ADVERTISEMENT

ഭോപാൽ∙ മധ്യപ്രദേശിലെ ചിത്രകൂടിൽ സ്കൂൾ ബസ് തടഞ്ഞുനിർത്തി തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയ ഇരട്ടക്കുട്ടികളെ മോചനദ്രവ്യം നൽകിയിട്ടും വധിച്ചു. മൃതദേഹങ്ങൾ 12 ദിവസത്തിനുശേഷം ഉത്തർപ്രദേശിൽ യമുന നദിയിൽനിന്നു കണ്ടെത്തി. 

ഔഷധ എണ്ണ വ്യാപാരിയായ ബ്രിജേഷ് റാവത്തിന്റെ യുകെജി വിദ്യാർഥികളായ മക്കൾ ശ്രേയൻശ്, പ്രിയൻശ് (6) എന്നിവരാണു കൊല്ലപ്പെട്ടത്. സംഭവത്തിന്റെ പ്രധാന സൂത്രധാരൻ എന്നു കരുതുന്ന, കുട്ടികളുടെ ട്യൂഷൻ അധ്യാപകൻ ഉൾപ്പെടെ 6 പേർ അറസ്റ്റിലായി. കൊലപാതകവിവരമറിഞ്ഞ് അക്രമാസക്തരായ ജനക്കൂട്ടം കുട്ടികൾ പഠിച്ചിരുന്ന സത്ഗുരു പബ്ലിക് സ്കൂളും നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളും ആക്രമിച്ചു.

കഴിഞ്ഞ 12 ന് ഉച്ചയ്ക്കാണ് സ്കൂളിനു സമീപത്തുനിന്നു മുഖംമൂടി ധരിച്ച് ബൈക്കിൽ എത്തിയ രണ്ടുപേർ തോക്കുചൂണ്ടി സ്കൂൾ ബസിൽനിന്നു കുട്ടികളെ  തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് ബ്രിജേഷിന്റെ ഫോണിൽ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു. ചിത്രകൂട്, മധ്യപ്രദേശ്–യുപി അതിർത്തിയിലായതിനാൽ ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് സംയുക്താന്വേഷണമാണു നടത്തിയത്. വിവരം നൽകുന്നവർക്ക് മധ്യപ്രദേശ് പൊലീസ് 50,000 രൂപ പ്രതിഫലവും വാഗ്ദാനം ചെയ്തിരുന്നു.

ഇതിനിടെ 19 ന് ബ്രിജേഷ് മോചനദ്രവ്യമായി 20 ലക്ഷം രൂപ അക്രമികൾക്കു കൈമാറി. എന്നാൽ ഒരു കോടി വേണമെന്ന പുതിയ ആവശ്യം മുന്നോട്ടു വച്ചതല്ലാത്തെ കുട്ടികളെ വിട്ടുനൽകിയില്ല. പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് 4 പേർ പിടിയിലായി. ഇവരിൽനിന്നു ലഭിച്ച വിവരം അനുസരിച്ചു പുഴയിൽ തിരച്ചിൽ നടത്തിയപ്പോഴാണു മൃതദേഹങ്ങൾ ലഭിച്ചത്.

കൈകാലുകൾ ബന്ധിച്ച ശേഷം കുട്ടികളെ പുഴയിൽ എറിയുകയായിരുന്നുവെന്ന് പിടിയിലായവർ പൊലീസിനോട് പറഞ്ഞു. അക്രമികളെ കുട്ടികൾ തിരിച്ചറിഞ്ഞതാണ് കൊലപ്പെടുത്താൻ കാരണമെന്നാണു സൂചന. 

കുട്ടികളുടെ വീട്ടിൽനിന്നു സ്കൂളിലേക്കു 4 കിലോമീറ്ററേ ഉള്ളുവെങ്കിലും വീട് യുപിയിലും സ്കൂൾ മധ്യപ്രദേശിലുമാണ്. ഇതോടെ സംഭവത്തിന്റെ ഉത്തരവാദിത്തം സംബന്ധിച്ച് രാഷ്ട്രീയ വിവാദവും കൊഴുത്തു. മധ്യപ്രദേശ് ആഭ്യന്തരമന്ത്രി സ്ഥാനമൊഴിയണമെന്നു ബിജെപിയും യുപി മുഖ്യമന്ത്രി രാജിവയ്ക്കണമെന്നു കോൺഗ്രസും ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com