ADVERTISEMENT

ന്യൂഡൽഹി ∙ 7 സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലായി നടന്ന ആറാംഘട്ട വോട്ടെടുപ്പിൽ പലയിടത്തും സംഘർഷം.

ബംഗാളിൽ തിരഞ്ഞെടുപ്പിനു തലേന്നു രാത്രി 2 പേർ കൊല്ലപ്പെട്ടു. ജാർഗ്രാം ജില്ലയിലെ ഗോപിബല്ലവ്പുരിൽ ബിജെപി പ്രവർത്തകൻ രമൺ സിങ്ങാണ്(46) കൊല്ലപ്പെട്ടത്.

സംഭവത്തിനു പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്നു ബിജെപി ആരോപിച്ചു.

ഈസ്റ്റ് മിഡ്നാപുർ ജില്ലയിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. ബിഹാറിലെ ഷ്യോഹർ മണ്ഡലത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റു പോളിങ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു.

ബംഗാളിലെ ഘട്ടൽ മണ്ഡലത്തിലെ കേശ്പുർ ഗ്രാമത്തിൽ തൃണമൂൽ പ്രവർത്തകരുടെ ആക്രമണത്തിൽ ബിജെപി സ്ഥാനാർഥി ഭാരതി ഘോഷിനു പരുക്കേറ്റു.

പോളിങ് ബൂത്തിലെത്തിയ ഭാരതിയെ തൃണമൂൽ പ്രവർത്തകർ തടഞ്ഞതാണു സംഘർഷത്തിൽ കലാശിച്ചത്. ഭാരതിയുടെ കാറിനുനേരെ നാടൻ ബോംബ് എറിഞ്ഞ തൃണമൂൽ പ്രവർത്തകരെ ബിജെപിക്കാർ നേരിട്ടു.

ആക്രമണത്തിൽ നിന്നു രക്ഷപ്പെടാൻ സമീപത്തെ ക്ഷേത്രത്തിൽ അഭയം തേടിയ ഭാരതി പിന്നീടു മതിൽ ചാടിക്കടന്നു പൊലീസ് സ്റ്റേഷനിലെത്തി.

സംഭവത്തെക്കുറിച്ചു ജില്ലാ മജിസ്ട്രേട്ടിൽ നിന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ റിപ്പോർട്ട് തേടി. മിഡ്നാപ്പുരിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലിപ് ഘോഷ് പോളിങ് ബൂത്തിൽ കയറാൻ ശ്രമിച്ചതു നേരിയ സംഘർഷത്തിനിടയാക്കി.

തെക്കൻ ഡൽഹിയിൽ ബിജെപി വ്യാപകമായി കള്ളവോട്ട് ചെയ്തെന്ന് ആം ആദ്മി പാർട്ടി സ്ഥാനാർഥി രാഘവ് ഛദ്ദ ആരോപിച്ചു.

ഹരിയാനയിൽ മന്ത്രി മനീഷ് ഗ്രോവറിന്റെ നേതൃത്വത്തിൽ ബൂത്തുപിടിത്തം നടന്നതായി റോത്തക്കിലെ കോൺഗ്രസ് സ്ഥാനാർഥി ദീപേന്ദർ സിങ് ഹൂഡ ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com