ലൈസൻസ് റദ്ദ് ചെയ്ത ഓഫിസറെ വെടിവച്ചു കൊന്നശേഷം ആത്മഹത്യ

Mail This Article
മൊഹാലി ∙ തന്റെ മരുന്നുകടയുടെ ലൈസൻസ്, റെയ്ഡ് നടത്തി റദ്ദാക്കിയ വനിതാ ഓഫിസറെ ഓഫിസിൽ കയറി വെടിവച്ചു കൊന്നശേഷം കടയുടമ ആത്മഹത്യ ചെയ്തു. പഞ്ചാബിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിലെ (എഫ്ഡിഎ) വനിതാ ഓഫിസർ നേഹാ ഷോരി (36) ആണു കൊല്ലപ്പെട്ടത്. വെടിവച്ച ബൽവിന്ദർ സിങ്ങിനെ (50) ആളുകൾ തടഞ്ഞു നിർത്തിയപ്പോൾ സ്വയം നിറയൊഴിച്ചു മരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണത്തിന് പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിങ് ഉത്തരവായി.
പഞ്ച്കുള സ്വദേശിനിയായ നേഹാ ഷോരി 2016 മുതൽ ലൈസൻസിങ് അതോറിറ്റിയായി ജോലി നോക്കിവരികയായിരുന്നു. 2009ൽ ബൽവിന്ദർ സിങ്ങിന്റെ കടയിൽനിന്നു ലഹരിമരുന്നു ഗുളികകൾ കണ്ടെത്തിയതിനെ തുടർന്ന് ഇവർ ലൈസൻസ് റദ്ദാക്കിയതാണു വൈരാഗ്യത്തിനു കാരണം.
ഇന്നലെ രാവിലെ പത്തരയോടെ ബൈക്കിൽ ഓഫിസിലെത്തിയ ബൽവിന്ദർ സിങ് നേഹയുടെ നേരെ വെടിയുതിർക്കുകയായിരുന്നു.തുടർന്നു രക്ഷപ്പെടാൻ ഇയാൾ നടത്തിയ ശ്രമം ഓഫിസിലുള്ളവർ തടസ്സപ്പെടുത്തിയപ്പോൾ നെഞ്ചിലും തലയിലും നിറയൊഴിച്ചു ജീവനൊടുക്കുകയായിരുന്നു. നേഹയുടെ ഭർത്താവ് ബാങ്ക് ഉദ്യോഗസ്ഥനാണ്. രണ്ടു വയസ്സുള്ള മകളുണ്ട്. ബൽവിന്ദർ സിങ്ങിനു ഭാര്യയും രണ്ടു പെൺമക്കളും മകനുമാണുള്ളത്.