ADVERTISEMENT

ജയപ്രദ: സമാജ്‌‍വാദി വിടാൻ കാരണം മോദി ആരാധന

ന്യൂഡൽഹി∙ ബിജെപിയിൽ അംഗത്വമെടുത്തു റാംപുരിൽ സ്ഥാനാർഥിയായതിനു പിന്നാലെ ജയപ്രദ പറയുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി ധീരനായ നേതാവ്. അദ്ദേഹത്തിന്റെ കൈകളിൽ രാജ്യം സുരക്ഷിതം.

മലയാളത്തിലടക്കം 5 ഭാഷകളിൽ അഭിനയിച്ച ജയപ്രദയുടെ അഞ്ചാമത്തെ രാഷ്ട്രീയ പാർട്ടിയാണു ബിജെപി. തുടക്കം തെലുങ്കുദേശം പാർട്ടിയിൽ. അവിടെനിന്ന് എസ്പി, രാഷ്ട്രീയ ലോക്മഞ്ച്, ആർഎൽഡി വഴി ബിജെപി.

ബിജെപിയുടെ കായിക, സിനിമാ താരമൂല്യത്തിനു തിളക്കമേറ്റിയാണു വരവ്. ഒളിംപ്യൻ രാജ്യവർധൻ സിങ് റാത്തോഡ്, ക്രിക്കറ്റ് താരം ഗൗതം ഗംഭീർ, പാരാലിംപ്യൻ ദീപ മാലിക്, നിത്യ ഹരിത നായിക ഹേമ മാലിനി എന്നിവരുടെ നിരയിൽ ജയപ്രദയും.

റാംപുരിൽ നിന്നു 2 വട്ടം എസ്പി പ്രതിനിധിയായി പാർലമെന്റിലെത്തിയ ജയപ്രദയ്ക്കു മണ്ഡലം തിരികെപ്പിടിക്കുകയെന്ന ദുഷ്കരദൗത്യമാണു ബിജെപി നൽകുന്നത്.

എസ്പിയുമായി തെറ്റിപ്പിരിഞ്ഞ് അമർസിങ് രാഷ്ട്രീയ ലോക്മഞ്ച് രൂപീകരിച്ചപ്പോൾ ജയപ്രദയും കൂടെപ്പോയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുപിയിൽ ഒരു സീറ്റെങ്കിലും പിടിക്കാൻ മഞ്ചിനു കഴിയാതെ വന്നതോടെ ഇരുവരും രാഷ്ട്രീയ ലോക്ദളിലേയ്ക്കു കുടിയേറി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർഎൽഡി ബാനറിൽ ബിജ്നോറിൽ നിന്നു ഭാഗ്യം പരീക്ഷിച്ചെങ്കിലും ഫലം തോൽവിയായി.

2014 ൽ ജയപ്രദയെ കൂടെ നിർത്താൻ കോൺഗ്രസ് ശ്രമിച്ചതാണ്. താര റാണിയുടെ ആഗമനത്തെ മുതിർന്ന കോൺഗ്രസ് നേതാവ് ബീഗം നൂർ ഭാനു എതിർത്തതോടെ അതു മുടങ്ങി. 

ഊർമിള: രംഗീല നായിക മുംബൈ നോർത്തിൽ മത്സരിച്ചേക്കും

മുംബൈ∙ സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രം ‘രംഗീല’യിലൂടെ തരംഗം സൃഷ്ടിച്ച നായിക ഊർമിള മാതോംഡ്‌കർ മുംബൈ നോർത്ത് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായേക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഗോപാൽ ഷെട്ടി 4.46 ലക്ഷം വോട്ടിന്റെ വൻ ഭൂരിപക്ഷത്തിനു ജയിച്ച മണ്ഡലമാണിത്. ഷെട്ടിതന്നെയാണ് ബിജെപി സ്ഥാനാർഥി.

ബിജെപിക്ക് കരുത്തുള്ള മണ്ഡലത്തിൽ രണ്ടാം തവണയാണ് സിനിമാതാരത്തെ കോൺഗ്രസ് പരീക്ഷിക്കുന്നത്. യുപി ഗവർണറും മുൻ കേന്ദ്രമന്ത്രിയുമായ രാം നായിക്കിന്റെ തട്ടകമായിരുന്ന മുംബൈ നോർത്ത് 2004 ൽ ബോളിവുഡ് നടൻ ഗോവിന്ദയെ ഇറക്കിയാണ് കോൺഗ്രസ് പിടിച്ചെടുത്തത്. 2009 ൽ സഞ്ജയ് നിരുപം വിജയം ആവർത്തിച്ചെങ്കിലും കഴിഞ്ഞ തവണ കൈവിട്ടു. നിരുപം ഇത്തവണ മുംബൈ നോർത്ത് വെസ്റ്റിലെ സ്ഥാനാർഥിയാണ്.

നടി നഗ്‍മ, പാർട്ടി വക്താവ് പ്രിയങ്ക ചതുർവേദി, മുംബൈ കോൺഗ്രസ് മുൻ അധ്യക്ഷൻ കൃപാശങ്കർ സിങ്, ഗോവിന്ദയുടെ അനന്തരവൻ എന്നിവരെ കോൺഗ്രസ് പരിഗണിച്ചെങ്കിലും പലരും താൽപര്യം കാണിച്ചില്ല. രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ഡൽഹിയിൽ വച്ചായിരിക്കും ഊർമിളയുടെ പാർട്ടി പ്രവേശമെന്നാണു സൂചന.

മറാഠി സിനിമയിൽ 1980 ൽ ബാലനടിയായി അരങ്ങേറിയ ഊർമിള തച്ചോളി വർഗീസ് ചേകവർ, ചാണക്യൻ എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കശ്മീരിൽ നിന്നുള്ള വ്യവസായിയും മോഡലുമായ മൊഹ്സിൻ അക്തർ മിർ ആണ് ഭർത്താവ്.

ബിജെപി ഒഡീഷ വൈസ് പ്രസിഡന്റ് പാർട്ടി വിട്ടു

ഭുവനേശ്വർ ∙ മുതിർന്ന നേതാവ് സുഭാഷ് ചൗഹാൻ ബിജെപി വിട്ടു. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണു പാർട്ടി ഒഡീഷ ഘടകം വൈസ് പ്രസിഡന്റ് സുഭാഷ് രാജിവച്ചത്. കഴിഞ്ഞ തവണ സുഭാഷ് മൽസരിച്ച് നിസ്സാര വോട്ടിനു തോറ്റ സീറ്റിൽ ഇക്കുറി ദേശീയ സെക്രട്ടറി സുരേഷ് പൂജാരിയാണ് മൽസരിക്കുന്നത്.

പാർട്ടിയുടെ മറ്റൊരു വൈസ് പ്രസിഡന്റായ രാജ്‌ കിഷോർദാസ് കഴിഞ്ഞദിവസം ബിജെഡിയിൽ ചേർന്നിരുന്നു.

അഹമ്മദാബാദ് ∙ ആറു വട്ടം എംപിയും ദാദ്ര നാഗർ ഹവേലി കോൺഗ്രസ് അധ്യക്ഷനുമായിരുന്ന മോഹൻ ദേൽക്കർ പാർട്ടി വിട്ടു. സ്വതന്ത്രനായി വീണ്ടും മത്സരിക്കും. കേന്ദ്രഭരണ പ്രദേശമായ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. 2009 ലും 2014 ലും ദേൽക്കർ ബിജെപി സ്ഥാനാർഥിയോടു തോറ്റിരുന്നു.  

റാഞ്ചി ∙ ജാർഖണ്ഡ് മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ദുലാൽ ഭുയ്യാം ബിഎസ്പിയിൽ ചേർന്നു. ബിഎസ്പിയുടെ സ്ഥാനാർഥിയാകും. വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ച കേസിൽ കഴിഞ്ഞ വർഷം ജൂണിൽ ഭുയ്യാനെ 5 വർഷം കഠിന തടവിനു സിബിഐ കോടതി ശിക്ഷിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com