ഥർക്കും മോദി നൽകുന്ന സന്ദേശം സംസ്ഥാനങ്ങളെ സേവിക്കുന്നതിനു പകരം കേന്ദ്രത്തോടു കൂറ് കാട്ടാനാണെന്നും കേജ്‍രിവാൾ കുറ്റപ്പെടുത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA