ADVERTISEMENT

ന്യൂഡൽഹി ∙പൊതു തിരഞ്ഞെടുപ്പിൽ ബംഗാളിൽ വോട്ടെടുപ്പിന്റെ ഒരു ഘട്ടം കൂടി ബാക്കി നിൽക്കെ, സിപിഎം നേതൃനിരയിൽ ബിജെപിയെച്ചൊല്ലി തർക്കം. ബംഗാളിൽ ബിജെപി സ്ഥിതി മെച്ചപ്പെടുത്തുമെന്ന പരാമർശത്തിനു മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പാർട്ടിക്ക് രേഖാമൂലം വിശദീകരണം നൽകി.

ബംഗാളിൽ ബിജെപിക്കു നേട്ടമുണ്ടാകുമെന്നും എന്നാൽ പാർട്ടി അധ്യക്ഷൻ അമിത് ഷാ വിചാരിക്കുംപോലെ 23 സീറ്റ് ലഭിക്കില്ലെന്നുമാണ് ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ കാരാട്ട് പറഞ്ഞത്. അസമയത്തുള്ള പരാമർശത്തിനു വിശദീകരണം ചോദിക്കണമെന്ന് ബംഗാൾ ഘടകം നേതൃത്വത്തോട് ആവശ്യപ്പെട്ടു.

വിശദീകരണം ആവശ്യപ്പെട്ടെന്ന് ബംഗാൾ സെക്രട്ടറി സൂർജ്യകാന്ത മിശ്ര ഇന്നലെ സ്ഥിരീകരിച്ചു. കാരാട്ട് രേഖാമൂലം നൽകിയ വിശദീകരണത്തിൽ ഇങ്ങനെ വ്യക്തമാക്കി: ‘ബിജെപി സ്ഥിതി മെച്ചപ്പെടുത്തുമെന്നു ഞാൻ പറഞ്ഞതായി ചാനൽ നൽകിയ വാർത്ത എന്റെ പരാമർശം വളച്ചൊടിച്ചുള്ളതാണ്.

ധ്രുവീകരണമുണ്ടാക്കാൻ തൃണമൂലും ബിജെപിയും ശ്രമിക്കുന്നുണ്ടെന്നും ഇടതിനെ പാർശ്വവൽകരിക്കാനാണ് അതിലൂടെ അവർ താൽപര്യപ്പെടുന്നതെന്നുമാണ് ഞാൻ പറഞ്ഞത്.’ ബിജെപി പരാജയപ്പെടുമെന്നും മതനിരപേക്ഷ സർക്കാരുണ്ടാകുമെന്നും, കോൺഗ്രസ് മൂന്നക്കം കടന്നേക്കില്ലാത്ത സ്ഥിതിയിൽ പ്രാദേശിക, മതനിരപേക്ഷ കക്ഷികളും ചേർന്ന് കൂട്ടുകക്ഷി സർക്കാരുണ്ടാക്കാൻ സാധിക്കുമെന്നും താൻ പറഞ്ഞതായി കാരാട്ട് വിശദീകരിച്ചു.

കഴിഞ്ഞ ദിവസം ബംഗാളിലെ പാർട്ടി മുഖപത്രമായ ഗണശക്തിക്കു നൽകിയ അഭിമുഖത്തിൽ, പാർട്ടിക്കാർ ബിജെപി അനുകൂല നിലപാടെടുക്കുന്നതിനെ ബുദ്ധദേവ് ഭട്ടചാര്യ വിമർശിച്ചിരുന്നു. തൃണമൂൽ എന്ന വറചട്ടിയിൽനിന്ന് ബിജെപിയെന്ന എരിതീയിലേക്കു പോകുന്നതുകൊണ്ടു പ്രയോജനമില്ലെന്നും തൃണമൂലല്ല, ബിജെപിയാണ് മുഖ്യശത്രുവെന്നും ബുദ്ധദേവ് പറഞ്ഞു. ബുദ്ധദേവിന്റെ നിലപാട് മണിക് സർക്കാരും ആവർത്തിച്ചു.

തൃണമൂലിൽനിന്നു സ്വാതന്ത്ര്യം നേടാൻ ബിജെപിയെ തിരഞ്ഞെടുക്കുകയെന്നത് പിഴവായിരിക്കുമെന്നും ആ അബദ്ധം കാണിക്കരുതെന്നും മണിക് പറഞ്ഞു. ബിജെപിക്കു വോട്ടു ചെയ്യുന്നത് സ്വയം നശീകരണമായിരിക്കുമെന്നും അദ്ദേഹം പാർട്ടിക്കാർക്കു മുന്നറിയിപ്പു നൽകി. നേരത്തേ, ബംഗാളിൽ തൃണമൂലിനെയും ദേശീയതലത്തിൽ ബിജെപിയെയും പരാജയപ്പെടുത്തണമെന്നാണ് സിപിഎം പറഞ്ഞിരുന്നത്. തൃണമൂലിനെ എതിർക്കാൻ കെൽപുള്ളവരെന്ന പേരിൽ ബിജെപിക്ക് ഇടതുപക്ഷക്കാരെ ആകർഷിക്കാനും സാധിക്കുന്നുവെന്ന വിലയിരുത്തലിലാണു തൃണമൂലല്ല, ബിജെപിയാണ് മുഖ്യശത്രുവെന്ന നിലപാടു മാറ്റം.

ബിജെപിയെ എതിരിടുന്നതിന്റെ ഭാഗമായി ഇടതുമായി തൃണമൂൽ രഹസ്യധാരണയുണ്ടാക്കുന്നതായി നേരത്തേതന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ആദ്യം വിവാദമായത് കോൺഗ്രസ് ബന്ധം കോൺഗ്രസുമായി കൂട്ടുകെട്ടുണ്ടാക്കുന്നതിനെച്ചൊല്ലിയായിരുന്നു കാരാട്ട്പക്ഷവും ബംഗാൾ ഘടകവും തമ്മിലുള്ള ആദ്യ ഏറ്റുമുട്ടൽ.

ഇപ്പോഴത് ബിജെപിയെച്ചൊല്ലിയായി. എന്നാൽ, പാർട്ടിക്കാർ വലിയ തോതിൽ ബിജെപിയിലേക്ക് കൂടുമാറുകയോ ബിജെപിയെ പിന്തുണയ്ക്കുകയോ ചെയ്യുന്നതിന്റെ ജാള്യം മറയ്ക്കാനാണു ബംഗാളുകാർ വിവാദമുണ്ടാക്കുന്നതെന്നാണു കാരാട്ട്പക്ഷത്തിന്റെ വിമർശനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com