ADVERTISEMENT

ലക്നൗ∙ യുപിയുടെ രാഷ്ട്രീയ മണ്ണിൽ മുൻനിരയിൽ നിൽക്കാൻ കോൺഗ്രസുണ്ടാവുമെന്നു പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രിയങ്ക ഗാന്ധിക്കൊപ്പം നടത്തിയ റോഡ് ഷോയിലും പിന്നീട് പാർട്ടി ആസ്ഥാനത്തും നടത്തിയ പ്രസംഗത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച രാഹുൽ, യുപിയിൽ പാർട്ടിക്കു പുതുജീവനേകുന്നതിനുള്ള വഴികൾ വരച്ചുകാട്ടി.

മണ്ണിൽ നിന്നു പ്രവർത്തിക്കുന്നവർക്കു പാർട്ടിക്കുള്ളിൽ അംഗീകാരം ലഭിക്കും. വിണ്ണിൽ കറങ്ങി നടക്കുന്നവർക്കൊപ്പം പാർട്ടിയുണ്ടാവില്ല. ഒരുകാലത്ത് കോൺഗ്രസിന്റെ അടിത്തറയായിരുന്ന യുപിയിൽ പാർട്ടിയെ പുനരുജ്ജീവിപ്പിക്കേണ്ടത് അനിവാര്യം. താഴേത്തട്ടിലുള്ള ജനങ്ങൾക്കൊപ്പം നിന്ന് യുപിയിൽ കോൺഗ്രസിനെ കൈപിടിച്ചെഴുന്നേൽപ്പിക്കും. പ്രിയങ്കയ്ക്കും ജ്യോതിരാദിത്യ സിന്ധ്യയ്ക്കുമാണ് അതിന്റെ ചുമതല.

ഇന്ത്യയുടെ ഹൃദയമായ യുപിയിൽ 2022 ൽ കോൺഗ്രസ് സർക്കാരിനെ അധികാരത്തിലെത്തിക്കും. അതുവരെ തനിക്കു വിശ്രമമില്ല. നിർണായകമായ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉശിരോടെ പോരാടും. ഇതേസമയം, എസ്പി, ബിഎസ്പി കക്ഷികളോടുള്ള ആദരം കാത്തുസൂക്ഷിക്കും. 56 ഇഞ്ച് നെഞ്ചളവുണ്ടെന്നു വീമ്പു പറഞ്ഞും രാജ്യത്തിന്റെ കാവൽക്കാരനാണെന്ന് അവകാശപ്പെട്ടും ജനങ്ങളെ വഞ്ചിച്ച മോദി വ്യ‍വസായിയായ അനിൽ അംബാനിയുടെ തോഴനാണ്.

കാവൽക്കാരൻ കള്ളനാണെന്ന മുദ്രാവാക്യം രാജ്യത്തുടനീളം മുഴങ്ങുന്നു. വാഗ്ദാനങ്ങൾ വാരിക്കോരി നൽകി അധികാരത്തിലെത്തിയ മോദി എല്ലാ വിഭാഗം ജനങ്ങളെയും വഞ്ചിച്ചു. മോദിക്കെതിരായ പ്രചാരണത്തിനു കോൺഗ്രസിന്റെ പക്കൽ വിഷയങ്ങൾക്കു പഞ്ഞമില്ലെന്നും കേന്ദ്ര സർക്കാരിനെ പരമാവധി കടന്നാക്രമിക്കാൻ പ്രവർത്തകർ രംഗത്തിറങ്ങണമെന്നും രാഹുൽ പറഞ്ഞു.

പ്രിയങ്ക 14 വരെ യുപിയിൽ

പ്രിയങ്ക ഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യയും പ്രചാരണ പരിപാടികൾക്കായി 14 വരെ യുപിയിൽ തങ്ങും. കിഴക്കൻ യുപിയുടെ ജനറൽ സെക്രട്ടറിയെന്ന നിലയിൽ 42 മണ്ഡലങ്ങളുടെ ചുമതലയാണു പ്രിയങ്കയ്ക്കുള്ളത്. പ്രാദേശിക നേതാക്കളുമായി ചർച്ച നടത്തുന്ന പ്രിയങ്ക, ബൂത്ത് തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള രൂപരേഖ തയാറാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com