തിരിച്ചടിക്കാൻ അവകാശമുണ്ട്; യുഎന്നിൽ ഉന്നയിക്കും : പാക്കിസ്ഥാൻ

imran-khan
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
SHARE

ഇസ്‌ലാമാബാദ് ∙ ബാലാക്കോട്ടിൽ ഭീകര താവളങ്ങൾ ആക്രമിച്ച് കനത്ത നാശം വരുത്തിയെന്ന ഇന്ത്യയുടെ അവകാശവാദം പാക്കിസ്ഥാൻ തള്ളി. എന്നാൽ, നിയന്ത്രണരേഖ ലംഘിച്ച ഇന്ത്യ ‘അതിക്രമം’ കാട്ടിയെന്നും രാജ്യത്തിന് സ്വയരക്ഷാർഥം തിരിച്ചടിക്കാൻ അവകാശമുണ്ടെന്നും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷി പറഞ്ഞു. വിഷയം രാജ്യാന്തര വേദികളിൽ ഉന്നയിക്കുമെന്നും പാക്ക് ഭരണകൂടം വ്യക്തമാക്കി.

അടിയന്തര യോഗം ചേർന്ന പാക്ക് ദേശീയ സുരക്ഷാ സമിതി (എൻഎസ്‌സി) യിൽ, ഏതു സാഹചര്യവും നേരിടാൻ സന്നദ്ധമായിരിക്കാൻ സായുധസേനകളോടും ജനങ്ങളോടും പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടു. യോഗത്തിൽ കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ അടക്കം ഉന്നതർ പങ്കെടുത്തു.

ഭീകരതാവളങ്ങൾ ആക്രമിച്ചുവെന്ന ഇന്ത്യയുടെ അവകാശവാദം ‘അവിവേകം നിറഞ്ഞതും സാങ്കൽപിക’വുമാണെന്ന് എൻഎസ്‌സി പ്രസ്താവിച്ചു. തിരഞ്ഞെടുപ്പിൽ മുതലെടുപ്പു നടത്തുന്നതിനുള്ള ഇന്ത്യയുടെ കടന്നാക്രമണം മേഖലയിലെ സമാധാനവും സ്ഥിരതയും അപകടത്തിലാക്കിയെന്നും കുറ്റപ്പെടുത്തി. സംഭവസ്ഥലം സന്ദർശിച്ചു വസ്തുതകൾ വിലയിരുത്താൻ രാജ്യാന്തര മാധ്യമങ്ങളെ പാക്കിസ്ഥാൻ ക്ഷണിച്ചു.

ഇന്ത്യയുടെ പോർവിമാനങ്ങൾ മുസാഫറാബാദ് സെക്ടറിലൂടെ പാക്കിസ്ഥാനിൽ പ്രവേശിച്ചെന്നും പാക്ക് വ്യോമസേന നേരിടാൻ എത്തിയപ്പോൾ തിടുക്കത്തിൽ ബാലാക്കോട്ടിനു സമീപം ബോംബുകൾ വർഷിച്ച് അവ പിൻവാങ്ങിയെന്നുമാണു പാക്ക് കരസേനയുടെ മാധ്യമവിഭാഗം മേധാവി മേജർ ജനറൽ അസീഫ് ഗഫൂർ ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞത്. ആഭ്യന്തര സമ്മർദം മൂലം ഇന്ത്യ പ്രതീകാത്മക കടന്നാക്രമണം അവതരിപ്പിച്ചെന്നാണു പാക്ക് മാധ്യമങ്ങളുടെ വിലയിരുത്തൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA