ADVERTISEMENT

ന്യൂഡൽഹി∙ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് എന്ന പേരിൽ ഫോണിലൂടെ കർണാടകയിലെയും തെലങ്കാനയിലെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോട് സംസാരിച്ചയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. ഹൈക്കോടതി ജഡ്ജിമാരായി പരിഗണിക്കാൻ ചില അഭിഭാഷകരുടെ പേര് അയയ്ക്കണമെന്നാണത്രേ ഫോൺ വിളിച്ച വ്യാജൻ, ചീഫ് ജസ്റ്റിസുമാരോട് ആവശ്യപ്പെട്ടത്.

തെലങ്കാന ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണനും കർണാടക ആക്ടിങ് ചീഫ് ജസ്റ്റിസ് എൽ.നാരായണ സ്വാമിയുമാണ് തട്ടിപ്പിന് ഇരയായത്. ചീഫ് ജസ്റ്റിസ് ഗൊഗോയിയുമായി ഇവർ പിന്നീടു നടത്തിയ സംഭാഷണത്തിലാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതാണെന്ന് വ്യക്തമായത്.

മൊബൈൽ ഫോണാണ് വ്യാജൻ ഉപയോഗിച്ചതെങ്കിലും സുപ്രീം കോടതിയുടെ ഇലക്ട്രോണിക് പ്രൈവറ്റ് ബ്രാഞ്ച് എക്സ്ചേഞ്ച് (ഇപിബിഎക്സ്) സംവിധാനം തന്നെയാണ് അതിന് പ്രയോജനപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇപിബിഎക്സിലൂടെ മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള വിളി സാധ്യമാക്കുന്ന സോഫ്റ്റ്‌വെയർ ഉണ്ട്.

ചീഫ് ജസ്റ്റിസുമാർക്ക് വിശ്വാസം തോന്നുന്ന രീതിയിലാണ് വ്യാജൻ തട്ടിപ്പു നടത്തിയതെന്ന് സുപ്രീം കോടതി വൃത്തങ്ങൾ പറഞ്ഞു. ആദ്യം ചീഫ് ജസ്റ്റിസിന്റെ പഴ്സനൽ പ്രൈവറ്റ് സെക്രട്ടറി എച്ച്.കെ. ജുനേജ എന്ന പേരിൽ ചീഫ് ജസ്റ്റിസുമാരെ വിളിച്ചു. ഹൈക്കോടതിയിലേക്ക് ചില അഭിഭാഷകരുടെ പേരുകൾ ജഡ്ജിസ്ഥാനത്തേക്കു പരിഗണിക്കാനായി അയയ്ക്കണമെന്ന് ചീഫ് ജസ്റ്റിസ് താൽപര്യപ്പെടുന്നതായി അവരോടു പറഞ്ഞു.

രണ്ടു ദിവസത്തിനുശേഷം വീണ്ടും വിളിച്ചു, ജുനേജയെന്ന പേരിൽ വീണ്ടും പരിചയപ്പെടുത്തി. തുടർന്ന്, ഫോൺ ചീഫ് ജസ്റ്റിസിനു കൈമാറുകയാണെന്നു വ്യക്തമാക്കി. തുടർന്ന്, ചീഫ് ജസ്റ്റിസെന്ന മട്ടിൽ ആരോ സംസാരിച്ചു. 

ചീഫ് ജസ്റ്റിസിന്റെ ശബ്ദം അനുകരിച്ചത് ജുനേജയെന്ന പരിചയപ്പെടുത്തി സംസാരിച്ചയാളാണോ അതോ മറ്റാരെങ്കിലുമാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. സുപ്രീം കോടതി റജിസ്ട്രി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിലക് നഗർ പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഇതിനിടെ, തന്റെ പേരിലോ തന്റെ ഓഫിസിൽ നിന്നെന്നു പറഞ്ഞോ ആരു ഫോണിൽ വിളിച്ചാലും സ്വീകരിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും മറ്റു ജഡ്ജിമാർക്കും നിർദേശം നൽകി. 

സുപ്രീം കോടതി നൽകിയ ഉത്തരവു തിരുത്തിയതിന് 2 കോർട്ട് മാസ്റ്റർമാരെ കഴിഞ്ഞയാഴ്ച സർവീസിൽ നിന്നു ചീഫ് ജസ്റ്റിസ് പുറത്താക്കിയിരുന്നു. അതിനു പിന്നാലെയാണ് വ്യാജ ഫോൺവിളി കേസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com