ADVERTISEMENT

ഇന്ത്യൻ സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങൾ പാക്കിസ്ഥാൻ എണ്ണിക്കൊണ്ടിരിക്കുന്നതിനിടയിൽ ഇന്ത്യയിലെ പ്രതിപക്ഷം അതിന് തെളിവ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാന, ആന്ധ്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പ് റാലികളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുദ്രാവാക്യങ്ങൾ മുഴക്കുന്നവരെയല്ല, ഉറച്ച തീരുമാനങ്ങളെടുക്കുന്നവരെയാണ് അടുത്ത തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 5 വർഷം കൊണ്ട് സർക്കാർ 8 ലക്ഷം കുടുംബങ്ങൾക്ക് വീടുവച്ചുകൊടുത്തു. 40 ലക്ഷം വീടുകളിൽ പാചകവാതകം എത്തിച്ചു. ഉപഗ്രഹം തകർക്കാനുള്ള ശേഷി തെളിയിച്ചു. ഇതിനെ വിമർശിക്കുന്ന പ്രതിപക്ഷത്തിനു തിരഞ്ഞെടുപ്പിൽ ഉചിതമായ മറുപടി നൽകുകയാണ് വേണ്ടത്. പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ ആക്രമണം നടത്തിയതിന് തെളിവ് ചോദിക്കുന്ന പ്രതിപക്ഷത്തിന്റെ അവസ്ഥ ദയനീയമാണ്. സൈന്യത്തെയും ശാസ്ത്രജ്ഞരെയും അവഹേളിക്കുന്നവരെ ശിക്ഷിക്കേണ്ടേ?– മോദി ചോദിച്ചു.

ഈ തിരഞ്ഞെടുപ്പിൽ മത്സരമില്ലെന്നും 2014 ൽ കിട്ടിയതിനേക്കാൾ ഭൂരിപക്ഷം ലഭിക്കുമെന്നും 300 സീറ്റോടുകൂടി എൻഡിഎ സർക്കാർ രൂപീകരിക്കുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. പ്രതിപക്ഷത്തിനു നേതാവോ നയമോ ഇല്ല. പ്രതിപക്ഷ നേതാക്കൾ സ്വന്തം കുടുംബങ്ങളെപ്പറ്റി മാത്രം ചിന്തിക്കുന്നു. ദലിതർക്കോ ദുർബലർക്കോ പാവങ്ങൾക്കോ അവർ ഒരു ഗുണവും ചെയ്യില്ല. സമയമാകും മുൻപെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുകയും പൂർണ മന്ത്രിസഭ രൂപീകരിക്കാൻ വലിയ കാലതാമസം വരുത്തുകയും ചെയ്ത തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, ജ്യോത്സ്യന്റെ ശുപ്രാ‍ശയനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തെലങ്കാനയുടെ ഭാവി നിശ്ചയിക്കേണ്ടത് ജനങ്ങളാണോ ജ്യോത്സ്യനാണോ– മോദി ചോദിച്ചു. ഒഡീഷ പ്രകൃതിവിഭവങ്ങളാൽ സമൃദ്ധമാണെങ്കിലും ജനങ്ങൾ ദരിദ്രരാണ്. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ഇരട്ട എൻജിനുള്ള സർക്കാർ വന്നാലെ ഒഡിഷയിലെ ജനങ്ങൾക്കു പ്രയോജനമുണ്ടാകൂ എന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com