ADVERTISEMENT

പട്ന ∙ കേന്ദ്രമന്ത്രി ഗിരിരാജ് സിങിനെ ലോക്സഭാ മണ്ഡലം മാറ്റിയതിന്റെ കാരണം ബോധ്യപ്പെടുത്തിയ ബിജെപി, ബിഹാറിലെ 2 വിമത സ്ഥാനാർഥികൾക്കു പത്രിക പിൻവലിക്കാൻ അന്ത്യശാസനം നൽകി.

ഗിരിരാജ് സിങ് സിറ്റിങ് സീറ്റായ നവാഡയിൽ നിന്നു ബേഗുസരായിലേക്കു മാറ്റിയതിനെതിരെ പാർട്ടി അധ്യക്ഷൻ അമിത് ഷായോടു പരാതിപ്പെട്ടിരുന്നു. തീരുമാനം സംസ്ഥാന അധ്യക്ഷൻ നിത്യാനന്ദ റായിയോ ബിഹാർ പ്രഭാരിയും ദേശീയ ജനറൽ സെക്രട്ടറിയുമായ ഭൂപേന്ദ്ര യാദവോ തന്നോട് ആലോചിച്ചിരുന്നില്ലെന്നായിരുന്നു പരാതി. ലോക് ജനശക്തി പാർട്ടി (എൽജെപി) നേതൃത്വം നവാഡ മണ്ഡലം ആവശ്യപ്പെട്ടിരുന്നില്ലെന്നും മണ്ഡലം ഏറ്റെടുക്കാൻ ബിജെപി അഭ്യർഥിച്ചപ്പോൾ എൽജെപി നേതാവ് ചിരാഗ് പാസ്വാൻ കാരണമന്വേഷിച്ചുവെന്നും ഗിരിരാജ് പാർട്ടി അധ്യക്ഷനോടു പറഞ്ഞു. ചിരാഗ് പാസ്വാനിൽ നിന്നു ലഭിച്ച വിവരമനുസരിച്ചു നിത്യാനന്ദ റായിയോടു താൻ ഇക്കാര്യം അന്വേഷിച്ചപ്പോൾ മണ്ഡലം മാറില്ലെന്നു ഉറപ്പു ലഭിച്ചിരുന്നുവെന്നും ഗിരിരാജ്, ഷായെ അറിയിച്ചു. 

ബേഗുസരായി മണ്ഡലത്തിലെ സവിശേഷ സാഹചര്യം കാരണമാണു മണ്ഡലത്തിൽ ഗിരിരാജ് സിങിന്റെ പേരു നിർദേശിച്ചതെന്നാണു സംസ്ഥാന നേതൃത്വം അമിത് ഷായ്ക്കു നൽകിയ വിശദീകരണം. ബേഗുസരായിയിലെ ബിജെപി എംപി ഭോലാ സിങ് അന്തരിച്ചതിനെ തുടർന്നു ശക്തനായ സ്ഥാനാർഥിയെ അന്വേഷിക്കുകയായിരുന്നു സംസ്ഥാന നേതൃത്വം. 

സിപിഐ യുവനേതാവും ഭൂമിഹാർ സമുദായാംഗവുമായ കനയ്യ കുമാർ സ്ഥാനാർഥിയാകുന്ന സാഹചര്യത്തിൽ വിജയം ഉറപ്പാക്കാൻ ഭൂമിഹാർ സമുദായത്തിലെ പ്രബല നേതാവായ ഗിരിരാജ് സിങിന ആശ്രയിക്കാനായിരുന്നു നേതൃത്വത്തിന്റെ തീരുമാനം. 

സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം ഇടഞ്ഞു നിന്ന ഗിരിരാജ് സിങ് പാർട്ടി അധ്യക്ഷന്റെ അനുനയത്തോടെ മൽസര സന്നദ്ധത അറിയിച്ചു. ബേഗുസരായിയിൽ ഗിരിരാജ് തന്നെ മൽസരിക്കുമെന്നും അദ്ദേഹം ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കുമെന്നും അമിത് ഷാ ഡൽഹിയിൽ അറിയിച്ചു.

കതിഹാർ മണ്ഡലത്തിൽ സ്വതന്ത്രനായി നാമനിർദേശ പത്രിക സമർപ്പിച്ച ബിജെപി എംഎൽസി: അശോക് അഗർവാൾ, ബാങ്ക മണ്ഡലത്തിൽ സ്വതന്ത്രയായി നാമനിർദേശ പത്രിക സമർപ്പിച്ച ബിജെപി സംസ്ഥാന ഉപാധ്യക്ഷ പുതുൽ കുമാരി എന്നിവരോടാണ് പത്രിക പിൻവലിക്കാൻ ബിജെപി രേഖാമൂലം അഭ്യർഥിച്ചത്. സഖ്യകക്ഷിയായ ജനതാദൾ മൽസരിക്കുന്ന മണ്ഡലങ്ങളിലാണ് ബിജെപി നേതാക്കൾ വിമതരായി പത്രിക നൽകിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com