ADVERTISEMENT

നിർണായക ചരിത്രസന്ധികളിൽ പദവികളും ദൗത്യങ്ങളും മൻമോഹൻ സിങ്ങിനെ തേടിയെത്തും. 1991 ൽ ഇന്ത്യയെ സാമ്പത്തിക പരിഷ്കാരങ്ങളുടെ പുതുയുഗത്തിലേക്കു നയിക്കാൻ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിന് ഒരു ധനകാര്യവിദഗ്ധനെ വേണ്ടി വന്നു; മൻമോഹൻ ധനമന്ത്രിയായി. 2004 ൽ കോൺഗ്രസ് അധികാരത്തിൽ തിരികെയെത്തിയപ്പോൾ, സോണിയ ഗാന്ധി, രാജ്യത്തെ നയിക്കാൻ നിർദേശിച്ചു. മൻമോഹൻ പ്രധാനമന്ത്രിയായി. 

ഇപ്പോഴും, മറ്റൊരു ദൗത്യമേൽക്കാൻ പാർട്ടി, അദ്ദേഹത്തെ സ്നേഹപൂർവം നിർബന്ധിക്കുന്നു: ബിജെപിയെ പുറത്താക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാകുക; ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുക. 

5 വട്ടം മൻമോഹൻ സിങ് പാർലമെന്റിലെത്തിയതു രാജ്യസഭയിലൂടെയാണ്. ഒരു തവണ സൗത്ത് ഡൽഹിയിൽ നിന്നു മത്സരിച്ചെങ്കിലും (1999) ബിജെപിയുടെ വി.കെ. മൽഹോത്രയോടു തോറ്റു. 

പഞ്ചാബിലെ അമൃത്‌സറിൽ നിന്നു മൻമോഹൻ മൽസരിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. 2014 ൽ ക്യാപ്റ്റൻ അമരിന്ദർ സിങ്, അരുൺ അരുൺ ജയ്റ്റ്‌ലിയെ ലക്ഷം വോട്ടിനു തോൽപിച്ച മണ്ഡലമാണ്. പാർലമെന്റംഗത്വം രാജിവച്ചു ക്യാപ്റ്റൻ മുഖ്യമന്ത്രിയായതോടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ഗുർജിത് സിങ് ഓജ്‌ല ജയിച്ചത് 1.97 ലക്ഷം ഭൂരിപക്ഷത്തിന്. എന്നാൽ, മൻമോഹൻ അമൃത്‌സറിൽ നിന്ന് മൽസരിക്കില്ലെന്നാണു പ‍ഞ്ചാബ് മുഖ്യമന്ത്രി അമരിന്ദൻ സിങ് കഴിഞ്ഞദിവസം പറഞ്ഞെങ്കിലും ഇക്കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം വ്യക്തമാക്കിയിട്ടില്ല.  

2014 ൽ കോൺഗ്രസ് ദയനീയമായി തോറ്റെങ്കിലും മോദിയുടെ ഭരണകാലത്തു മൻമോഹന്റെ പ്രതിച്ഛായ വർധിച്ചിട്ടേയുള്ളൂ. നോട്ട് നിരോധനം മൂലം രാജ്യത്തിന്റെ വളർച്ചാനിരക്ക് 2% പിന്നോട്ടടിക്കുമെന്ന പ്രവചനം അച്ചട്ടായി. തിരക്കു പിടിച്ചു ജിഎസ്ടി നടപ്പാക്കിയാൽ വ്യവസായ മേഖല മുരടിക്കുമെന്ന മുന്നറിയിപ്പും പിഴച്ചില്ല. 

ജൂണിൽ മൻമോഹന്റെ രാജ്യസഭാ കാലാവധി അവസാനിക്കുകയാണ്. ലോക്സഭയിലേക്ക് മൽസരത്തിനു മൻമോഹൻ സമ്മതം മൂളിയിട്ടില്ല. 86–ാം വയസ്സിലെ ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടുന്നുണ്ട്. എന്നാൽ, രാഷ്ട്രീയത്തെ അദ്ദേഹം അകറ്റിയിട്ടില്ല. മനസ്സു മാറ്റാൻ ഇനിയും സമയമുണ്ട്. കോൺഗ്രസ് അതാണു പ്രതീക്ഷിക്കുന്നതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com