ഒറ്റക്കെട്ടായി നേരിടും; പൂർണ സജ്ജമെന്ന് പ്രതിരോധ സേനകൾ

army-press-meet
സംയുക്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്ന സേനാ വക്താക്കൾ.
SHARE

ന്യൂഡൽഹി ∙ പാക്കിസ്ഥാൻ പ്രകോപനം തുടർന്നാൽ തിരിച്ചടിക്കു മടിക്കില്ലെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാൻ പൂർണ സജ്ജമാണെന്നും ഇന്ത്യൻ പ്രതിരോധ സേനകൾ. പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് ഇന്നലെ വാർത്താസമ്മേളനം നടത്തിയ കര, വ്യോമ, നാവിക സേനാ നേതൃത്വം തങ്ങൾ ഒറ്റക്കെട്ടായി ശത്രുവിനെ തുരത്തുമെന്ന് പ്രഖ്യാപിച്ചു. ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ തെളിവു പുറത്തുവിടേണ്ടതു കേന്ദ്ര സർക്കാരാണെന്നു വ്യോമസേനാ എയർ വൈസ് മാർഷൽ ആർ.ജി. കെ. കപൂർ വ്യക്തമാക്കി.

ബാലാക്കോട്ടിൽ ആക്രമണം നടത്തിയതിന്റെ വിശ്വസനീയമായ തെളിവുകൾ ഇന്ത്യയുടെ പക്കലുണ്ട്. യുദ്ധവിമാനങ്ങളിൽ നിന്നു തൊടുത്ത ആയുധങ്ങളെല്ലാം ലക്ഷ്യം കണ്ടു. എത്ര പേർ മരിച്ചുവെന്ന് ഇപ്പോൾ പറയുന്നത് ഉചിതമാവില്ല. പാക്ക് മേഖലയിൽ എത്രത്തോളം നാശനഷ്ടമുണ്ടാക്കാൻ ലക്ഷ്യമിട്ടോ, അത് അതേപടി ഇന്ത്യൻ സേന നടപ്പാക്കി. സംഘർഷാവസ്ഥ വർധിപ്പിച്ചതു പാക്കിസ്ഥാനാണ്. ഇനിയും പ്രകോപനമുണ്ടാക്കാനാണു ലക്ഷ്യമെങ്കിൽ നേരിടാൻ തയാറാണ്.

പാക്കിസ്ഥാൻ അസത്യം പ്രചരിപ്പിക്കുകയാണ്. ഇന്ത്യയുടെ 2 വിമാനങ്ങൾ വെടിവച്ചു വീഴ്ത്തിയെന്നും 3 സേനാംഗങ്ങളെ പിടികൂടിയെന്നും ആദ്യം അവകാശപ്പെട്ട അവർ പിന്നീട് അതു തിരുത്തി. ഏതൊക്കെ പാക്ക് യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തി കടന്നുവെന്നതിന്റെ പൂർണ വിവരം തങ്ങളുടെ പക്കലുണ്ട്. അതിർത്തി കടന്ന എഫ് 16 വിമാനത്തെ ഇന്ത്യയുടെ മിഗ് 21 ബൈസൻ വിമാനം മിസൈൽ ഉപയോഗിച്ചു തകർത്തുവെന്നും കപൂർ വ്യക്തമാക്കി.
പാക്കിസ്ഥാൻ വ്യാപകമായി വെടനിർത്തൽ ലംഘനം നടത്തുന്ന സാഹചര്യത്തിൽ അതിർത്തിയിലുടനീളം കരസേന നിതാന്ത ജാഗ്രതയിലാണെന്നു മേജർ ജനറൽ സുരേന്ദ്ര സിങ് മഹൽ പറഞ്ഞു. നാവിക സേനയും സജ്ജമാണെന്നു റിയർ അഡ്മിറൽ ദൽബീർ സിങ് വ്യക്തമാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA