ADVERTISEMENT

പുതുച്ചേരി ∙ ലഫ്.ഗവർണർ കിരൺബേദിയുടെ ഔദ്യോഗിക വസതിയായ രാജ്‌നിവാസിനു മുന്നിൽ ഉണ്ടും ഉറങ്ങിയും മുഖ്യമന്ത്രി വി.നാരായണ സാമിയുടെ പ്രതിഷേധം നാലാം ദിവസത്തിലേക്ക്. ഡൽഹിയിൽ നിന്ന് 20 നു മടങ്ങിയെത്തിയതിനു ശേഷം ചർച്ചയാകാമെന്ന ബേദിയുടെ നിർദേശം സാമി തള്ളി. ഇതിനിടെ, പുതുച്ചേരിക്ക് ഇടക്കാല അഡ്മിനിസ്ട്രേറ്ററെ നിയമിക്കണമെന്നാവശ്യപ്പെട്ടു സ്പീക്കർ വൈദ്യലിംഗം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനു കത്തയച്ചു.

സർക്കാർ പദ്ധതികൾക്ക് അനുമതി നൽകാൻ ലഫ്.ഗവർണർ കാലതാമസം വരുത്തുന്നുവെന്നും ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടുന്നുവെന്നും ആരോപിച്ചു ബുധനാഴ്ചയാണു സാമി മന്ത്രിസഭാംഗങ്ങൾക്കൊപ്പം കുത്തിയിരിപ്പു തുടങ്ങിയത്. രാജ് നിവാസിനു മുന്നിലെ റോഡിലാണു മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നലെയും രാത്രിയുറങ്ങിയത്. ഭക്ഷണവും സമര വേദിയിൽ തന്നെ. പതിവുപോലെ പ്രഭാത സവാരി നടത്തിയ മുഖ്യമന്ത്രി, സെക്രട്ടേറിയറ്റിലെ ഓഫിസിൽ അൽപ സമയം ചെലവിട്ട ശേഷം വീണ്ടും സമരവേദിയിലെത്തി.

കോൺഗ്രസ്, ഡിഎംകെ എംഎൽഎമാരുടെ യോഗം സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ തീരുമാനിച്ചു. തമിഴ്നാടിന്റെയും പുതുച്ചേരിയുടെയും ചുമതലയുള്ള എഐസിസി സെക്രട്ടറി സഞ്ജയ് ദത്ത് ഐക്യദാർഢ്യം പ്രകടിപ്പിച്ചു സമരവേദിയിലെത്തി. കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിലെത്തുന്ന നിമിഷം കിരൺബേദിയെ തിരിച്ചുവിളിക്കുമെന്നു അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com