ADVERTISEMENT

ബിഹാറിൽ തിരഞ്ഞെടുപ്പു തിരശീല ഉയരുമ്പോൾ ത്രില്ലർ സിനിമയ്ക്കുള്ള ചേരുവകൾ തയാർ. ബോളിവുഡ് ഡയലോഗുമായി ശത്രുഘ്നൻ സിൻഹ, വീശാൻ ബാറ്റു കിട്ടാതെ കീർത്തി ആസാദ്, അമ്മായിയപ്പനെ വെല്ലുവിളിച്ച് തേജ് പ്രതാപ് യാദവ്, മേമ്പൊടി വിപ്ലവവുമായി കനയ്യ കുമാർ. എൻഡിഎ 40 സീറ്റിലും മഹാസഖ്യം 31 സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ ഏകദേശ പോരാട്ടചിത്രം തെളിഞ്ഞു. ട്വന്റി 20 ക്രിക്കറ്റ് പോലെ ബിഹാറികളെ ഹരം പിടിപ്പിക്കുകയാണ് തിരഞ്ഞെടുപ്പു വിശേഷങ്ങൾ.

∙ അമ്മായിയപ്പൻ പോര്

രാഷ്ട്രീയത്തിലെ വിഖ്യാതരായ അമ്മായിയമ്മയെയും മരുമകളെയുമൊക്കെ കണ്ടുമടുത്ത വോട്ടർമാർക്കു മുന്നിൽ ലാലു കുടുംബത്തിന്റെ പുതുമയുള്ള ഐറ്റമാണ് അമ്മായിയപ്പൻ പോര്. ലാലു യാദവ് ജയിക്കുകയും റാബ്റി ദേവി തോൽക്കുകയും ചെയ്തിട്ടുള്ള സാരൻ മണ്ഡലത്തിൽ ഇക്കുറി ആർജെഡിയുടെ സ്ഥാനാർഥി ചന്ദ്രികാ റായിയാണ്. ലാലുവിന്റെ മൂത്തമകൻ തേജ് പ്രതാപ് യാദവിന്റെ പത്നി ഐശ്വര്യ റായിയുടെ അച്ഛൻ. അമ്മായിയപ്പനെതിരെ സ്വതന്ത്രനായി മൽസരിക്കുമെന്നു തേജ് പ്രതാപ് ഭീഷണി മുഴക്കി.

Bihar-Constituency-2014-Seat-Share

ഐശ്വര്യയ്ക്കെതിരെ വിവാഹമോചന ഹർജി കൊടുത്ത തേജ് പ്രതാപ് അമ്മായിയപ്പനെതിരെ നാമനിർദേശ പത്രിക സമർപ്പിക്കാനും മടിക്കില്ലെന്നാണ് കുടുംബത്തിന്റെ ആശങ്ക. തേജ് പ്രതാപ് പാർട്ടിയുടെ താരപ്രചാരകനാണെന്ന പഞ്ചാര വാക്കുമായി മരുമകന്റെ കലിപ്പു മാറ്റാൻ നോക്കുകയാണ് പാവം അമ്മായിയപ്പൻ. ലാലുവിന്റെ മകൾ മിസ ഭാരതി, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോറ്റ പാടലിപുത്ര മണ്ഡലത്തിൽ ഇക്കുറി വീണ്ടും ജനവിധി തേടുന്നുമുണ്ട്. രാജ്യസഭാംഗമായ മിസയ്ക്കു ലോക്സഭാ ടിക്കറ്റു നൽകാനായി കുടുംബത്തിൽ വാശി പിടിച്ചതും തേജ് പ്രതാപായിരുന്നു.

∙ റണ്ണൗട്ടാകുമോ കീർത്തി ആസാദ്

ബിജെപി ക്രീസ് വിട്ടു കോൺഗ്രസ് ക്രീസിലേക്ക് ഓടിയ കീർത്തി ആസാദ് റൺ ഔട്ടാകുമോ? കീർത്തി ആസാദിന്റെ സിറ്റിങ് സീറ്റായ ദർഭംഗ ആർജെഡി പിടിച്ചെടുത്തതോടെയാണു കീർത്തി ത്രിശങ്കുവിലായത്. അബ്ദുൽ ബാരി സിദ്ദിഖിയാണ് ദർഭംഗയിലെ ആർജെഡി സ്ഥാനാർഥി. ദർഭംഗയ്ക്കു പകരം ആർജെഡി കോൺഗ്രസിനു നൽകിയ വൽമീകി നഗറിൽ മൽസരിക്കാൻ കീർത്തി ആസാദിനു താൽപര്യവുമില്ല. ബിഎസ്പിക്കു ദാനം ചെയ്യാൻ തേജസ്വി യാദവ് കരുതിയിരുന്ന യുപി അതിർത്തി മണ്ഡലമായ വാൽമീകി നഗർ കോൺഗ്രസിനു നൽകാനായിരുന്നു ലാലുവിന്റെ നിർദേശം.

മൈഥിലി ബ്രാഹ്മണനായ കീർത്തി ആസാദിനെ വൽമീകി നഗറിൽ മൽസരിപ്പിക്കുന്നതു ബുദ്ധിയല്ലെന്നാണു കോൺഗ്രസിന്റെയും ചിന്ത. പകരം ജാർഖണ്ഡിലെ ധൻബാദ് സീറ്റ് നൽകാമെന്നു കീർത്തിയോട് കോൺഗ്രസ് ആശ്വാസവാക്കു പറഞ്ഞെങ്കിലും മറുപടി കിട്ടിയിട്ടില്ല. ബിജെപിയിൽ കീർത്തിയുടെ വിമത സുഹൃത്തായിരുന്ന ശത്രുഘ്നൻ സിൻഹയ്ക്കു നൽകാൻ കോൺഗ്രസിനു പട്ന സാഹിബ് സീറ്റ് എന്തായാലും കിട്ടിയിട്ടുണ്ട്. പട്ന സാബിഹിൽ ശത്രുഘ്നനും ബിജെപി സ്ഥാനാർഥി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദുമായുള്ള അങ്കം കെങ്കേമമാകും.

∙ ക്രൗഡ് ഫണ്ടിങ് വിപ്ലവം

ബേഗുസരായിയിൽ തിരഞ്ഞെടുപ്പു ചെലവിനുള്ള പണം ക്രൗഡ് ഫണ്ടിങിലൂടെ സമാഹരിച്ചു വിപ്ലവമുണ്ടാക്കാനുള്ള സിപിഐ യുവനേതാവ് കനയ്യകുമാറിന്റെ പദ്ധതി പലർക്കും അത്ര പിടിച്ചിട്ടില്ല. മഹാസഖ്യം സ്ഥാനാർഥിത്വം നിഷേധിച്ചതും തീപ്പൊരി നേതാവിന്റെ ആവേശത്തെ ബാധിച്ചിട്ടില്ല. ബിഹാറിലെ ‘ലെനിൻ സ്ക്വയർ’, ‘മോസ്കോ’ തുടങ്ങിയ ഇരട്ടപ്പേരുകളുള്ള ബേഗുസരായിയിൽ അറുപതുകൾ ‘റീലോഡ്’ ചെയ്യാനാണ് കനയ്യയുടെ ശ്രമം. ബേഗുസരായിയിൽ സിപിഐ ഒരിക്കൽ ജയിച്ച ചരിത്രമുള്ളത് 1967 ലാണ്. കഴിഞ്ഞ തവണ സിപിഐ സ്ഥാനാർഥി 1.92 ലക്ഷം വോട്ട് നേടി.

ഭൂമിഹാർ ജന്മിമാർക്കെതിരെ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഭൂരഹിത കർഷകർ നിരന്തരം പോരാടിയ ചരിത്രമാണു ബേഗുസരായിയുടേത്. ഭൂമിഹാർ സമുദായാംഗമായ കനയ്യകുമാർ തന്നെ കമ്യൂണിസ്റ്റ് സ്ഥാനാർഥിയായി എത്തിയതു വൈരുധ്യവുമായി. ഭൂമിഹാർ പ്രമുഖനായ കേന്ദ്രമന്ത്രി ഗിരിരാജ് സിങിനെ ബേഗുസരായി നിലനിർത്താൻ ബിജെപി നിയോഗിച്ചപ്പോൾ, തൻവീർ ഹസനാണ് ആർജെഡി സ്ഥാനാർഥി. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കുമ്പോൾ ബേഗുസരായിയിൽ വിപ്ലവസാധ്യത കുറയും.

∙ ടിക്കറ്റ് കച്ചവടം

മഹാസഖ്യവുമായി വിലപേശി നേടിയെടുത്ത 3 സീറ്റുകളിൽ രണ്ടെണ്ണം ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവ് ജിതിൻ റാം മാഞ്ചി വിറ്റു കാശാക്കിയെന്നാരോപിച്ചു മഹാചന്ദ്ര പ്രസാദ് പാർട്ടി ഉപാധ്യക്ഷ സ്ഥാനം രാജിവച്ചു. സീറ്റ് ഉറപ്പിച്ച ശേഷം ആർജെഡിയിൽ നിന്നു രാജിവച്ചവർക്കാണ് മാഞ്ചി ടിക്കറ്റ് നൽകിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗയ സീറ്റിൽ മൽസരിക്കുന്ന ജിതൻ റാം മാഞ്ചിക്ക് തിരഞ്ഞെടുപ്പു ചെലവിനുള്ള വകയായി.

വൽമീകി നഗറിലെ ജനതാദൾ (യു)വിന്റെ അപ്രതീക്ഷിത സ്ഥാനാർഥി വൈദ്യനാഥ് പ്രസാദ് മഹാതോ ടിക്കറ്റ് തരപ്പെടുത്തിയതും കാശു കൊടുത്താണെന്ന് ആരോപണമുണ്ടായിരുന്നു. മഹാസഖ്യത്തിൽ 5 സീറ്റുള്ള ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമതാ പാർട്ടി ഒരു സ്ഥാനാർഥിയെ മാത്രമേ പ്രഖ്യാപിച്ചിട്ടുളളൂ. കുശ്വാഹയുടെ സിറ്റിങ് സീറ്റായ കാരാകാടിലും പ്രഖ്യാപനമായിട്ടില്ല. 3 സീറ്റുള്ള വികാസ്​ശീൽ ഇൻസാൻ പാർട്ടി (വിഐപി) നേതാവ് മുകേഷ് സാഹ്നി ഉൾപ്പെടെ 2 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

∙ തട്ടകം തിരിച്ചു പിടിക്കാൻ

മോദി തരംഗത്തിൽ ബിഹാറിലെ തട്ടകങ്ങളിൽ തോൽവിയറിഞ്ഞ പ്രമുഖർ ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കാൻ സജീവമായി രംഗത്തുണ്ട്. ആർജെഡി ചിഹ്നത്തിൽ മൽസരിക്കണമെന്ന ഉപാധി അംഗീകരിച്ച് ലോക്താന്ത്രിക് ജനതാദൾ (എൽജെഡി) നേതാവ് ശരദ് യാദവ് മധേപുരയിൽ മൽസരിക്കും. ജെഡിയുവിന്റെ ദിനേശ് ചന്ദ്ര യാദവാണ് എതിരാളി. മുതിർന്ന ആർജെഡി നേതാവ് രഘുവംശ പ്രസാദ് സിങ് വൈശാലി മണ്ഡലം ലോക്ജനശക്തി പാർട്ടിയിൽ നിന്നു തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. കോൺഗ്രസ് സ്ഥാനാർഥിയായ മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാർ സസാറാം മണ്ഡലത്തിൽ വിജയം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ ഏറെ നാൾ മുൻപേ തുടങ്ങിക്കഴിഞ്ഞു.

മോദി തരംഗത്തെ അതിജീവിച്ചു കഴിഞ്ഞ തവണ എൻസിപി സ്ഥാനാർഥിയായി കതിഹാറിൽ വിജയിച്ച താരിഖ് അൻവർ ഇക്കുറി കോൺഗ്രസ് ടിക്കറ്റിലാണ്. കഴിഞ്ഞ തവണ കോൺഗ്രസിന്റെ മാനംകാത്ത രഞ്ജിത് രഞ്ജൻ സുപോലിൽ വീണ്ടും പാർട്ടി ടിക്കറ്റ് നേടിയപ്പോൾ ഭർത്താവ് പപ്പു യാദവ് വിഷമത്തിലാണ്. കഴിഞ്ഞ തവണ ആർജെഡി ടിക്കറ്റിൽ വിജയിച്ച ശേഷം പാർട്ടി വിട്ട പപ്പു യാദവിനെ ഇത്തവണ ഇരുമുന്നണികളും തഴിഞ്ഞു. മധേപുരയിൽ സ്വതന്ത്ര സ്ഥാനാർഥിയാകാനുള്ള തയാറെടുപ്പിലാണ് അദ്ദേഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com