ADVERTISEMENT

ന്യൂഡൽഹി∙ പാക്ക് സൈന്യത്തിന്റെ പിടിയിൽനിന്നു മോചിതനായ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ സ്വീകരിക്കാൻ ഇന്നലത്തെ പകലും രാത്രിയും കണ്ണിമ ചിമ്മാതെ കാത്തിരുന്നു രാജ്യം. ഇന്നലെ രാവിലെ മുതൽ ജനം വാഗാ അതിർത്തിയിലേക്ക് ഒഴുകിയെത്തി. ദേശീയ പതാക വീശിയെത്തിയ ജനക്കൂട്ടം അഭിനന്ദനും ഇന്ത്യൻ സേനകൾക്കും ജയ് വിളിച്ചു. വൻ മാധ്യമപ്പടയും രാവിലെ മുതൽ സ്ഥലത്തു നിലയുറപ്പിച്ചു. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ രാത്രി 9.20നു അഭിനന്ദൻ ഇന്ത്യൻ മണ്ണിൽ കാൽചവിട്ടി. 

ഇന്നലെ പകൽ പ്രദേശത്തു സുരക്ഷ ശക്തമാക്കിയ സേന അതിർത്തിയിൽ നിന്ന് അൽപം അകലെ ജനത്തെ തടഞ്ഞു. ബിഎസ്എഫിനു പുറമെ കരസേനയുടെ കമാൻഡോ സംഘവും കാവൽ നിന്നു. ഉച്ചയ്ക്ക് 2 മണിയോടെ അഭിനന്ദൻ എത്തുമെന്നായിരുന്നു ആദ്യ വിവരം. വരവ് വൈകിയതോടെ മാധ്യമങ്ങളും ജനക്കൂട്ടവും അക്ഷമരായി. അഭിനന്ദൻ എപ്പോഴെത്തുമെന്ന കാര്യത്തിൽ പ്രതിരോധ വൃത്തങ്ങളും മൗനം പാലിച്ചതോടെ അനിശ്ചിതത്വം ശക്തമായി. 

ഒടുവിൽ നാലരയോടെ അഭിനന്ദൻ അതിർത്തിയിൽ പാക്ക് ഭാഗത്ത് എത്തിയതായി വിവരം പുറത്തുവന്നതോടെ ജനക്കൂട്ടത്തിന്റെ ആവേശം പാരമ്യത്തിലെത്തി. അഭിനന്ദൻ ഇന്ത്യയിലേക്ക് എന്നു ചാനലുകൾ വിളിച്ചുപറഞ്ഞു. 5.20ന് അഭിനന്ദൻ ഇന്ത്യയിലേക്കു കടന്നതായി വാർത്ത പരന്നു. 

എന്നാൽ, കൈമാറ്റം സംബന്ധിച്ച നടപടക്രമങ്ങൾ നീണ്ടതോടെ വീണ്ടും അനിശ്ചിതത്വം. കസ്റ്റംസ് നടപടികളാണു കാലതാമസമുണ്ടാക്കുന്നതെന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങൾ പുറത്തുവന്നു. അഭിനന്ദനെ ഇന്ത്യൻ സേനാ അധികൃതർ രഹസ്യമായി ചോദ്യം ചെയ്യുകയാണെന്ന അഭ്യൂഹവും പരന്നു. 

അഭിനന്ദനെ പാക്ക് സേന വിട്ടുകൊടുത്തിട്ടില്ലെന്നു പിന്നാലെ വിവരം പുറത്തുവന്നതോടെ അനിശ്ചിതത്വം ആശങ്കയ്ക്കു വഴിമാറി. വീണ്ടും കാത്തിരിപ്പിന്റെ മണിക്കൂറുകൾ. ഒടുവിൽ 9.20ന് അതിർത്തിയിൽ പാക്കിസ്ഥാന്റെ ഭാഗത്ത് അഭിനന്ദൻ എത്തി. കറുത്ത സ്യൂട്ട് അണിഞ്ഞ അദ്ദേഹം അൽപനേരം അവിടെ നിന്നു. പിന്നാലെ, പാക്കിസ്ഥാനിലുള്ള ഇന്ത്യയുടെ പ്രതിരോധ അറ്റാഷെയും മലയാളിയുമായ ഗ്രൂപ്പ് ക്യാപ്റ്റർ ജെ.ടി. കുര്യനും നയതന്ത്ര ഉദ്യോഗസ്ഥയ്ക്കുമൊപ്പം അഭിനന്ദൻ ഇന്ത്യയിലേക്കു നടന്നു. അതിർത്തിയിൽ കാവൽ നിന്ന പാക്ക് റേഞ്ചേഴ്സും ഇന്ത്യൻ ഭാഗത്ത് ബിഎസ്എഫും വാഗയിലെ ഗേറ്റുകൾ തുറന്നു. ഇന്ത്യയിലേക്കു നടന്നെത്തിയ അഭിനന്ദനെ വ്യോമസേനാ എയർ വൈസ് മാർഷൽ ആർ.ജി.കെ. കപൂർ ചേർത്തുപിടിച്ചു സ്വീകരിച്ചു. 

മാധ്യമങ്ങൾക്കു മുന്നിലെത്തിയ കപൂർ പറഞ്ഞു: ‘അഭിനന്ദനെ ഞങ്ങൾക്കു തിരികെ ലഭിച്ചിരിക്കുന്നു. ഇനി സേനയ്ക്ക് ചട്ടപ്രകാരമുള്ള നടപടികളുണ്ട്. അദ്ദേഹം ക്ഷീണിതനാണ്. കൂടുതലൊന്നും പറയാനില്ല.’ ഒരു ദിനം നീണ്ട കാത്തിരിപ്പിനു ശുഭ പര്യവസാനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com