ADVERTISEMENT

ന്യൂഡൽഹി∙ സായുധ സേനകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയവൽക്കരിക്കുകയാണെന്നു കുറ്റപ്പെടുത്തി, ദേശീയ സുരക്ഷ സംബന്ധിച്ച നയരേഖ കോൺഗ്രസ് പുറത്തിറക്കി. ആഗോള സൈനിക ശക്തിയാക്കി ഇന്ത്യയെ മാറ്റുക, അയൽ രാജ്യങ്ങളിൽ നിന്നുള്ള ഭീഷണി ഫലപ്രദമായി നേരിടുക, ജമ്മു കശ്മീർ അടക്കം ആഭ്യന്തര സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കുക, ജനസുരക്ഷ ഉറപ്പാക്കുക എന്നിവയിലൂന്നിയുള്ള സുരക്ഷാനയം അധികാരത്തിലെത്തിയാൽ പാർട്ടി നടപ്പാക്കുമെന്നു മുതിർന്ന നേതാക്കളായ പി.ചിദംബരം, ജയറാം രമേശ് എന്നിവർ വ്യക്തമാക്കി. 

ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ദേശീയ സുരക്ഷാ കൗൺസിൽ എന്നിവയുടെ പ്രവർത്തനത്തെ പാർലമെന്റിനു കീഴിൽ കൊണ്ടുവരും; ചെയ്യുന്ന പ്രവൃത്തികൾക്കു പാർലമെന്റിനോട് ഉത്തരം പറയാൻ അവയെ ബാധ്യസ്ഥമാക്കും. 

നിലവിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വ്യാപകമായി അധികാര ദുർവിനിയോഗം നടത്തുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് കോൺഗ്രസ് സുരക്ഷാസമിതികളുടെ നവീകരണം രേഖയിൽ ഉൾപ്പെടുത്തിയത്. 

2016ൽ പാക്ക് അധിനിവേശ കശ്മീരിൽ (പിഒകെ) ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനു നേതൃത്വം നൽകിയ വടക്കൻ സേനാ കമാൻഡ് മുൻ മേധാവി ലഫ്. ജനറൽ (റിട്ട) ഡി.എസ്. ഹൂഡ തയാറാക്കി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു കൈമാറിയ റിപ്പോർട്ട് ആണു പാർട്ടി പുറത്തിറക്കിയത്. അതിർത്തിസുരക്ഷ ശക്തമാക്കുന്നതിനു പുറമെ, തീരദേശ സുരക്ഷയ്ക്കു ഫലപ്രദ സംവിധാനമൊരുക്കുമെന്നും നയരേഖ ചൂണ്ടിക്കാട്ടി. 

രേഖയിലെ പ്രധാന  വാഗ്ദാനങ്ങൾ:

∙ തീരദേശ സുരക്ഷയ്ക്കുള്ള വിവിധ ഏജൻസികളെ ഒരു കുടക്കീഴിൽ (ദേശീയ തീരദേശ അതോറിറ്റി) കൊണ്ടുവരും.ഇതിനായി തീരദേശ സുരക്ഷാ ബിൽ കൊണ്ടുവരും. 

∙ രാജ്യസുരക്ഷാ കാര്യങ്ങളിൽ കേന്ദ്ര സർക്കാരിനെ ഉപദേശിക്കാൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് പദവിയിൽ മുതിർന്ന ഉദ്യോഗസ്ഥനെ നിയോഗിക്കും. 

∙ പ്രതിരോധ മേഖലയിലെ ഗവേഷങ്ങൾക്ക് ഊന്നൽ. യുഎസ്, റഷ്യ, ഇസ്രയേൽ, ഫ്രാൻസ് എന്നീ രാജ്യങ്ങളുമായി ചേർന്നു ഗവേഷണ സംരംഭങ്ങൾ.

∙ പ്രതിരോധ നിർമാണ മേഖലയിൽ പൊതുമേഖലയെ ശക്തിപ്പെടുത്തും. ഒപ്പം,സ്വകാര്യ സംരംഭങ്ങൾക്കു കൈത്താങ്ങ്.

∙ സൈബർ ആക്രമണങ്ങൾ നേരിടാൻ സൈബർ കമാൻഡ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com