ADVERTISEMENT

ന്യൂഡൽഹി∙ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങും സിപിഐ യുവനേതാവ് കനയ്യ കുമാറും അടക്കം ലോക്സഭാ തിരഞ്ഞെടുപ്പിലെ 4–ാം ഘട്ടത്തിൽ മത്സരരംഗത്തുള്ളത് 957 സ്ഥാനാർഥികൾ. 9 സംസ്ഥാനങ്ങളിലായി 72 സീറ്റുകളിലേക്കാണ് ഇന്നു വോട്ടെടുപ്പ്. 3 ഘട്ടമായി വോട്ടെടുപ്പു നടക്കുന്ന ജമ്മു കശ്മീരിൽ അനന്ത്നാഗ് മണ്ഡലത്തിലെ ഏതാനും ബൂത്തുകളിലും ഇന്നു പോളിങ് നടക്കും. മേയ് 6 നാണ് 5–ാം ഘട്ട വോട്ടെടുപ്പ്. 12നും 19നുമായി ആറും ഏഴും ഘട്ടങ്ങളും നടക്കുന്നതോടെ വോട്ടെടുപ്പു പൂർത്തിയാവും. 

ഈ മണ്ഡലങ്ങളിൽ 2014 ൽ 56 എണ്ണവും ബിജെപി നേടിയതാണ്. കോൺഗ്രസിനു ലഭിച്ചത് 2 സീറ്റ് മാത്രം. മറ്റു കക്ഷികൾ: തൃണമൂൽ (6), ബിജെഡി (6). 

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി തൂത്തുവാരിയ രാജസ്ഥാനിലും മധ്യപ്രദേശിലും വോട്ടെടുപ്പ് ഈ ഘട്ടത്തിലാണ്. കഴിഞ്ഞ വർഷം ഇരു സംസ്ഥാനങ്ങളിലും അധികാരം പിടിച്ച കോൺഗ്രസ് തിരിച്ചുവരവിനുള്ള പടനീക്കത്തിലും.

രാജസ്ഥാൻ: തെക്കൻ രാജസ്ഥാനിലെ 13 സീറ്റുകളിലേക്കാണ് ഇന്നു വോട്ടെടുപ്പ്. മേയ് ആറിനാണു ബാക്കി 12 സീറ്റുകളിലേക്ക്. 13 ഇടത്തായി 121 സ്ഥാനാർഥികൾ. കേന്ദ്രമന്ത്രിമാരായ പി.പി. ചൗധരി, ഗജേന്ദ്ര സിങ് ഷെഖാവത്ത്, മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ വൈഭവ് ഗെലോട്ട് എന്നിവരാണു പ്രമുഖ സ്ഥാനാർഥികൾ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 25 സീറ്റുകളും ബിജെപി നേടി.   

യുപി: 13 മണ്ഡലങ്ങളിലായി 142 പേർ. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവ്, അജയ് കുമാർ മിശ്ര, സാക്ഷി മഹാരാജ്, സൽമാൻ ഖുർഷിദ് എ‌ന്നിവരും ഇന്നു ജനവിധി തേടുന്നു.

ബംഗാൾ: 8 മണ്ഡലങ്ങളിലായി 68 പേർ. തൃണമൂൽ സ്ഥാനാർഥി മൂൺ മൂൺ സെൻ, കേന്ദ്ര സഹമന്ത്രി ബാബുൽ സുപ്രിയോ, എസ്.എസ്. അലുവാലിയ എന്നിവരാണ് ഇവരിലെ പ്രമുഖർ. 

മഹാരാഷ്ട്ര: അവസാനഘട്ട പോളിങ്. 17 സീറ്റും എല്ലാം ബിജെപി–ശിവസേന സഖ്യം സിറ്റിങ് മണ്ഡലങ്ങളാണ്. കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാമ്രെ, മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ,‌ ‌പ്രിയ ദത്ത്, ശരദ് പവാറിന്റെ സഹോദരന്റെ കൊച്ചുമകൻ പാർഥ് പവാർ, നടി ഊർമിള മാതോംഡ്കർ,പൂനം മഹാജൻ, ഏക സിപിഎം സ്ഥാനാർഥി ജെ.പി. ഗാവിത്ത്  എന്നിവർ പ്രമുഖർ. 

ബിഹാർ: 5 മണ്ഡലങ്ങളിലായി 66 സ്ഥാനാർഥികൾ. കേന്ദ്രമന്ത്രി ഗിരിരാജ് സിങ്, സിപിഐ യുവ നേതാവ് കനയ്യ കുമാർ, ലോക്സഭയിലേക്കു നാലാം അവസരം തേടുന്ന റാംചന്ദ്ര പാസ്വാൻ, ആർഎൽസിപി നേതാവ് ഉപേന്ദ്ര ഖുഷ്‌വ എ‌ന്നിവരും മത്സരരംഗത്തുണ്ട്. 

ജാർഖണ്ഡ്: 3 മണ്ഡലങ്ങളിലേക്കു മത്സരിക്കുന്നത് 59 പേർ. ലോഹർദാഗയിൽ നിന്നു കേ‌ന്ദ്രമന്ത്രി സുദർശൻ ഭഗത് ജനവിധി തേടുന്നു. 

മധ്യപ്രദേശ്: ഈ ഘട്ടത്തിൽ വോട്ടെടുപ്പു നടക്കുന്ന 6 സീറ്റുകളിലായി 108 സ്ഥാനാർഥികൾ. മുഖ്യമന്ത്രി കമൽനാഥിന്റെ മകൻ നകുൽ നാഥിന്റെ സീറ്റും ഇതിൽപെടുന്നു. 

ഒഡീഷ: മത്സരം ആറിടത്ത്. രബീന്ദ്ര കുമാർ ജയന്ത്, ബൈജയന്ത് പാണ്ഡ എന്നിവരുടെ പോരാട്ടം ശ്രദ്ധേയം. സംസ്ഥാനത്തു സ്ഥാനാർഥിയുടെ മരണം മൂലം വോട്ടെടുപ്പു നീട്ടിയ ഒരു മണ്ഡലത്തിലൊഴികെ എല്ലായിടത്തും ഇന്നു വോട്ടെടുപ്പു പൂർത്തിയാകുന്നു. ഒഡീഷയിൽ നിയമസഭയിലേക്കും ലോക്സഭയിലേക്കും ഒരുമിച്ചാണു തിരഞ്ഞെടുപ്പു നടക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com