ADVERTISEMENT

ന്യൂഡൽഹി ∙ പൊതുതിരഞ്ഞെടുപ്പിനു ശേഷം കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാർ രൂപീകരിക്കാൻ യോജിക്കുമെന്ന സൂചന നൽകി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും. കേരള മുസ്‍ലിം കൾച്ചറൽ സെന്റർ ഡൽഹി ഘടകം സംഘടിപ്പിച്ച ഇ. അഹമ്മദ് അനുസ്‍മരണ ചടങ്ങിലാണ് ഇരുവരുടെയും അഭിപ്രായപ്രകടനം. ആദ്യം പ്രസംഗിച്ച എ.കെ. ആന്റണിയാണ് ബിജെപി സർക്കാരിനെ പുറത്താക്കാൻ മതനിരപേക്ഷ ശക്തികൾ ഭിന്നത മറക്കണമെന്ന് അഭ്യർഥിച്ചത്. സംസ്ഥാനങ്ങളിൽ പരസ്പരം മത്സരിച്ചാൽ പോലും കേന്ദ്രസർക്കാർ രൂപീകരണത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടാവണമെന്നും ആന്റണി പറഞ്ഞു.

തുടർന്നു പ്രസംഗിച്ച സീതാറാം യച്ചൂരി സ്വാതന്ത്ര്യാനന്തരകാലം മുതലുള്ള രാഷ്ട്രീയം വിശദീകരിച്ചാണ് പ്രതികരണത്തിലേക്കു കടന്നത്. കോൺഗ്രസിന്റെ ജനാധിപത്യവിരുദ്ധ സമീപനങ്ങളെ ഇടതുപക്ഷം എതിർത്തിട്ടുണ്ടെങ്കിലും ഇപ്പോഴതിന് പ്രസക്തിയില്ലെന്നു യച്ചൂരി പറഞ്ഞു. 1996, 1998, 2004 വർഷങ്ങളിലെല്ലാം തിരഞ്ഞെടുപ്പു കഴിഞ്ഞാണു സഖ്യങ്ങൾ രൂപപ്പെട്ടതെന്നു യച്ചൂരി ഓർമിപ്പിച്ചു.

2004 ൽ കോൺഗ്രസ് സർക്കാരിനെ പിന്തുണച്ച സിപിഎമ്മിന്റെ എംപിമാരിൽ ഭൂരിഭാഗവും കോൺഗ്രസിനെ തോൽപ്പിച്ചവരാണ്. ബിജെപി സർക്കാരിന്റെ വർഗീയ – സാമ്പത്തിക നയങ്ങൾ പൊളിച്ചെഴുതുന്ന മതനിരപേക്ഷ സർക്കാരാണു പുതുതായി രൂപംകൊള്ളേണ്ടത്. ‘സേവ് ഇന്ത്യ ടു ചേഞ്ച് ഇന്ത്യ’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ ബിജെപി വിരുദ്ധ ശക്തികൾ യോജിക്കണമെന്നും യച്ചൂരി ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com