ADVERTISEMENT

ന്യൂഡൽഹി ∙ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ഐക്യരാഷ്ട്ര സംഘടന (യുഎൻ) ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ, ഭീകരതയ്ക്കെതിരെ പ്രത്യക്ഷ നടപടിക്കു നിർബന്ധിതമായി പാക്കിസ്ഥാൻ. മസൂദിനു യാത്രാവിലക്ക് ഏർപ്പെടുത്തിയതായും സ്വത്തുക്കളും മറ്റു സമ്പാദ്യങ്ങളും മരവിപ്പിച്ചതായും പാക്ക് സർക്കാർ വ്യക്തമാക്കി. 10 വർഷമായി പാക്ക് ഭീകരതയ്ക്കെതിരെ ഇന്ത്യ നടത്തുന്ന നയതന്ത്ര യുദ്ധത്തിന്റെ വിജയമാണു ബുധനാഴ്ചത്തെ യുഎൻ രക്ഷാസമിതി തീരുമാനം.

മുൻപ് 4 വട്ടം രക്ഷാസമിതിയുടെ ഉപസമിതിയിൽ അസ്ഹറിനെതിരെ കൊണ്ടുവന്ന പ്രമേയം വീറ്റോ അധികാരം ഉപയോഗിച്ച് തടഞ്ഞ ചൈന ഇത്തവണ എതിർത്തില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് 3 ഘട്ടം കൂടി നടക്കാനിരിക്കെ, യുഎൻ തീരുമാനം പ്രചാരണത്തിലും ചൂടുള്ള വിഷയമായി. ആയുധ വിലക്ക്, യാത്രാവിലക്ക്, സ്വത്തു മരവിപ്പിക്കൽ എന്നീ നടപടികളാണു ഭീകര നേതാവിനെതിരെ നടപ്പിലാക്കേണ്ടത്. ഉപരോധം എല്ലാം അംഗരാജ്യങ്ങളും അടിയന്തരമായി നടപ്പിലാക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പ്രത്യാശ പ്രകടിപ്പിച്ചു. പാക്കിസ്ഥാനിലെ ഭീകരത തുടച്ചുനീക്കാനുള്ള രാജ്യാന്തര പ്രതിബദ്ധതയുടെ പ്രകടനമാണ് യുഎൻ പ്രഖ്യാപനമെന്നും ദക്ഷിണേഷ്യയിൽ സുരക്ഷയും സ്ഥിരതയും കൊണ്ടുവരികയാണു ലക്ഷ്യമെന്നും യുഎസ് വ്യക്തമാക്കി.

ഫെബ്രുവരി 14നു പുൽവാമയിൽ 40 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ട ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. തൊട്ടുപിന്നാലെ യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ ബ്രിട്ടനും ഫ്രാൻസും യുഎസും ചേർന്നാണു മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാൻ ഉപസമിതിയിൽ പ്രമേയം കൊണ്ടുവന്നത്. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ചൈന മാർച്ച് 13ന് ഇതു വീറ്റോ ചെയ്തതോടെ, ഈ രാജ്യങ്ങൾ രക്ഷാസമിതിയിൽ നേരിട്ടു പുതിയ പ്രമേയം കൊണ്ടുവരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചയിൽ വീറ്റോ ചെയ്യാനുള്ള കാരണം വ്യക്തമാക്കണമെന്നിരിക്കെ, ചൈന രാജ്യാന്തര സമ്മർദത്തിനു വഴങ്ങി.

അൽ ഖായിദയുമായി കൂട്ടുചേർന്നു നടത്തിയ ഭീകരപ്രവർത്തനങ്ങളുടെ പേരിലാണു മേയ് 1 നു രക്ഷാസമിതി അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. എന്നാൽ, യുഎൻ പ്രഖ്യാപനത്തിൽ പുൽവാമയിലെ ചാവേറാക്രമണമോ കശ്മീരിലെ മറ്റു ഭീകരാക്രമണങ്ങളോ പരാമർശിച്ചിട്ടില്ല. യുഎൻ നടപടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര വിജയമാണെന്നു കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. എന്നാൽ, യുഎൻ നടപടി ‘പ്രതീകാത്മക വിജയം’ മാത്രമാണെന്നു നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല പറഞ്ഞു.

5 വർഷം ഇന്ത്യൻ ജയിലിൽ; ‘കാണ്ടഹാറി’ലൂടെ പുറത്ത്

20 വർഷം മുൻപ് ഇന്ത്യ വിട്ടയച്ച പാക്ക് ഭീകരനാണ് മസൂദ് അസ്ഹർ (50). ഫെബ്രുവരിയിൽ 40 സിആർപിഎഫ് ജവാൻമാരുടെ ജീവനെടുത്ത പുൽവാമ ചാവേറാക്രമണം അടക്കം നാൽപതോളം ഭീകരാക്രമണങ്ങൾ ഇന്ത്യയിൽ നടത്തിയ ജയ്ഷെ മുഹമ്മദിന്റെ സ്ഥാപകൻ. ലഷ്കറെ തയിബ കഴിഞ്ഞാൽ പാക്കിസ്ഥാനിലെ ഏറ്റവും വലിയ ഭീകരസംഘടനയാണ് ജയ്ഷെ മുഹമ്മദ്.

1994 ഫെബ്രുവരിയിൽ ദക്ഷിണ കശ്മീരിലെ അനന്ത്നാഗിൽ നിന്ന് അറസ്റ്റിലായ ശേഷം 5 വർഷം ഇന്ത്യയിൽ ജയിലിലായിരുന്നു.1999ൽ ഇന്ത്യൻ എയർലൈൻസ് വിമാനം പാക്ക് ഭീകരർ കാണ്ടഹാറിലേക്കു തട്ടിക്കൊണ്ടുപോയി യാത്രക്കാരെ ബന്ദികളാക്കിയതോടെ അസ്ഹറിനെ ഉൾപ്പെടെ മോചിപ്പിക്കാൻ ഇന്ത്യ നിർബന്ധിതമായി. അൽ ഖായിദ തലവനായിരുന്ന ഉസാമ ബിൻ ലാദന്റെ സഹായത്തോടെയാണ് ജയ്ഷെ മുഹമ്മദ് സ്ഥാപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com