ADVERTISEMENT

മഞ്ഞൾ കർഷകരുടെ പ്രതിഷേധം ഫലിച്ചു. നിസാമാബാദ് ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥി പ്രളയം. നാമനിർദേശ പത്രിക പിൻവലിക്കേണ്ട അവസാന ദിവസത്തിനു ശേഷവും 185 സ്ഥാനാർഥികളാണ് മത്സരരംഗത്ത്. ഇവരെ പിന്തിരിപ്പിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെയും മുഖ്യ രാഷ്ട്രീയ പാർട്ടികളുടെയും ഇടപെടൽ ഫലിച്ചില്ല. ഇത്രയും പേർ രംഗത്തുള്ളതിനാൽ ഇവിടെ വോട്ടിങ് യന്ത്രം പ്രായോഗികമല്ല. വോട്ടെടുപ്പ് ബാലറ്റ് പേപ്പറിലേക്കു മാറ്റണം.

15 ലക്ഷം വോട്ടർമാരുള്ളതിനാൽ 185 സ്ഥാനാർഥികളുടെ പേര് അച്ചടിച്ച ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പു നടക്കുന്ന ഏപ്രിൽ 11 നു മുൻപു ബൂത്തുകളിലെത്തിക്കാൻ കഴിയുമോയെന്നു സംശയം. ഇൗ സാഹചര്യത്തിൽ നിസാമാബാദിലെ തിരഞ്ഞെടുപ്പു തന്നെ മാറ്റിവച്ചാലും അദ്ഭുതപ്പെടേണ്ട. രാജ്യത്ത് ബാലറ്റ് പേപ്പറിലൂടെ വോട്ടിങ് നടക്കുന്ന ഏക മണ്ഡലമെന്ന പ്രത്യേകതയും നിസാമാബാദിനു സ്വന്തമായേക്കാം. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകൾ കവിതയാണ് ഇവിടെ ടിആർഎസ് സ്ഥാനാർഥി. കവിതയുടെ വിജയം അനായാസമെന്നു പ്രവചിക്കപ്പെട്ട ഘട്ടത്തിലാണ് കർഷകർ രംഗത്തു വരുന്നത്.

കൊച്ചിയിൽ സ്പൈസസ് ബോർഡ് ആസ്ഥാനം അനുവദിച്ചതുപോലെ ഹൈദരാബാദിൽ മഞ്ഞൾ ബോർഡ് വേണമെന്നാവശ്യപ്പെട്ടാണു കർഷക കൂട്ടായ്മ പ്രതിഷേധ സ്ഥാനാർഥികളായി രംഗത്തെത്തിയത്. ‘‘15 വർഷം മുൻപ് ഒരു ക്വിന്റൽ മഞ്ഞളിന് 15,000 രൂപയായിരുന്നു വില. ഇപ്പോഴത് 5,000 രൂപയായി. മിനിമം താങ്ങുവില പ്രഖ്യാപിക്കണമെന്നാണു ഞങ്ങളുടെ ആവശ്യം’’– കർഷക സംഘടനയായ റയത്തു ഐക്യ‌വേദി പ്രസിഡന്റ് തിരുപ്പതി റെഡ്ഡി പറഞ്ഞു. തങ്ങൾ വർഷങ്ങളായി പല സമരങ്ങളും ചെയ്തുവെങ്കിലും കുറേപ്പേർ ജയിലിലായതല്ലാതെ ഒന്നും നടന്നില്ലെന്നാണു സമരസമിതിയുടെ പരിഭവം.

ഇൗ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പു മാറ്റിവയ്പിച്ചു ശ്രദ്ധ നേടാനുള്ള നീക്കം. മത്സരരംഗത്ത് ഒരു ഘട്ടത്തിൽ 203 സ്ഥാനാർഥികൾ വരെയുണ്ടായിരുന്നു. 4 പേർ പത്രിക പിൻവലിച്ചു. 14 പേരുടെ പത്രിക തള്ളിപ്പോയി. 185 പേർ അപ്പോഴും ബാക്കി. തിരഞ്ഞെടുപ്പു കമ്മിഷന്റെ പക്കൽ ഇപ്പോഴുള്ളത് 188 ചിഹ്നങ്ങൾ മാത്രം. ഇതിൽ റജിസ്റ്റേഡ് പാർട്ടികളുടെ ചിഹ്നങ്ങൾ ഒഴിവാക്കിയാൽ പുതിയ ചിഹ്നങ്ങളും കണ്ടെത്തേണ്ടി വരും.

ചരിത്രത്തിലെ സ്ഥാനാർഥിപട

480 – 1996, നൽഗോണ്ട, ആന്ധ്രപ്രദേശ്

∙വിജയി: ബൊമ്മാഗനി ധർമഭിക്ഷാം, സിപിഐ

∙കെട്ടിവെച്ച തുക നഷ്ടപ്പെട്ടവർ: 477

456 - 1996, ബൽഗാം, കർണാടക

∙വിജയി: കെ. ശിവാനന്ദ ഹേമപ്പ, ജനതാദൾ

∙കെട്ടിവെച്ച തുക നഷ്ടപ്പെട്ടവർ: 453

122 1989, ഭിവാനി, ഹരിയാന

∙വിജയി: ബെൻസിലാൽ, കോൺഗ്രസ്

∙കെട്ടിവെച്ച തുക നഷ്ടപ്പെട്ടവർ: 120

122 1996, ഇസ്‌റ്റ് ഡൽഹി

∙വിജയി: ബി.എൽ. ശർമ, ബിജെപി

∙കെട്ടിവെച്ച തുക നഷ്ടപ്പെട്ടവർ: 120

105 1991, ഈസ്റ്റ് ഡൽഹി

∙വിജയി: ബി.എൽ.ശർമ, ബിജെപി

∙കെട്ടിവെച്ച തുക നഷ്ടപ്പെട്ടവർ: 102 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com