സൈനിക കേന്ദ്രം ആക്രമിച്ചെന്ന് ഇന്ത്യ; ഇല്ലെന്നു പാക്കിസ്ഥാൻ

MI-17 chopper crashed in Budgam
ഇന്ത്യയുടെ എംഐ –17 ഹെലികോപ്റ്റർ ജമ്മു കശ്മീരിലെ ബദ്ഗാമിൽ തകർന്നു വീണപ്പോൾ.
SHARE

ന്യൂഡൽഹി ∙ സൈനിക നടപടിക്കിടെ ഇന്ത്യൻ വ്യോമസേനയുടെ ഒരു മിഗ് – 21 വിമാനം തകർന്നെന്നും പൈലറ്റായ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ പാക്കിസ്ഥാന്റെ പിടിയിലായെന്നും മാത്രം അംഗീകരിച്ച് ഇന്ത്യ. കശ്മീരിലെ സൈനിക കേന്ദ്രങ്ങൾ പാക്ക് വ്യോമസേന ആക്രമിച്ചെന്നും ഇന്ത്യ വ്യക്തമാക്കി. എന്നാൽ, സൈനിക കേന്ദ്രങ്ങളിലോ ജനവാസമുള്ള സ്ഥലത്തോ തങ്ങൾ ആക്രമണം നടത്തിയില്ലെന്ന് പാക്കിസ്ഥാൻ അവകാശപ്പെട്ടു. 

നിലപാടുകൾ ഇങ്ങനെ

 ഇന്ത്യൻ വ്യോമസേനയുടെ   2 വിമാനങ്ങൾ വീഴ്ത്തിയെന്നും ഒരെണ്ണം പാക്ക് അധീന കശ്മീരിലും മറ്റൊന്ന് ഇന്ത്യയുടെ ഭാഗ‌ത്തും വീണെന്നും പാക്കിസ്ഥാൻ. ആക്രമണത്തിനെത്തിയ പാക്ക് വിമാനത്തെ തുരത്തുന്നതിനിടെ ഒരു വിമാനം തകർന്നെന്ന് ഇന്ത്യ. 

 2 പൈലറ്റുമാരെ പിടികൂടിയെന്ന് പാക്കിസ്ഥാൻ രാവിലെ അവകാശപ്പെട്ടു. വിങ് കമാൻഡർ അഭിനന്ദന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. രണ്ടാമത്തെയാൾ ആശുപത്രിയിലാണെന്നും പറഞ്ഞു. ഒരാൾ മാത്രം പാക്കിസ്ഥാന്റെ പിടിയിലെന്ന് ഇന്ത്യ സ്ഥിരീകരിച്ചു; രണ്ടാമതൊരാളില്ലെന്നും ഉണ്ടെന്ന് അവകാശപ്പെടുന്നവർ വിവരങ്ങൾ നൽകട്ടെയെന്നും ഇന്ത്യ വ്യക്തമാക്കി. ഒരാളെ മാത്രമേ പിടികൂടിയുള്ളുവെന്ന് പാക്കിസ്ഥാൻ വൈകുന്നേരം തിരുത്തി.

 പാക്കിസ്ഥാന്റെ ഒരു വിമാനം വെടിവച്ചിടാൻ വ്യോമസേനയ്ക്കു സാധിച്ചെന്നും പാക്കിസ്ഥാൻ ഭാഗത്ത് ഈ വിമാനം പതിക്കുന്നത് ഇന്ത്യൻ സൈനികർ കണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പാക്കിസ്ഥാന്റെ എഫ്–16 പോർവിമാനമാണ് വീഴ്ത്തപ്പെട്ടതെന്നും റിപ്പോർട്ടുകൾ വന്നു. അങ്ങനെയില്ലെന്നും എഫ്–16 വിമാനങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും പാക്കിസ്ഥാൻ.

 പാക്ക് വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചെന്നും അവർ കടന്നാക്രമണമാണു നടത്തിയതെന്നും സൈനിക കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായതെന്നും ഇന്ത്യ. തങ്ങളുടെ വ്യോമ മേഖലയ്ക്കുള്ളിൽ നിന്നാണ് ആക്രമിച്ചതെന്നും സൈനിക കേന്ദ്രങ്ങളും ജനവാസ മേഖലയുമല്ല ആക്രമിച്ചതെന്നും പാക്കിസ്ഥാൻ. 

 ഭീകരവാദികളെ പിന്തുണയ്ക്കുന്നവരെന്നു വിളിക്കപ്പെടുന്നവരെ തെളിവിന്റെ അംശംപോലുമില്ലാതെയാണ് ഇന്ത്യ ആക്രമിക്കുന്നതെന്ന് പാക്കിസ്ഥാൻ ആരോപിച്ചു. പാക്കിസ്ഥാനിൽ ഭീകരാക്രമണം നടത്തുകയും ഇന്ത്യയുടെ സംരക്ഷണം പറ്റുകയും ചെയ്യുന്നവരെ തിരിച്ചടിക്കാൻ അവകാശമുണ്ടെന്നും പറഞ്ഞു. 

പാക്ക് രാഷ്ട്രീയ, സൈനിക നേതൃത്വങ്ങൾ നിഷേധാത്മക നിലപാടു തുടരുന്നുവെന്ന് ഇന്ത്യ വ്യക്തമാക്കി. ദേശീയ സുരക്ഷയും പരമാധികാരവും അതിർത്തിയും സംരക്ഷിക്കാനും കടന്നാക്രമണവും ഭീകരാക്രമണവും തടയാനും ഉറച്ച നടപടികൾക്കുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് പാക്കിസ്ഥാന്റെ ഡപ്യൂട്ടി ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ വ്യക്തമാക്കി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA