രാഹുലിന്റെ ബിരുദം: ജയ്റ്റ്‌ലിയുടെ ആരോപണത്തിന് കേംബ്രിജിന്റെ മറുപടി; 2009ൽ തന്നെ!

Jaitley,-Rahul
SHARE

ന്യൂഡൽഹി∙ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ബിരുദം വിവാദമായ പശ്ചാത്തലത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്തു ബിജെപി. ബിരുദാനന്തര ബിരുദമില്ലാതെയാണു രാഹുൽ ഗാന്ധി എംഫിൽ നേടിയതെന്ന ആരോപണവുമായി കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിയാണു സ്മൃതിയുടെ രക്ഷയ്ക്കെത്തിയത്. 

‘ഇപ്പോൾ ബിജെപി സ്ഥാനാർഥിയുടെ വിദ്യാഭ്യാസ യോഗ്യതയാണു ചർച്ചാ വിഷയം. രാഹുൽ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. എങ്ങനെയായാലും, ബിരുദാനന്തര ബിരുദമില്ലാതെയാണു രാഹുലിനു എംഫിൽ കിട്ടിയത്’– അരുൺ ജയ്റ്റ്ലി ബ്ലോഗിൽ കുറിച്ചു. 

ബിരുദമുണ്ടെന്നു മുൻപ് അവകാശപ്പെട്ട സ്മൃതി ഇറാനി ഇപ്പോൾ ബിരുദമില്ലെന്നു സമ്മതിച്ചതിനെ പരിഹസിച്ചു കോൺഗ്രസ് രംഗത്തെത്തിയിരുന്നു. സ്മൃതി ഇറാനി മുൻപ് അഭിനിയച്ച സീരിയലിനെ പരാമർശിച്ച് ‘ക്യോംകി മന്ത്രി ഭി കഭി ഗ്രാജ്വേറ്റ് ഥീ’ (മന്ത്രിയും ഒരിക്കൽ ബിരുദധാരി ആയിരുന്നു) എന്നായിരുന്നു കോൺഗ്രസിന്റെ പരിഹാസം.

‘രാഹുൽ എംഫിൽ ബിരുദധാരി, മിടുക്കനായ വിദ്യാർഥി’ 

ന്യൂഡൽഹി∙ രാഹുൽ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യതയെ സംബന്ധിച്ചു 10 വർഷങ്ങൾക്കു മുൻപു വിവാദമുണ്ടായിരുന്നു. 2009 ൽ അമേഠി മണ്ഡലത്തിൽ രാഹുൽ ഗാന്ധി സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിദ്യാഭ്യാസ യോഗ്യത ചില മാധ്യമങ്ങൾ ചോദ്യം ചെയ്തു. തുടർന്ന് രാഹുൽ പഠിച്ച കേംബ്രിജ് സർവകലാശാല തന്നെ വിശദീകരണവുമായി രംഗത്തെത്തി. 

ലണ്ടനിലെ ട്രിനിറ്റി കോളജ് വിദ്യാർഥിയായിരുന്ന രാഹുൽ ഗാന്ധി ഡവലപ്‌മെന്റ് സ്‌റ്റഡീസിൽ കേംബ്രിജ് സർവകലാശാലയിൽ എംഫിൽ ബിരുദധാരിയാണെന്ന് അന്ന് വൈസ് ചാൻസലറായിരുന്ന അലിസൺ റിച്ചാർഡ് വ്യക്‌തമാക്കി. 1994 ഒക്‌ടോബർ മുതൽ 1995 ജൂലൈ വരെ കേംബ്രിജിലെ ട്രിനിറ്റി കോളജ് വിദ്യാർഥിയായ രാഹുൽ മിടുക്കനായ വിദ്യാർഥിയായിരുന്നുവെന്നും അവർ അന്ന് അയച്ച കത്തിൽ പറഞ്ഞിരുന്നു. ഈ കത്തും രാഹുലിന്റെ എംഫിൽ ബിരുദ സർട്ടിഫിക്കറ്റിന്റെ പകർപ്പും അന്ന് കോൺഗ്രസ് പുറത്തുവിടുകയും ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA