ADVERTISEMENT

പട്ന∙ ബിഹാറിൽ ദേശീയ ജനാധിപത്യ സഖ്യ (എൻഡിഎ) ഘടകകക്ഷികൾ മത്സരിക്കുന്ന സീറ്റുകൾ പ്രഖ്യാപിച്ചു. ആർജെഡി–കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യത്തിൽ സീറ്റു വിഭജന പ്രഖ്യാപനം ഇന്നുണ്ടായേക്കും.

40 സീറ്റുള്ള ബിഹാറിലെ മഹാസഖ്യത്തിൽ ആർജെഡി 20 സീറ്റിലും കോൺഗ്രസ് 11 സീറ്റിലും മത്സരിക്കാൻ ഏകദേശ ധാരണ ഉണ്ടായിരുന്നു. എന്നാൽ, ഘടകകക്ഷി സമ്മർദം കാരണമാണ് അന്തിമതീരുമാനം വൈകുന്നത്. സഖ്യകക്ഷികൾക്കായി ഒന്നോ രണ്ടോ സീറ്റു കൂടി വിട്ടു കൊടുക്കാൻ ആർജെഡി സന്നദ്ധമാണെങ്കിലും കോൺഗ്രസ് വിട്ടുവീഴ്ചയ്ക്കു തയാറല്ല. സീറ്റു വിഭജന പ്രഖ്യാപനം ഇന്നുണ്ടാകുമെന്നു മഹാസഖ്യ ഘടകകക്ഷിയായ ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവ് ജിതൻ റാം മാഞ്ചി പറഞ്ഞു.

എൻഡിഎയിൽ കഴിഞ്ഞ തവണ 22 സീറ്റുകളിൽ വിജയിച്ച ബിജെപി 16 സിറ്റിങ് സീറ്റുകൾക്കു പുറമെ അരാരിയ മണ്ഡലത്തിലും മത്സരിക്കും. ബിജെപി, ജെഡിയു കക്ഷികൾ (17 വീതം) ലോക് ജനശക്തി പാർട്ടി (എൽജെപി– 6) എന്നിങ്ങനെ പങ്കിടുമെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു.

കേന്ദ്രമന്ത്രി ഗിരിരാജ് സിങിന്റെ സിറ്റിങ് സീറ്റായ നവാഡ ഘടകകക്ഷിയായ എൽജെപിക്കു വിട്ടു കൊടുത്തു. എൽജെപിയുടെ സിറ്റിങ് സീറ്റായ മുംഗേർ ജെഡിയുവിനു കൈമാറിയിട്ടുമുണ്ട്. കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്റെ സിറ്റിങ് സീറ്റായ ഹാജിപുർ ഉൾപ്പെടെ എൽജെപി 5 സിറ്റിങ് സീറ്റുകളുകളിലും നവാഡയിലുമാണ് മത്സരിക്കുന്നത്. എൻഡിഎ വിട്ടു മഹാസഖ്യത്തിൽ ചേർന്ന മുൻ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമതാ പാർട്ടി (ആർഎൽഎസ്പി) കഴിഞ്ഞ തവണ വിജയിച്ച 3 സീറ്റുകളും ജെഡിയുവിനു ലഭിച്ചു.

സിറ്റിങ് സീറ്റ് നഷ്ടമായ കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ബേഗുസരായി മണ്ഡലത്തിലേക്കു മാറുമെന്നാണു സൂചന. സിപിഐ യുവനേതാവ് കനയ്യകുമാറിന്റെ പേരാണ് ബേഗുസരായിയിൽ മഹാസഖ്യം പരിഗണിക്കുന്നത്.

കേന്ദ്രമന്ത്രിമാരായ രാധാമോഹൻ സിങ് (പൂർവി ചമ്പാരൻ), ആർ.കെ.സിങ് (ആറ), അശ്വിനി കുമാർ ചൗബേ (ബക്സർ), റാം കൃപാൽ യാദവ് (പാടലിപുത്ര) എന്നിവർക്കു സിറ്റിങ് സീറ്റ് ലഭിക്കും. വിതമ എംപി ശത്രുഘ്നൻ സിൻഹയുടെ സിറ്റിങ് സീറ്റായ പട്ന സാഹിബിൽ രാജ്യസഭാംഗമായ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്, ആർ.കെ.സിൻഹ എന്നിവരുടെ പേരുകളാണു ബിജെപിയുടെ പരിഗണനയിൽ. കോൺഗ്രസിൽ ചേർന്ന ക്രിക്കറ്റ് താരം കീർത്തി ആസാദിന്റെ ദർഭംഗ മണ്ഡലത്തിലും ബിജെപിക്കു പകരക്കാരനെ തീരുമാനിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com